ആരോഗ്യം നൽകും ഈ പാനീയങ്ങൾ

ഈ മേടച്ചൂടിന് ഇടവം പകുതി കഴിയാതെ ഇനി ശമനമുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് ഏറെക്കുറെ ഒരു മാസംകൂടി നമുക്ക് ദാഹിച്ചുകൊണ്ടിരിക്കും. പണ്ട് നിലവിലുണ്ടായിരുന്ന പരമ്പരാഗതമായി ഉപയോഗിച്ചുകൊണ്ടിരുന്ന നാട്ടു കുടികളാണ് ഇവിടെ പറയുന്നത്. ദാഹം ശമിപ്പിച്ച് ആരോഗ്യം നൽകുന്നതായിരുന്നു ഈ പാനീയങ്ങൾ. വീട്ടിൽ എപ്പോഴും തയാറാക്കി വയ്ക്കാവുന്ന ഈ നാട്ടു പാനീയങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കൂ.‌

തഴുതാമ നീര്

1. തഴുതാമ തണ്ടും ഇലയും (ഒരു പിടി)
2. പച്ചമഞ്ഞൾ (ഒരു വലിയ കഷണം)

തഴുതാമ വേരോടു കൂടി പിഴുതെടുത്ത് കഴുകി വൃത്തിയാക്കി ചെറുതായി മുറിക്കുക. അത് അഞ്ചു ഗ്ലാസ്സ് ശുദ്ധജലത്തിലിട്ട് തിളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോൾ തീ കുറയ്ക്കുക. ചൂട് കുറയുമ്പോൾ പച്ചമഞ്ഞൾ ചേർത്തു വീണ്ടും തിളപ്പിക്കുക. തണുപ്പിച്ച് ഉപയോഗിക്കാം. നീരിന് ഫലപ്രദമായ ഔഷധം കൂടിയാണ് ഇത്. ഈ വെള്ളം തുടർച്ചയായി ഉപയോഗിച്ചാൽ ശരീരത്തിലെവിടെയെങ്കിലും നീര് ഉണ്ടെങ്കിൽ അത് മാറും. മാത്രമല്ല ശരീരത്തിനുള്ളിലെ നീർദോഷങ്ങൾ ഇല്ലാതാക്കും. കൊളസ്ട്രോൾ കുറയ്ക്കാനും വളരെ നല്ലതാണ്.

മല്ലിത്തേൻ

1. കൊത്തമല്ലി (ഒരു പിടി)
2. തേൻ (അഞ്ചു ചെറിയ സ്പൂൺ)
3. ഏലം (തോടു മാത്രം അഞ്ച്)

അഞ്ചു ഗ്ലാസ്സ് വെള്ളം തിളപ്പിക്കുക. അതിൽ കൊത്തമല്ലി ചെറുതായി ചതച്ചിടുക. വെള്ളം നന്നായി തിളച്ചശേഷം ഏലയ്ക്കത്തോട് ചേർക്കുക. ഈ പാനീയം നന്നായി തണുപ്പിച്ചതിനുശേഷം അരിച്ചെടുക്കുക. അരിച്ചെടുത്ത വെള്ളത്തിൽ ഒരു ഗ്ലാസ്സിന് ഒരു ചെറിയ സ്പൂൺ എന്ന കണക്കിന് തേൻ ചേർത്ത് ഉപയോഗിക്കാം. വളരെ വ്യത്യസ്തമായ രുചിയുള്ള പാനീയമാണ് മല്ലിത്തേൻ. ധാരാളം ധാതുക്കളും ജീവകങ്ങളും അടങ്ങിയതാണ് മല്ലി. അതിൽ തേൻ ചേരുമ്പോൾ ഔഷധഗുണം ഇരട്ടിയാകും. എന്നാൽ പ്രമേഹമുള്ളവർ ഈ പാനീയം ഉപേക്ഷിക്കുന്നതാണു നല്ലത്.

നറുനീണ്ടി (നന്നാറി) നീര്

1. ചെറുനാരങ്ങ (ഒന്ന്)
2. പഞ്ചസാര (പാനിയാക്കിയത് അഞ്ചു ചെറിയ സ്പൂൺ)
3. കശകശ
4. നറുനീണ്ടി

പഞ്ചസാരയും നറുനീണ്ടിയും തിളപ്പിച്ച് പാനിയാക്കുക. കശകശ വെള്ളത്തിലിട്ടു കുതിർത്തു വയ്ക്കുക. ചെറുനാരങ്ങ പിഴിഞ്ഞു നീരെടുക്കുക. ഇതിൽ തിളപ്പിച്ചു വച്ച പാനിയും കുതിർത്ത കശകശയും ചേർത്തു നന്നായി ഇളക്കുക. ഇതിൽ ആവശ്യത്തിന് വെള്ളം ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ശരീരത്തിന്റെ ചൂട് നിയന്ത്രിക്കാനും ശരീരത്തിന് ഉണർവ് കിട്ടാനും ഈ പാനീയം ഉത്തമമാണ്. നറുനീണ്ടി ശരീരത്തിലെ ചൂട് നിയന്ത്രിക്കുന്നു. കശകശ ശരീരത്തിൽ രക്തം ചൂടാകുന്നത് നിയന്ത്രിക്കുന്നു. ചൂടുകാലത്ത് ഏറെ ഗുണപ്രദമാണ് ഈ പാനീയം.

കുടങ്ങൽവെള്ളം

1. കുടങ്ങൽ (ഒരു പിടി)
2. കൊത്തമല്ലി (ഒരു പിടി)

കുടങ്ങൽ കഴുകിവൃത്തിയാക്കി ചെറുതായി ചതച്ച് വെള്ളത്തിലിട്ടു തിളപ്പിക്കുക. വെള്ളം തിളയ്ക്കുമ്പോൾ കൊത്തമല്ലി പൊട്ടിച്ച് ഇട്ട് വീണ്ടും തിളപ്പിക്കുക. തണുപ്പിച്ച് ഉപയോഗിക്കാം. വയർ ശുദ്ധീകരിക്കാൻ പറ്റിയ നല്ല ഔഷധമായാണു കുടങ്ങൽ കണക്കാക്കുന്നത്. മഞ്ഞപ്പിത്തത്തിനെതിരായ പ്രതിരോധശേഷിയുണ്ട് കു‌ടങ്ങലിന്. കൊത്തമല്ലി ശരീരം തണുപ്പിക്കാൻ ഏറ്റവും അനുയോജ്യമാണ്.

ചിരട്ടവെള്ളം

1.ചിരട്ട പ്ലാക്ക് (ചിരട്ടക്കഷണം)

കഴുകി വൃത്തിയാക്കി നാരു മാറ്റിയ ചിരട്ടക്കഷണങ്ങൾ വെള്ളത്തിലിട്ട് തിളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോൾ വെള്ളം നല്ല ചുവപ്പുനിറമാകും. തണുപ്പിച്ച് ഉപയോഗിക്കാം. പുരാതനകാലം മുതൽ കേരളത്തിൽ ചിരട്ടവെള്ളം ഉപയോഗിക്കാറുണ്ടായിരുന്നു. ചിരട്ടവെള്ളത്തിന്റെ സ്ഥിരമായ ഉപയോഗം ശരീരത്തിൽ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും.

കൊത്തമല്ലിയിട്ട ചുക്കുവെള്ളം

1. കൊത്തമല്ലി (ഒരുപിടി)
2. ചുക്ക് (ഒരു കഷണം)

കൊത്തമല്ലിയും ചുക്കും ചതച്ച് അഞ്ച് ഗ്ലാസ്സ് വെള്ളത്തിലിട്ട് തിളപ്പിക്കുക. ചുക്ക് ശരീരത്തെ ചൂടാക്കുന്നതാണെങ്കിലും ദഹനശക്തി വർധിപ്പിക്കും. കൊത്തമല്ലി കുടലിന്റെ പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ നല്ലതാണ്. അതുകൊണ്ടുതന്നെ ഈ രണ്ടു ചേരുവകളും ഒരുമിച്ചു വരുന്നത് ശരീരത്തിനു നല്ലതാണെന്ന് ആയുർവേദം പറയുന്നു.

ചൂടുള്ള കഞ്ഞിവെള്ളം

1. അരി തിളച്ചുവരുന്ന കഞ്ഞിവെള്ളം.

ഉഷ്ണം ഉഷ്ണേന ശാന്തി...' എന്ന് പറയാറുണ്ടല്ലോ? ചൂടിനെ ചൂടു കൊണ്ടു നേരിടുക എന്നതാണ് ഇതിന്റെ അർഥം. ശരീരത്തിന്റെ ചൂടും വെള്ളത്തിന്റെ ചൂടും താദാത്മ്യപ്പെടുന്ന ഒരു പ്രക്രിയയുണ്ട്. ഇതിൽ ശരീരത്തിൽ ചൂട് ക്രമീകരിക്കുന്നു. ശരീരം വിയർക്കുന്നത് അതു കൊണ്ടാണ്. വിയർപ്പ് മാലിന്യങ്ങളെ പുറന്തള്ളുന്നു. ചൂടുള്ള കഞ്ഞിവെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനുള്ള ഒറ്റമൂലിയായിട്ടാണ് ആയുർവേദം കരുതുന്നത്.

കരിങ്ങാലി കാതൽ വെള്ളം

1. കരിങ്ങാലി കാതൽ (ഒരു പിടി)

അഞ്ചു ഗ്ലാസ്സ് വെള്ളത്തിൽ കരിങ്ങാലിയിട്ട് തിളപ്പിച്ച് വെള്ളത്തിന്റെ നിറം മാറുമ്പോൾ തണുപ്പിച്ച് ഉപയോഗിക്കാം. കരിങ്ങാലി കാതൽ ദാഹശമനിയായിട്ടാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ സ്ഥിരമായി കരിങ്ങാലി വെള്ളം ഉപയോഗിക്കുന്നത് തൊലി മിനുസപ്പെടാൻ നല്ലതാണ്. മാത്രമല്ല ത്വക്ക് രോഗങ്ങൾക്ക് ഉത്തമമായ പ്രതിവിധി കൂടിയാണ് കരിങ്ങാലി.

മലർവെള്ളം (പൊരി)

1. അരിമലർ (പൊരി) ഒരു കപ്പ്
പഞ്ചസാര (ഒരു സ്പൂൺ).
മഞ്ഞൾപ്പൊടി (ഒരു നുള്ള്)

അഞ്ചു ഗ്ലാസ്സ് വെള്ളം തിളപ്പിക്കുക. ഈ വെള്ളം തണുപ്പിച്ച് കൂജയിൽ ഒഴിച്ചുവയ്ക്കുക. മൂന്നു മണിക്കൂർ തണുത്തു കഴിയുമ്പോൾ അതിലേക്ക് മലരും പഞ്ചസാരയുമിട്ട് കുതിർക്കുക. മലർ നന്നായി കുതിർന്നു കഴിഞ്ഞാൽ മഞ്ഞൾപ്പൊടി വിതറി അരിച്ചെടുത്ത് ഉപയോഗിക്കാം. ക്ഷീണത്തിന് ഉത്തമമായ പാനീയമാണ് മലർവെള്ളം. കരിക്കിൻവെള്ളത്തിന് തുല്ല്യമായിട്ടാണ് മലർവെള്ളം കണക്കാക്കുന്നത്. അതുകൊണ്ട് രോഗാവസ്ഥയിലുള്ളവർ മലർവെള്ളം കുടിക്കുന്നത് രോഗം അകറ്റാൻ സഹായിക്കും. ഛർദിമൂലം ആഹാരം കഴിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് മലർവെള്ളം അൽപാൽപം കുടിക്കാവുന്നതാണ്. കഠിനമായ ശാരീരിക അധ്വാനമോ വ്യായാമമോ കഴിഞ്ഞും ഒരു ഗ്ലാസ്സ് മലർവെള്ളം നല്ലതാണ്.

 രാമച്ചവെള്ളം

1. രാമച്ചം

രാമച്ചവെള്ളം പല രീതിയിൽ തയാറാക്കുന്നു. രാമച്ചം ഇട്ടു വെള്ളം തിളപ്പിച്ച് ഉപയോഗിക്കുന്ന രീതിയാണ് ഒന്ന്. മറ്റൊന്ന് വെള്ളം തിളപ്പിച്ചു തണുത്തതിനുശേഷം അതിൽ രാമച്ചം ഇട്ടു വയ്ക്കുന്നു. മൺകുടങ്ങളാണ് ഇത്തരത്തിൽ രാമച്ചവെള്ളം തയാറാക്കാൻ പറ്റിയത്. വെള്ളം തിളപ്പിച്ച് ആറ്റിയശേഷം കൂജയിൽ രാമച്ചമിട്ട് വെള്ളം ഒഴിച്ചുവച്ചാൽ നല്ല തണുപ്പ് കിട്ടും. രാമച്ചത്തിന്റെ ഔഷധഗുണവും തണുപ്പും ശരീരം നിലനിർത്തും. മുമ്പ് വേനൽക്കാലങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടിരുന്ന ഒന്നാണ് രാമച്ചം. തണുപ്പിന്റെ കലവറയായാണു രാമച്ചവേരുകൾ കണക്കാക്കിയിരുന്നത്. കുടിവെള്ളത്തിനായി മാത്രമല്ല കിടക്ക, വീശറി, ജനൽ കർട്ടൻ, മേൽവിരി തുടങ്ങിയവയെല്ലാം രാമച്ചം കൊണ്ട് ഉണ്ടാക്കിയിരുന്നു. രാമച്ചം പോലെ തന്നെ ജീരകവും ശരീരത്തിനു തണുപ്പ് നൽകുന്നതാണ്. ജീരകം ചതച്ചിട്ട് വെള്ളം കുടിക്കുന്നത് ശരീരത്തിൽ തണുപ്പ് നിലനിർത്താൻ നല്ലതാണ്.

മഞ്ഞപ്പൊടിവെള്ളം

1. നെല്ലിക്ക (കുരു കളഞ്ഞത് ഒരു ചെറിയ കപ്പ്)
2. മഞ്ഞൾപ്പൊടി (ഒരു ചെറിയ സ്പൂൺ)

വെള്ളം തിളപ്പിച്ച് അതിൽ നെല്ലിക്കയിട്ട് വീണ്ടും തിളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോൾ മഞ്ഞൾപ്പൊടി വിതറി തണുപ്പിച്ച് ഉപയോഗിക്കാം. ദാഹശമനിയെന്നതിനെക്കാൾ നല്ലൊരു ഔഷധം കൂടിയാണ് മഞ്ഞൾപ്പൊടി വെള്ളം. മഞ്ഞൾപ്പൊടി സ്ഥിരമായി ഉപയോഗിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. മാത്രമല്ല മഞ്ഞൾ കാൻസർ വരാനുള്ള സാധ്യത വളരെയധികം കുറയ്ക്കുമെന്ന് ശാസ്ത്രീയ പഠനങ്ങൾ.

ഇളനീർവെള്ളം

1. ഇളനീർ (കുഴമ്പ് പരുവത്തിലുള്ളത്) 2 എണ്ണം
2. ഏലയ്ക്കാ (പൊടിച്ചത്)  ഒരു നുള്ള്

കുഴമ്പ് പരുവത്തിലുള്ള ഇളനീർ വെള്ളവും പരിപ്പും വടിച്ചെടുക്കുക. ഇത് നല്ല വണ്ണം ഉടച്ചു വെള്ളപ്പരുവത്തിലാക്കുക. ഇതിൽ ഒരു നുള്ള് ഏലയ്ക്കാ ചേർത്ത് ഉപയോഗിക്കാം. (ഇന്നത്തെകാലത്ത് മിക്സിയിൽ അരച്ചും ഉപയോഗിക്കാറുണ്ട്). സാധാരണ ഇളനീർവെള്ളത്തിൽ നിന്നു കിട്ടുന്നതിന്റെ ഇരട്ടി ഫലം ഇതിൽ നിന്നു കിട്ടും. ക്ഷീണം മാറാൻ ഉത്തമമാണ്. ഉണർവിനും ഉന്മേഷത്തിനും എനർജി ഡ്രിങ്കായി ഇത് ഉപയോഗിക്കാം.

Read More : Healthy Food