വേനലിൽ 'കൂളായിരിക്കാൻ' സംഭാരങ്ങൾ

പണ്ട് ഉഷ്ണ കാലത്ത് സംഭാരമായിരുന്നു താരം. ദാഹമകറ്റാൻ ഇവനെ വെല്ലാൻ ആളില്ല. മോരിലേക്കു കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും ഉപ്പും കറിനാരകത്തിന്റെ ഇലയും കൂടി ചതച്ച് ഇട്ടതാണ് പഴയ കാല സംഭാരത്തിന്റെ ചേരുവ. മല്ലിയിലയും ചേർക്കാം. അന്നജം, കൊഴുപ്പ് എന്നിവ സംഭാരത്തിൽ കുറവാണ്. കാൽസ്യം, ഫോസ്ഫറസ് മൂലകങ്ങളും ജീവകം ബി 6ഉം 12ഉം ഉള്ളതിനാൽ ദഹന പ്രക്രിയയെ സഹായിക്കാനും ശരീരത്തിൽ പോഷകങ്ങളുടെ ആഗീരണം സുഗമമാക്കാനും സംഭാരത്തിനു കഴിയും. മൺകലങ്ങളിലാണെങ്കിൽ അതിന്റെ തണുപ്പും ചേർന്ന് ആഹഹാ! രാമച്ചമിട്ടാൽ വെള്ളത്തിന്റെ സ്വാദ് വർധിക്കുകയും ചെയ്യും. വേനലിൽ 'കൂളായിരിക്കാൻ' സംഭാരങ്ങൾ പരീക്ഷിക്കാം

ഹീങ്ക് സംഭാരം

1. നല്ല പുളിയുള്ള തൈര് നന്നായി ഉടച്ചത് – ഒരു ലീറ്റർ
2. വെള്ളം – 4 ലീറ്റർ
3. കായപ്പൊടി – ഒരു സ്പൂൺ
4. ഉപ്പ് – പാകത്തിന്
5. ഐസ് കട്ട – കുറച്ച്

തയാറാക്കുന്ന വിധം: ആദ്യം കായവും ഉപ്പും അൽപം വെള്ളത്തിൽ അലിയിക്കുക. ഇതിലേക്ക് 1, 2, 5 ചേരുവകൾ ചേർത്ത് ഇളക്കി ഉപയോഗിക്കുക.

ജിഞ്ചർ സംഭാരം

1. തൈര് – അര ലീറ്റർ
2. വെള്ളം – രണ്ടര ലീറ്റർ
3. ഇഞ്ചിനീര് – 6 സ്പൂൺ
4. ഉപ്പ് – പാകത്തിന്
5. കറിവേപ്പില ചതച്ചത് – കുറച്ച്
6. ഐസ് – പാകത്തിന്

തയാറാക്കുന്ന വിധം: തൈര് മിക്സിയിൽ അടിച്ച് മോര് ആക്കുക. ഇതിലേക്ക് 2, 3, 4, 5, 6 ചേരുവകൾ ചേർത്ത് ഇളക്കി ഉപയോഗിക്കുക.

കാന്താരി സംഭാരം
1. നല്ല ഉടച്ചെടുത്ത മോര് – അര ലീറ്റർ
2. തണുത്ത വെള്ളം – 2 ലീറ്റർ
3. കാന്താരി ചതച്ചത് – ആവശ്യത്തിന്
4. നാരങ്ങാ നീര് – അഞ്ച് സ്പൂൺ
5. ഉപ്പ് – പാകത്തിന്
6. കശ്കശ് കുതിർത്തത് – 1 സ്പൂൺ

തയാറാക്കുന്ന വിധം: ഒന്നു മുതൽ അഞ്ചുവരെയുള്ള ചേരുവകൾ ചേർത്തിളക്കുക. ഇതിലേക്ക് കശ്കശ് ചേർത്ത് ഉപയോഗിക്കുക.

പൊതീന സംഭാരം
1. അധികം പുളിക്കാത്ത മോര് – 1 ലീറ്റർ
2. നാരങ്ങാ നീര് – ഒരു നാരങ്ങയുടെ
3. വെള്ളം  തണുത്തത് – 3 ലീറ്റർ
4. ഉപ്പ് – പാകത്തിന്
5. പൊതീന ചതച്ചത് – പാകത്തിന്
6. കശ്കശ് കുതിർത്തത് – ഒരു സ്പൂൺ

തയാറാക്കുന്ന വിധം: ഒന്നു മുതൽ അഞ്ചുവരെയുള്ള ചേരുവകൾ ചേർത്തു നന്നായി ഇളക്കുക. ഉപയോഗിക്കുമ്പോൾ കശ്കശ് ചേർത്തിളക്കി ഉപയോഗിക്കുക.

ജൽജീര സംഭാരം
1. മോര് – ഒരു ലീറ്റർ
2. ബ്ലാക്ക് സോൾട്ട് – കാൽ സ്പൂൺ
3. പൊതീന ജ്യൂസ് – 2 സ്പൂ‍ൺ
4. ജീരകം വറുത്ത് പൊടിച്ചത് – അര സ്പൂൺ
5. ഉപ്പ്  – പാകത്തിന്
6. നാരങ്ങാ നീര് – കുറച്ച്
7. ഐസ് – പാകത്തിന്
8. വെള്ളം – 3 ലീറ്റർ

തയാറാക്കുന്ന വിധം: ഒന്നു മുതൽ എട്ടുവരെയുള്ള ചേരുകവകൾ ചേർത്തിളക്കി ഉപയോഗിക്കുക.

പത്മാ സുബ്രഹ്മണ്യം, കാലടി‌