ഗുണങ്ങളറിഞ്ഞ് കുടിച്ചോളൂ നാരാങ്ങാവെള്ളം

നാരങ്ങാവെള്ളം ഇഷ്ടമല്ലാത്തവര്‍ കുറവാണ്. സിട്രിക് ആസിഡിന്റെ കലവറ കൂടിയാണ് നാരങ്ങാ വെള്ളം. ചിലര്‍ക്ക് ദിവസവും ഏതെങ്കിലും ഒരു നേരം ഒരു ഗ്ലാസ്സ് നാരങ്ങാ വെള്ളം കുടിച്ചില്ലെങ്കില്‍ സമാധാനം കിട്ടാത്ത പോലെയാണ്. 

കാര്യം എന്തൊക്കെയായാലും ഈ ശീലം നല്ലതുതന്നെ. നമ്മള്‍ കരുതുന്നതിനും വളരെ ഏറെ ആരോഗ്യപരമായ ഗുണങ്ങൾ നാരങ്ങാ വെള്ളത്തിനുണ്ട്. അതു എന്തൊക്കെയാണെന്നു നോക്കാം.

കിഡ്നി സ്റ്റോണ്‍

അതേ കിഡ്നി സ്റ്റോണ്‍ തടയാന്‍ നാരങ്ങാവെള്ളം ഉത്തമമാണ്. കാത്സ്യം കല്ലുകള്‍ അടിയാതിരിക്കാന്‍ ഏറ്റവും ഉത്തമം സിട്രിക് ആസിഡിന്റെ അളവ് വര്‍ധിപ്പിക്കുക എന്നതാണ്.  ½ കപ്പ്‌ നാരങ്ങാനീര് എങ്കിലും ദിവസവും ശരീരത്തില്‍ എത്തുന്നത് ശരീരത്തിന് ഉന്മേഷം നല്‍കാനും ആരോഗ്യം കാക്കാനും ഏറെ നല്ലതാണ്.

ദഹനത്തെ സഹായിക്കും

രാവിലെ ഉണര്‍ന്നാല്‍ ചെറുചൂട് വെള്ളത്തില്‍ നാരങ്ങാവെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കും. വെറും വയറ്റില്‍ കുടിക്കുന്ന ഈ പാനീയം ശരീരത്തിലെ വിഷാംശത്തെ പുറംതള്ളാനും സഹായിക്കും.

പ്രതിരോധശേഷി കൂട്ടും 

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നാരങ്ങാവെള്ളത്തിനു സാധിക്കും. അടിക്കടി വരുന്ന ചെറിയ ജലദോഷമൊക്കെ മാറാന്‍ നാരങ്ങാ വെള്ളം ശീലിച്ചാല്‍ മതിയാകും. ധാരാളം ആന്റി ഓക്സിഡന്റ്,വൈറ്റമിന്‍ സി എന്നിവ അടങ്ങിയതാണ് നാരങ്ങ.  ¼ കപ്പ്‌ നാരങ്ങാ നീരില്‍ 23.6 ഗ്രാം വൈറ്റമിന്‍ സി ഉണ്ട്. അതായത് ഒരുദിവസം നമ്മള്‍ക്ക് ആവശ്യമായത്തിന്റെ 30 ശതമാനത്തിലേറെ.

വായ്‌നാറ്റം അകറ്റും 

വായ്‌ നാറ്റം, നാക്ക് വല്ലാത്തെ ഉണങ്ങുക എന്നിവയ്ക്കെല്ലാം പ്രതിവിധി നാരങ്ങയിലുണ്ട്. പ്രകൃതിദത്തമായ ഒരു എയര്‍ ഫ്രഷ്‌നര്‍ കൂടിയാണല്ലോ നാരങ്ങ. മീനും ഇറച്ചിയുമൊക്കെ കഴിച്ച ശേഷം ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളം കുടിക്കുന്നത് ഈ വായ്‌നാറ്റം അകറ്റും. 

ഭാരം നിയന്ത്രിക്കും 

ഭാരം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഉറപ്പായും നാരങ്ങ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. പെക്ടിന്‍ എന്നൊരു ഫൈബര്‍ നാരങ്ങയില്‍ ഉണ്ട്. ഇതാണ് ഭാരം കുറയാൻ സഹായിക്കുന്നത്. നാരങ്ങാ വെള്ളം കുടിച്ചാല്‍ വയര്‍ നിറഞ്ഞ പോലെ തോന്നിക്കുന്നത് ഇതുകൊണ്ടാണ്.

എന്തൊക്കെ ശ്രദ്ധിക്കണം? 

പ്രകൃതിദത്തമായ നാരങ്ങയാണ് ഉപയോഗിക്കേണ്ടത്. കടയില്‍ നിന്നും വാങ്ങുന്ന നാരങ്ങാ ഫ്ലേവര്‍ ഒന്നും യഥാര്‍ഥ നാരങ്ങയ്ക്ക് ഒപ്പം എത്തില്ല എന്നോര്‍ക്കുക. ഓറഞ്ച് , വെള്ളരിക്ക എന്നിവ ചേര്‍ത്തും നാരങ്ങാവെള്ളം  കുടിക്കാം. മിന്റ് ഇല, ഇഞ്ചി, കറുവാപട്ട എന്നിവ ചേര്‍ത്തും നാരങ്ങാ വെള്ളം കുടിക്കുന്നത് ഉത്തമമാണ്. 

Read More : Healthy Food