ചീവീടുകളെ ഭക്ഷണമാക്കിയാൽ ഉദരാരോഗ്യം ഉറപ്പ്

ഇറച്ചിയും മീനും മുട്ടയുമൊക്കെപ്പോലെ രുചികരമായ ഭക്ഷണമാണു പ്രാണികളുമെന്നു ലോകം അംഗീകരിച്ചുകഴിഞ്ഞു . ആഫ്രിക്കയിലും ഓസ്ട്രേലിയയിലും മറ്റുമുള്ള ഗോത്രവർഗക്കാരുടെ ഇടയിൽനിന്നു ലോകത്തിന്റെ ഭക്ഷണമേശയിലേക്കു പ്രാണി വിഭവങ്ങൾ എത്തിത്തുടങ്ങിയിട്ട് നാളേറെയായെങ്കിലും ഭക്ഷണപ്രിയരുടെ പതിവു മെനുവിൽ ചെറു ജീവികൾ കൂടുകൂട്ടിയത് ഇരുപത്തൊന്നാം നൂറ്റാണ്ടോടെയാണ്. കോടിക്കണക്കിനുവരുന്ന പ്രാണിവർഗത്തിൽ രണ്ടായിരത്തോളം ഇനത്തെയാണ് ഭക്ഷ്യയോഗ്യമായി കണക്കാക്കുന്നത്. പ്രോട്ടീനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ ഇവയെല്ലാത്തിന്റെയും ഉറവിടമാണ് പ്രാണികൾ. പ്രാണികളുടെ കാര്യത്തിൽ സുലഭം നമ്മുടെ നാടാണെങ്കിലും ഇവയെ ഭക്ഷണമാക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ പാശ്ചാത്യരാണ്.

ചീവീട്, വണ്ട്, ചിത്രശലഭപ്പുഴു, തേനീച്ച, ഉറുമ്പ്, പച്ചക്കുതിര എന്നിവ ഇവിടുത്തെ പ്രിയ വിഭവങ്ങളാണ്. പ്രാണികളെ പ്രത്യേകിച്ചും ചീവീടിനെ ഭക്ഷണമാക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാൻ വിസ്കോൺ സിൽ മാഡിസൺ നെൽസൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയൺമെന്റൽ സയൻസസ് ഒരു പഠനം നടത്തി. ചീവീടുകളെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടുമെന്നും ശരീരത്തിലെ വീക്കം കുറയ്ക്കുമെന്നും തെളിഞ്ഞതായി സയന്റിഫിക് റിപ്പോർട്സിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ചീവീടുകളില്‍ (cricket) ചിടിൻ എന്ന ഫൈബർ അടങ്ങിയിട്ടുണ്ടെങ്കിലും പച്ചക്കറികളിലും കാണപ്പെടുന്ന ഭക്ഷ്യനാരുകളിൽ നിന്നും വ്യത്യസ്തമാണ്. 

ഉൽപാദനച്ചെലവ് കുറവാണെന്നതും പ്രോട്ടീൻ സമ്പന്നമാണെന്നതും കൊണ്ട് ചെറുജീവികളെ ഭക്ഷണമാക്കുന്നത് യുണൈറ്റഡ് നേഷൻസും പ്രോൽസാഹിപ്പിക്കുന്നു. ഭാവിയിൽ ലോകം നേരിട്ടേക്കാവുന്ന ഭക്ഷ്യക്ഷാമത്തിനുള്ള പ്രതിവിധിയായാണ് യുഎൻ ഫുഡ് ആൻഡ് അഗ്രിക്കൾചർ ഓർഗനൈസേഷൻ പ്രാണിഭോജനത്തെ കാണുന്നത്. പക്ഷിപ്പനിയോ ആന്ത്രാക്സോ പോലെയുള്ള രോഗബാധ ഉണ്ടാവില്ല എന്നതും ചെറു ജീവികളുടെ നേട്ടമാണ്. രണ്ടായിരത്തി അൻപതോടെ ലോകജനസംഖ്യ 900 കോടി കടക്കുമെന്നാണു കണക്കാക്കുന്നത്. ആളുകളുടെ എണ്ണം കൂടുന്നതോടെ കൃഷിസ്ഥലങ്ങളുടെ ലഭ്യത കുറയും. കാലാവസ്ഥയെ ആശ്രയിച്ചു കൃഷിചെയ്യുന്ന ധാന്യങ്ങളും പച്ചക്കറികളുമൊക്കെ ദുർലഭമായാൽ നാളെ ലോകത്തിന്റെ വിശപ്പടക്കുന്നത് ഇത്തിരിക്കുഞ്ഞൻമാരായ പ്രാണികളായിരിക്കും. 

Read More : Health Tips