പ്രഭാത ഭക്ഷണത്തോടൊപ്പം പാലു കുടിച്ചാൽ?

പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് പാൽ കുടിച്ചാൽ രണ്ടുണ്ട് കാര്യം. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും ഉന്മേഷത്തോടെയിരിക്കാനും പാൽ സഹായിക്കുമത്രേ. കാനഡയിലെ ഗ്വെല്‍ഫ് സർവകലാശാലയിലെ ഹ്യൂമൻ ന്യൂട്രോസ്യൂട്ടിക്കൽ റിസർച് യൂണിറ്റിലെ ഗവേഷകനായ എച്ച്. ഡഗ്ലസ് ഹോഫിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് പാലിന്റെ ഗുണത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തൽ. 

അന്നജം ധാരാളം  അടങ്ങിയ പ്രഭാത ഭക്ഷണത്തോടൊപ്പം പാൽ കുടിക്കുന്നത് ഉച്ചഭക്ഷണത്തിനു ശേഷവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നും പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണം, ഗ്ലൂക്കോസ് നിലയെ നിയന്ത്രിക്കുമെന്നും ഡയറി സയൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ഉപാപചയ രോഗങ്ങൾ ബാധിച്ചവരുടെ എണ്ണം ലോകവ്യാപകമായി വർധിച്ചു വരികയാണ്. അതുകൊണ്ടുതന്നെ ഇവയെ നിയന്ത്രിക്കാനും രോഗം വരാതെ തടയാനും ഭക്ഷണത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്– ഗവേഷകർ പറയുന്നു.

Read More : Healthy food