പ്രമേഹമോ? വില്ലന്‍ നിങ്ങളുടെ പാചക എണ്ണയാകാം

പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ പ്രമേഹമുണ്ടാക്കുമോ? എങ്കില്‍ കേട്ടോളൂ പാചക എണ്ണയും പ്രമേഹസാധ്യത വര്‍ധിപ്പിക്കുമെന്നു കണ്ടെത്തല്‍. ജീവിതശൈലിയിലെ പിഴവുകള്‍ തന്നെയാണ് പലപ്പോഴും പ്രമേഹത്തിനു കാരണമാകുന്നത്. 

പ്രമേഹരോഗിയാണ് നിങ്ങളെങ്കില്‍ ആഹാരത്തില്‍ പാലിക്കുന്ന ശ്രദ്ധ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയിലും കാണിക്കണം. അടുത്തിടെ നടത്തിയൊരു പഠനത്തില്‍ എള്ളെണ്ണയും തവിടെണ്ണയും ചേര്‍ത്ത എണ്ണ ഉപയോഗിക്കുന്നത് പ്രമേഹസാധ്യത കുറയ്ക്കുമെന്നു കണ്ടെത്തിയിരുന്നു. ശരീരത്തിലെ ഗ്ലൂക്കോസ് നില ക്രമപ്പെടുത്താന്‍ ഇത് സഹായിക്കും. ടൈപ്പ് രണ്ട് ഡയബറ്റിസിന് ഇത് വളരെയധികം പ്രയോജനകരമാണ് എന്ന് അമേരിക്കന്‍ ജര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

നല്ലയിനം പാചകഎണ്ണയിൽനിന്ന് എസ്സെന്‍ഷ്യല്‍ ഫാറ്റി ആസിഡുകള്‍ ആവശ്യത്തിനു ശരീരത്തിലെത്തും. ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയതാണ് മേൽപ്പറഞ്ഞ എള്ളണ്ണയും തവിടെണ്ണയും ചേര്‍ത്ത മിശ്രിതം. തവിടെണ്ണയില്‍ oryzanol എന്ന ആന്റി ഓക്സിഡന്റുകള്‍ ധാരാളമാണ്. ഇത് ഗ്ലൂക്കോസ് നില ക്രമപ്പെടുത്താനും രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. ഒപ്പം ചീത്ത കൊളസ്ട്രോള്‍ ശരീരത്തില്‍നിന്നു പുറംതള്ളാനും കാരണമാകും. 

ആന്റി ഓക്സിഡന്റുകള്‍ കൂടാതെ വൈറ്റമിന്‍ ഇ കൂടി അടങ്ങിയതാണ് എള്ളണ്ണ. sesamolin എന്ന ഘടകമാണ് ഇതിലുള്ളത്. പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന തരം എണ്ണ ഇന്നു വിപണിയില്‍ ലഭ്യമാണ്. സാലഡുകള്‍ ഉണ്ടാക്കുന്നതിന് എള്ളണ്ണ  ഉപയോഗിക്കുന്നതും നല്ലതാണ്. ശുദ്ധമായ നെയ്യും പ്രമേഹരോഗികള്‍ അവരുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ നല്ലതാണെന്നു വിദഗ്ധര്‍ പറയുന്നു.

Read More : Healthy Food