ടൈപ്പ് 2 പ്രമേഹത്തെ തടയാൻ കഴിക്കാം, തവിടു കളയാത്ത ധാന്യങ്ങൾ

തവിടു കളയാത്ത ധാന്യങ്ങൾ അഥവാ മുഴുധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഇതാ ഒരു കാരണം കൂടി. ടൈപ്പ് 2 പ്രമേഹം തടയാൻ മുഴുധാന്യങ്ങൾക്കാകുമെന്നു പഠനം. ഗോതമ്പ്, ഓട്സ്, അരി, ചോളം തുടങ്ങി ധാന്യങ്ങൾ ഏതുമാകട്ടെ, തവിടുകളയാത്തവ പ്രമേഹത്തെ ചെറുക്കുമെന്ന് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

ഡെൻമാർക്കിലാണു പഠനം നടത്തിയത്. ഏതുതരം ധാന്യവും തവിടുകളയാതെ കഴിച്ചാൽ ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കാനാകും. എന്നാൽ ദിവസവും എത്ര മുഴുധാന്യം കഴിക്കുന്നുവെന്നതാണ് പ്രധാനം. പഠനത്തിൽ പങ്കെടുത്തവരെ നാലു ഗ്രൂപ്പായി തിരിച്ചു. ഏറ്റവും കൂടുതൽ ധാന്യം ഉപയോഗിച്ച ഗ്രൂപ്പിൽ പെട്ടവർ ദിവസം കുറഞ്ഞത് 50 ഗ്രാം തവിടു കളയാത്ത ധാന്യം ഉപയോഗിച്ചു. ഏറ്റവും കൂടുതൽ മുഴുധാന്യം ഉപയോഗിച്ച ഗ്രൂപ്പിൽ പെട്ടവർക്ക്, വളരെ കുറച്ചുമാത്രം ധാന്യം ഉപയോഗിച്ചവരെക്കാൾ ടൈപ്പ് 2 പ്രമേഹസാധ്യത ഏറ്റവും കുറവാണെന്നു കണ്ടു. 

കുറച്ചു ധാന്യം കഴിച്ച ഗ്രൂപ്പിന് രോഗസാധ്യത കൂടുതലായിരുന്നു. 15 വർഷക്കാലം നീണ്ടുനിന്ന ഈ പഠനം 55000 പേരിലാണു നടത്തിയത്. കാപ്പി കുടിക്കുന്നതും റെഡ്മീറ്റ് ഒഴിവാക്കുന്നതും ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കും.

Read More : Healthy Food