പാവം അച്ചാറിനെ വെറുതെ സംശയിച്ചു

എത്ര കറിയുണ്ടെങ്കിലും പാത്രത്തിന്റെ അരികത്ത് അച്ചാറുണ്ടെങ്കിൽ ശാപ്പാട് കേമം. അതു കൊണ്ടാവാം എത്ര ദൂരെ പോയാലും പെട്ടിയിൽ അച്ചാർ പൊതിഞ്ഞെടുക്കാൻ പലർക്കുമൊരു തിടുക്കം. അച്ചാറിൽ അടങ്ങിയിരിക്കുന്ന അമിത ഉപ്പും എണ്ണയും ആരോഗ്യത്തിനു ഹാനികരമാണെന്ന ചിന്ത അച്ചാറിനോട് അടുപ്പം കാണിക്കാൻ പലരെയും വിലക്കുന്നുണ്ട്. അച്ചാർ 'തൊടു'കറി മാത്രമായി കരുതുന്നവരും സോഡിയം കൂടുതലുള്ളതിനാൽ വയറിലെ അർബുദത്തിന് കാരണമാകുമെന്നു വിശ്വസിക്കുന്നവരുമുണ്ട്. പോഷകാഹാര വിദഗ്ധയായ റുജുത ദിവേക്കറുെട ഇൻസ്റ്റഗ്രാം പോസ്റ്റ് അച്ചാറിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് മാത്രമല്ല ചില ‘തെറ്റി’ദ്ധാരണകളും 'രുചിയോടെ' തിരുത്തുന്നു. 

അച്ചാറിൽ ആരോഗ്യകരമായ ആന്റിഓക്സിഡന്റുകൾ ധാരാളമുള്ളതിനാൽ ചിലയിനം അർബുദങ്ങളെ തടയുവാൻ സഹായിക്കുന്നു. കൂടാതെ മാങ്ങ, നെല്ലിക്ക, ഇഞ്ചി, നാരങ്ങ ഇവയിലെ പോഷകങ്ങൾ അതേപടി നിലനിർത്തുന്നു. ജീവകം സി, ജീവകം എ എന്നിവയും അച്ചാറിൽ അടങ്ങിയിട്ടുണ്ട്. ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടാൻ സഹായിക്കുന്നതിനൊടൊപ്പം വിനാഗിരി ചേർത്ത അച്ചാറുകൾ ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. പ്രാതലിനൊടെപ്പം നാരങ്ങയോ  ഇഞ്ചിയോ അച്ചാറുകൾ തൊട്ടു കൂട്ടിയാൽ മോർണിങ് സിക്ക്നെസ്, ഓക്കാനം എന്നിവ തടയാൻ സഹായിക്കുമെന്നും റുജുത പറയുന്നു.

അച്ചാറിനെപ്പറ്റിയുള്ള തെറ്റിദ്ധാരണയും വസ്തുതയും 

1. അച്ചാറിൽ ഉപ്പും എണ്ണയും അധികമാണ്  

ഉദരത്തിലെ നല്ല ബാക്ടീരിയയ്ക്ക് ഉപ്പും എണ്ണയും ആവശ്യമാണ്.

2. ഉപ്പ് രക്തസമ്മർദം കൂട്ടും 

വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, പായ്ക്കറ്റിലുള്ളതും പ്രോസസ് ചെയ്തതുമായ ഭക്ഷണം ഇവയെല്ലാമാണ് ബിപി വരുത്തുന്നത്

3. എണ്ണ ഹൃദയാരോഗ്യത്തിനു നല്ലതല്ല 

കൊഴുപ്പോ എണ്ണയോ നിയന്ത്രണവിധേയമായി ഉപയോഗിച്ചതുകൊണ്ട് ഹൃദയ പ്രശ്നങ്ങൾ ഉണ്ടാകില്ല.

4. അച്ചാർ അനാരോഗ്യകരം 

അച്ചാർ ധാതുക്കളുടെയും ജീവകങ്ങളുടെയും നല്ല ബാക്ടീരിയകളുടെയും കലവറയാണ്. ദിവസവും ഒന്നോ രണ്ടോ ടീസ്പൂൺ അച്ചാർ കഴിക്കുന്നത് വിളർച്ച, ബ്ലോട്ടിങ്, ജീവകം ഡി, ബി 12 എന്നിവയുടെ അഭാവം ഇവ തടയാൻ സഹായിക്കും. 

അച്ചാറിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പറയുന്ന റുജുത ദിവേക്കർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഒാർമപ്പെടുത്തുന്നു – വീട്ടിലുണ്ടാക്കുന്ന അച്ചാറിനെ ആരോഗ്യഗുണങ്ങളൂള്ളൂ !