ബദാം കഴിക്കേണ്ടത് എങ്ങനെ?

ബദാമിന്റെ പോഷകഗുണങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം. നിരവധി പോഷകങ്ങളുടെ കലവറയാണ് ബദാം. എന്നാല്‍ ബദാം കഴിക്കേണ്ട ശരിയായ രീതി ഏതാണെന്നു പലര്‍ക്കും സംശയമുണ്ട്. ചിലര്‍ പറയും വെള്ളത്തില്‍ കുതിര്‍ത്ത ശേഷം കഴിക്കണമെന്ന്. വെറും വയറ്റില്‍ കഴിക്കണമെന്നു മറ്റു ചിലര്‍. ശരിക്കും എങ്ങനെയാണ് ബദാം കഴിക്കേണ്ടത്‌.

ഇതിനെക്കുറിച്ച് ആല്‍മണ്ട് ബോര്‍ഡ്‌ ഓഫ് കലിഫോര്‍ണിയയിലെ ന്യൂട്രിഷന്‍ വിദഗ്ധ ഡോ.സ്വാതി കല്‍ഗോന്‍ങ്കര്‍ പറയുന്നത് എന്താണെന്ന് നോക്കാം.

എന്തു കൊണ്ടാണ് ബദാം ദിവസവും കഴിക്കണമെന്നു പറയുന്നത് 

ഒരുപാടു ഗുണങ്ങള്‍ ഒത്തിണങ്ങിയ ബദാം ആരോഗ്യത്തിനു പലതരത്തില്‍ നല്ലതാണ്. കൊളസ്ട്രോള്‍ ക്രമപ്പെടുത്തുന്നതില്‍ ഏറെ സഹായകമായ ബദാം ഹൃദയാരോഗ്യത്തിനും മികച്ചതാണ്. നല്ല കൊളസ്ട്രോള്‍ ശരീരത്തില്‍ നിലനിര്‍ത്തി ചീത്ത കൊളസ്ട്രോളിനെ പുറംതള്ളാന്‍ ഇവയ്ക്കു കഴിയും. പ്രമേഹത്തിനു കാരണമാകുന്ന  hemoglobin A1C കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. ശരീരത്തിലെ ഗ്ലൂക്കോസ് നില ക്രമപ്പെടുത്താനും ബദാം മികച്ചതാണ്.

ബദാം കഴിക്കേണ്ടത്‌ എങ്ങനെ? 

പൊതുവേ എല്ലാവരും പറയുന്നതാണ് ബദാം തൊലി കളഞ്ഞ ശേഷമാകണം കഴിക്കേണ്ടതെന്ന്. എന്നാല്‍ ഇതു തെറ്റാണ്. ബദാമിന്റെ തൊലിയോടെയാണ് കഴിക്കാന്‍ ഉത്തമം. പോളിഫിനോള്‍ അടങ്ങിയതാണ് ബദാം. ബദാമിലെ ഫൈബറിന്റെ കേന്ദ്രബിന്ദുവും ഇതാണ്. 

ബദാം ഫ്രിജില്‍ സൂക്ഷിക്കാമോ ?

അതുകൊണ്ട് പ്രത്യേകിച്ചു കുഴപ്പമില്ല. ഫ്രിജില്‍ സൂക്ഷിക്കുന്നത് കൂടുതല്‍ ദിവസം കേടുകൂടാതെയിരിക്കാന്‍ സഹായിക്കും.

ബദാം റോസ്റ്റു ചെയ്തു കഴിക്കാമോ ?

റോസ്റ്റ് ചെയ്യുന്നതു കൊണ്ട് ബദാമിലെ വെള്ളത്തിന്റെ അംശം കുറയുമെന്നതല്ലാതെ പോഷകങ്ങള്‍ക്കു കുറവു സംഭവിക്കുന്നില്ല. 

ബദാം എത്ര കഴിക്കണം?

ബദാം എങ്ങനെയാണോ അങ്ങനെ തന്നെ കഴിക്കുന്നതാണ് ഉത്തമം. എന്നാല്‍ ഒരു ദിവസം ഒരു പിടിയില്‍ കൂടുതല്‍ ബദാം കഴിക്കേണ്ട ആവശ്യമില്ല.