ആല്‍മണ്ട് ബട്ടറാണോ പീനട്ട് ബട്ടറാണോ നല്ലത് ?

വിവിധതരം നട്സ് കൊണ്ടുള്ള ബട്ടറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇതില്‍ ആല്‍മണ്ട് ബട്ടറും പീനട്ട് ബട്ടറുമാണ് പ്രിയമേറിയത്. മഗ്നീഷ്യം, വൈറ്റമിന്‍ ഇ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയതാണ് ആല്‍മണ്ട് ബട്ടര്‍. കാന്‍സര്‍ പ്രതിരോധത്തിന് സഹായകമായ സെലിനീയം ഇതില്‍ ധാരളമുണ്ട്. ‌

ബദാമും ക്രീമും ചേര്‍ത്തു തയeറാക്കിയതാണ് ആല്‍മണ്ട് ബട്ടര്‍. പേരിങ്ങനെ ആണെങ്കിലും ഇതില്‍ ബട്ടറിന്റെ അംശം ഒട്ടുമില്ല. ബ്രഡിന്റെയോ പഴങ്ങളുടെയോ പുറത്തു പുരട്ടി കഴിക്കാവുന്ന പാകത്തിലാണിത്. 

എല്ലാ നട്ട് ബട്ടറുകളും നല്ലതാണെങ്കിലും അതിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ ശ്രദ്ധിച്ചു വേണം അവ വാങ്ങാനെന്നു പ്രമുഖ ന്യൂട്രിഷന്‍ വിദഗ്ധ അങ്കിത മണിക്ക്തല കുക്രെജ പറയുന്നു. റിഫൈന്‍ ചെയ്ത ഷുഗര്‍, ഹൈഡ്രോജിനെറ്റഡ് എണ്ണകള്‍ ഒക്കെ  നട്ട് ബട്ടറില്‍ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് അങ്കിത ഓര്‍മിപ്പിക്കുന്നു. 

ആല്‍മണ്ട് ബട്ടറാണോ പീനട്ട് ബട്ടറാണോ നല്ലത് ? 

പ്രോട്ടീന്‍, ഫാറ്റ്, കാലറി എന്നിവയുടെ കാര്യത്തില്‍ രണ്ടും ഇരട്ടകളാണെന്നു പറയാം. രണ്ടു ടേബിള്‍ സ്പൂണ്‍ പീനട്ട് ബട്ടര്‍ ആയാലും ആല്‍മണ്ട് ബട്ടര്‍ ആയാലും ഉള്ളത് 200 കാലറിയും 17 ഗ്രാം ഫാറ്റും ഏഴു ഗ്രാം കാർബോയും എട്ടു ഗ്രാം പ്രോട്ടീനുമാണ്. പീനട്ട് ബട്ടര്‍ നിലക്കടല അഥവാ കപ്പലണ്ടിയില്‍ നിന്നെടുക്കുന്ന നെയ്യാണ്. ഒമേഗ 6 ഫാറ്റി ആസിഡ് ധാരാളം ഇതിലുണ്ട്. എന്നിരുന്നാലും ആല്‍മണ്ട് ബട്ടറാണോ പീനട്ട് ബട്ടറാണോ നല്ലത് എന്ന് ചോദിച്ചാല്‍ രണ്ടു ഒന്നിനൊന്നു മെച്ചം എന്നു  പറയേണ്ടി വരും.