റോബോട്ടുകളുമായി സെക്സ്; യാതൊരു ഗുണവുമില്ലെന്നു വിദഗ്ധര്‍

മനുഷ്യന്റെ കിടപ്പറകള്‍ സെക്സ് റോബോട്ടുകള്‍ കീഴടക്കാന്‍ പോകുന്നു എന്നെല്ലാം വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സിക്‌സ് പായ്ക്കുമെല്ലാമുള്ള പുരുഷ സെക്‌സ് റോബോട്ടുകളെ വിപണിയില്‍ ഇറക്കുമെന്ന് അടുത്തിടെ ഒരു അമേരിക്കന്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഈ സെക്സ് റോബോട്ടുകളെക്കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? ഇല്ലെന്നാണ് BMJ സെക്‌ഷ്വല്‍ ആന്‍ഡ്‌ റിപ്രൊഡക്ടീവ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. ബ്രിട്ടനിലെ സെന്റ്‌ ജോര്‍ജ് സര്‍വകലാശാല ആശുപത്രിയിലെ ഡോക്ടര്‍ ചാന്‍റ്റല്‍ കോക്സ്, ലണ്ടന്‍ കിങ്ങ്സ് ആശുപത്രിയിലെ ഡോക്ടർ ബേവ്ലി എന്നിവരാണ് ഈ പഠനത്തിനു നേതൃത്വം നൽകിയത്. റോബോട്ടുകളുമായി സെക്സ് ചെയ്യുന്നത് കൊണ്ട് യാതൊരു വിധ ആരോഗ്യഗുണങ്ങളും ഉണ്ടാകുന്നില്ലെന്നാണ് ഇവരുടെ പഠനം പറയുന്നത്.

സെക്സ് റോബോട്ടുകളും മനുഷ്യരും തമ്മിലുള്ള ശാരീരിക ബന്ധം സംബന്ധിച്ച് ഇതുവരെ ഇത്തരമൊരു പഠനം നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഈ പഠനം ആരംഭിച്ചത് പൂജ്യത്തില്‍ നിന്നായിരുന്നു. ഷെഫീല്‍ഡ് സര്‍വകലാശാലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ആന്‍ഡ്‌ റോബോട്ടിക്സ് പ്രഫസര്‍ നോയേല്‍ ഷാർക്ക്‌ലി പറയുന്നതും മനുഷ്യനും റോബോട്ടുകളും തമ്മിലെ ഈ ബന്ധത്തെക്കുറിച്ച് ഇതുവരെ പൂര്‍ണമായൊരു പഠനം പുറത്തുവന്നിട്ടില്ലെന്നാണ്. 

സെക്സ് റോബോട്ടുകള്‍ക്കായി അടുത്തിടെ വൻതോതില്‍ ആവശ്യക്കാര്‍ ഉണ്ടായിട്ടുണ്ട്. ഇത് മനുഷ്യര്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ മാത്രമാകും ചിലപ്പോള്‍ ഇതിന്റെ കൂടുതല്‍ പോരായ്മകൾ കണ്ടെത്താന്‍ സാധിക്കുകയെന്ന് കലിഫോര്‍ണിയ പൊളിടെക്നിക് സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷണവിദ്യാര്‍ഥി ജൂലി കാര്‍പെന്റര്‍ പറയുന്നു. പലരും ഡോക്ടര്‍മാരോട് സെക്സ് റോബോട്ടുകളെ ഉപയോഗിക്കുന്നതിനെപ്പറ്റി അഭിപ്രായം ആരാഞ്ഞു തുടങ്ങിയതോടെയാണ് അവർ ഇതിനെപ്പറ്റി പഠിക്കാൻ തുടങ്ങിയത്.

സേഫ് സെക്സ് എന്ന നിലയിലും പങ്കാളികള്‍ ഇല്ലാത്തര്‍ക്ക് തുണയാകാനുമാണ് സെക്സ് റോബോട്ടുകളെ വിപണിയിലെത്തിക്കാൻ ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീടിത് കൂടുതല്‍ പേരിലേക്ക് എത്തുകയായിരുന്നു. ഒരു പ്രമുഖ സെക്സ് പാവ നിര്‍മാതാക്കള്‍ പറയുന്നത്, ഒരു മനുഷ്യന്‍ പ്രതീക്ഷിക്കുന്നത് എന്തും നല്‍കാന്‍ തങ്ങളുടെ സെക്സ് പാവകള്‍ക്കു സാധിക്കുമെന്നാണ്. തങ്ങളുടെ ഏറ്റവും മുന്തിയ സെക്സ് പാവയായ ‘റോക്കി’ സ്നേഹവും പിന്തുണയും പോലും നല്‍കുമെന്നും ഇവര്‍ അവകാശപ്പെടുന്നു.

എന്നാല്‍ മനുഷ്യര്‍ തമ്മില്‍ ഉണ്ടാകുന്ന വൈകാരിക അടുപ്പം ഒരിക്കലും സെക്സ് പാവകള്‍ക്കു നല്‍കാന്‍ സാധിക്കില്ല എന്നാണ് മിക്കവരും പറയുന്നത്. മാത്രമല്ല, മനുഷ്യരെ ഇത് ഒറ്റപ്പെടലിലേക്കു നയിക്കുമെന്നും ചിലര്‍ പറയുന്നു. വന്‍ നഗരങ്ങളില്‍ സെക്സ് റോബോട്ടുകള്‍ക്ക് വൻതോതിൽ ആവശ്യക്കാരുണ്ടാകുന്നുണ്ട്. പങ്കാളികളെ ആവശ്യമില്ലെന്ന് തോന്നുന്നവര്‍ക്ക് സെക്സ് പാവകളോടാണ് കൂടുതല്‍ താൽപര്യം. കംപ്യുട്ടര്‍ പ്രോഗ്രാമുകൾ വഴി നിയന്ത്രിക്കുന്ന ഇത്തരം പാവകൾ വൈകല്യങ്ങളുള്ളവര്‍ക്കും രോഗികള്‍ക്കും ആശ്വാസമാണ്. ഇവരുടെ ശാരീരിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇവ സഹായിക്കും. റോബോട്ടുകളുമായുള്ള ലൈംഗിക ബന്ധം എപ്പോഴും ലഭ്യമാവുന്നതും എളുപ്പമാണെന്നും പലരും അഭിപ്രായപ്പെടുന്നു. 

നൂറുകണക്കിനു സംശയങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് സെക്സ് റോബോട്ടുകളെപ്പറ്റി ഉയരുന്നത്. ഇത്തരം ആശങ്കകള്‍ തങ്ങള്‍ക്കുമുണ്ടെന്ന് റോബോട്ടിക്സ് വിദഗ്ധന്‍ നോയേല്‍ ഷാർക്ക്‌ലി പറയുന്നു. അടുത്തിടെ ലണ്ടനില്‍ സെക്സ് പാവകളെ ഉപയോഗിച്ചൊരു വേശ്യാലയം ആരംഭിച്ചിരുന്നു. എന്നാല്‍ ഇത്തരം കൃത്രിമവസ്തുക്കള്‍ കണ്ടാല്‍ മനുഷ്യരില്‍ ഉത്തേജനം ഉണ്ടാകുമോ എന്ന് സംശയമാണെന്ന് ഈ രംഗത്ത് പഠനം നടത്തുന്ന റിച്ചാര്‍ഡ്‌സണ്‍ പറയുന്നു. എന്തായാലും സെക്സ് റോബോട്ടുകളും മനുഷ്യരും എന്ന വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നു തന്നെയാണ് വിദഗ്ധര്‍ പറയുന്നത്.

Read More : Health and Sex