ലൈംഗികബന്ധത്തിനു ശേഷമുള്ള വേദന ഡിസ്പെറെണിയ ലക്ഷണമാകാം

ലൈംഗികബന്ധത്തിനു ശേഷം വേദന അനുഭവപ്പെടാറുണ്ടോ? എങ്കില്‍ അൽപമൊന്നു സൂക്ഷിക്കുക. ഒരുപക്ഷേ ഈ ലക്ഷണം ഡിസ്പെറെണിയ (dyspareunia) യുടെതാകാം. സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. 

ലൈംഗികബന്ധത്തിനു ശേഷമോ മുന്‍പോ തോന്നുന്ന അതികഠിനമായ വേദനയാണ് ഇതിന്റെ ആദ്യലക്ഷണമെന്നു മുംബൈ സെക്സ് ഹെല്‍ത്ത് വിദഗ്ധനായ ഡോ. ദീപക് ജുമാനി പറയുന്നു.  ജനനേന്ദ്രിയത്തിലാണ് ഈ വേദന സാധാരണ കാണുന്നതെങ്കിലും ഇത് യോനിക്കുള്ളിലേക്ക് പ്രവേശിക്കാനും സാധ്യതയുണ്ട്. 

സെക്സിനു ശേഷം ദീര്‍ഘനേരം നിലനില്‍ക്കുന്ന പുകച്ചിലോ അസ്വസ്ഥതയോയാണ് ഇതിന്റെ ലക്ഷണം. എന്നാല്‍ ഇതിനു പിന്നില്‍ ശാരീരികമാനസികലക്ഷണങ്ങള്‍ ഒരുപാട് ഉണ്ടെന്നാണു ഡോക്ടർമാര്‍ പറയുന്നത്.

ആവശ്യത്തിനു ലൂബ്രിക്കേഷന്‍ ഇല്ലാതെ വരിക, അണുബാധ, എരിച്ചില്‍, മുറിവുകള്‍ തുടങ്ങി ഈസ്ട്രജന്‍ അളവ് കുറയുന്നതു വരെ ഇതിനു പിന്നിലെ കാരണങ്ങളാണ്. 

എന്നാല്‍ വേദന കഠിനമായി അനുഭവപ്പെടുന്നത് ഒരുപക്ഷേ എൻഡോമെട്രിയോസിസ്, ഒവേറിയന്‍ സിസ്റ്റ്, ഫൈബ്രോയ്ഡ്, കാന്‍സര്‍ എന്നിവയുടെ ലക്ഷണവുമാകാം. അലര്‍ജി, തുടര്‍ച്ചയായ ജലദോഷം എന്നിവയ്ക്ക് ആന്റിഹിസ്റ്റമിന്‍ ഗുളികകള്‍ കഴിക്കുന്നതും ചിലപ്പോള്‍ ഡിസ്പെറെണിയയ്ക്ക് കാരണമാകും. 

പുരുഷന്മാരില്‍ ഡിസ്പെറെണിയ ലക്ഷണം തോന്നുന്നത് കൂടുതലും ബീജങ്ങള്‍ പുറത്തുവരുന്ന അവസരത്തിലാണ്. ലൂബ്രിക്കേഷന്‍ കുറവ്, മുറിവുകള്‍, അണുബാധ എന്നിവയാകാം ഇവിടെയും ഇതിനു കാരണം. 

എങ്ങനെ തടയാം? 

ലൂബ്രിക്കേഷന്‍ കുറവാണ് ഇതിന്റെ പ്രധാനകാരണം. സ്വാഭാവികമായി ലൂബ്രിക്കേഷന്‍ ഇല്ലാത്തവര്‍ അതിനായി എന്തെങ്കിലും പ്രതിവിധികള്‍ തേടുന്നത് നന്നായിരിക്കും. ഇതിനാണ് ഫോര്‍പ്ലേയുടെ ആവശ്യകതയെ കുറിച്ചു ഡോക്ടര്‍മാര്‍ പറയുന്നത്. 

ഡിസ്പെറെണിയ ലക്ഷണങ്ങള്‍ മറ്റെന്തെങ്കിലും രോഗത്തിന്റെ ആദ്യ ലക്ഷണമാകാം. അതിനാല്‍തന്നെ സംശയം തോന്നിയാല്‍ ഉടന്‍ ഒരു ഡോക്ടറുടെ സേവനം തേടുന്നത് നന്നായിരിക്കും. അതുപോലെ സെക്സ് പൊസിഷനുകള്‍ മാറ്റി പരീക്ഷിക്കുന്നതും നന്നായിരിക്കും. 

Read More : Health and Sex