ലൈംഗികബന്ധം ദുഃഖിതനാക്കുന്നുണ്ടോ; പിസിഡി ലക്ഷണമാകാമെന്നു പഠനം

പോസ്റ്റ് കോയിറ്റർ ഡിസ്ഫോറിയ (post coital dysphoria (PCD) അഥവാ ലൈംഗിക ബന്ധത്തിനുശേഷമുള്ള വിഷാദം പുരുഷൻമാരെയും ബാധിക്കുന്നതായി പഠനം. സാധാരണയായി ഈ അവസ്ഥ സ്ത്രീകളെയാണ് ബാധിക്കാറ്. ക്യൂൻസ്‍ലൻസ് സർവകലാശാല ഗവേഷകർ പുരുഷന്മാരിൽ നടത്തിയ ഈ പഠനം, ലോകത്ത് ആദ്യത്തേതാണ്. 

ഓസ്ട്രേലിയ, യുഎസ്എ, യുകെ, റഷ്യ, ന്യൂസ്‌ലൻഡ്, ജര്‍മനി തുടങ്ങിയ വിവിധ രാജ്യങ്ങളിലെ 1208 പുരുഷന്മാരിലാണ് പഠനം നടത്തിയത്. ഇവരിൽ 41 ശതമാനം പേരും ജീവിതത്തിൽ എപ്പോഴെങ്കിലും PCD  എന്ന വിഷാദാവസ്ഥ ബാധിച്ചിരുന്നതായി പറഞ്ഞു. 20 ശതമാനം പേർക്ക് കഴിഞ്ഞ ഒരു മാസത്തിനിടയിൽ പിസിഡി ബാധിച്ചതായും കണ്ടു. മൂന്നു മുതൽ നാലു ശതമാനം വരെ പുരുഷന്മാർക്ക് എല്ലായ്പ്പോഴും ഈ അവസ്ഥ ഉണ്ടാകുന്നതായും കണ്ടു. 

സ്ത്രീകളിൽ പിസിഡി എന്ന അവസ്ഥ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പുരുഷന്മാരില്‍ പിസിഡി ബാധിക്കുന്നതായി ഒരു പഠനവും തിരിച്ചറി ഞ്ഞിട്ടില്ലായിരുന്നു. മുൻപ് കരുതിയിരുന്നതിലും സങ്കീർണമാണ് പുരുഷന്റെ ലൈംഗികാനുഭവങ്ങളെന്ന് പഠനം നടത്തിയ പ്രൊഫസർ റോബർട്ട് ഷ്‍വെയ്റ്റ്സർ പറയുന്നു.

സര്‍വേയിൽ പങ്കെടുത്ത പുരുഷന്മാരില്‍ പലർക്കും പല അനുഭവങ്ങള്‍ ആണുണ്ടായത്. ലൈംഗിക ബന്ധത്തിനുശേഷം ദുഃഖം അനുഭവിച്ചവരിൽ ചിലർക്ക് അസംതൃപ്തി തോന്നിയതായും വളരെയധികം ദേഷ്യം തോന്നിയതായും പറഞ്ഞു. എല്ലാത്തിനോടും വിരക്തി തോന്നിയതായും ചിലർ അഭിപ്രായപ്പെട്ടു. തന്നെ ആരും തൊടുക പോലും വേണ്ട എന്നും ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിച്ചതായും ചില പുരുഷന്മാര്‍ പറഞ്ഞു. ലൈംഗികബന്ധത്തിനുശേഷമുള്ള ഫീലിങ്ങിനെ ഒരാൾ ‘വികാരരഹിതവും ശൂന്യവും’ എന്നാണ് വിശേഷിപ്പിച്ചത്. 

വളരെ പോസിറ്റീവ് ആയ അനുഭവങ്ങള്‍ ഉണ്ടായവർ സംതൃപ്തരും സൗഖ്യം ഉള്ളവരും പങ്കാളിയോട് വളരെ അടുപ്പം തോന്നിയവരും ആയിരുന്നു. 

മനുഷ്യ ലൈംഗികതയെക്കുറിച്ചുള്ള ഗവേഷണങ്ങളെല്ലാം Excitement, Plateau, orgasm  എന്നീ മൂന്നു ഘട്ടങ്ങളെയാണ് കേന്ദ്രീകരിക്കാറ്. അതുകൊണ്ടു തന്നെ നാലാംഘട്ടമായ resolution സങ്കീർണവും അധികം മനസ്സിലാക്കപ്പെടാത്തതുമായി തുടരുന്നതായി ഗവേഷകർ പറയുന്നു. 

ലൈംഗിക ബന്ധത്തിനുശേഷം സ്ത്രീ പുരുഷന്മാര്‍ക്ക് സംതൃപ്തി അനുഭവപ്പെടുന്നതായും അവർ വളരെ റിലാക്സേഷൻ അനുഭവി ക്കുന്നതുമായാണ് സാധാരണ വിശ്വാസം. എന്നാൽ പി.സി.ഡി യെക്കുറിച്ചുള്ള പഠനങ്ങളിൽ സ്ത്രീകൾ ലൈംഗികതയ്ക്കുശേഷമുള്ള വിഷാദം അനുഭവിക്കുന്നതായി മുൻപു തെളിഞ്ഞിട്ടുണ്ട്. പുരുഷന്മാരിലും ദുഃഖം, കണ്ണീർ വരുക, അസ്വസ്ഥത മുതലായ വികാരങ്ങൾ ഉണ്ടാവുന്നുണ്ടെന്ന് ഈ പഠനം തെളിയിച്ചു. ജൈവ ശാസ്ത്രപരമായും മാനസികമായും ഉള്ള പല ഘടകങ്ങളാവാം ഇതിനു കാരണം. 

ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം ദമ്പതിമാർ പരസ്പരം സംസാരിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംതൃപ്തിയേകുന്നതായും ബന്ധം കൂടുതൽ സുദൃഢമാകുന്നതായും തെളിയിക്കുന്നു. പരസ്പരം അടുപ്പം കൂട്ടാൻ resolution phase പ്രധാനമാണെന്നും പഠനം പറയുന്നു. 

പുരുഷൻ സെക്സ് ആഗ്രഹിക്കുന്നതായും അത് അവന് സന്തോഷം ലഭിക്കാനുള്ള ഒരു മാർഗം മാത്രമായുമാണ് പലരും കരുതുന്നത്. എന്നാൽ പുരുഷന്റെ അനുഭവങ്ങള്‍ പി.സി.ഡി ഉൾപ്പെടെയുള്ളവ ഇതിന് വിരുദ്ധമാണെന്നു പഠനം പറയുന്നു. ലൈംഗികബന്ധം പുരുഷനെ ചിലപ്പോഴെങ്കിലും ദുഃഖിതനാക്കും എന്ന ഈ പഠനം ജേണൽ ഓഫ് സെക്സ് ആൻഡ് മാരിറ്റൽ തെറാപ്പിയിൽ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. 

Read More : Health and Sex