അദ്ഭുതപ്പെടുത്തും ഈ തിരിവറിവുകൾ!

സമയചക്രം ഭാവനകൊണ്ടു കറക്കി പ്രാചീന മനുഷ്യരുടെ ജീവിതം ശ്രദ്ധയോടെ ഒന്നു വിലയിരുത്താം. ഇരതേടി ഭക്ഷിക്കുക എന്നതൊഴിച്ചാൽ മറ്റ് ആവശ്യങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ ഗുഹകളിലോ മടകളിലോ പാർക്കുന്ന അവരുടെ കാലം. നാളുകൾ കഴിഞ്ഞു.

‘കഴിഞ്ഞ ദിവസം വേട്ടയ്ക്കെടുത്ത കത്തിയെവിടെ? വടിയെവിടെ? അതെല്ലാം ഒരിടത്തിരിക്കട്ടെ. എപ്പോഴും ഇങ്ങനെ തിരയേണ്ടി വരില്ലല്ലോ. ശ്ശോ – ഇതെന്തൊരു പുകയും മണവുമാണ്. ആഹാരം പാകം ചെയ്യലൊക്കെ ഒരു മൂലയിലേക്കു മാറിയാവട്ടെ. ഹും! അടുത്ത ഗുഹയിലെ ആളുകൾക്കു വരാൻ കണ്ട നേരം. കഷ്ടപ്പെട്ടു കിട്ടുന്ന തുച്ഛമായ ആഹാരത്തിന്റെ പങ്കു പറ്റാൻ. ഇനി മുതൽ കാണാവുന്ന സ്ഥലത്തു ഭക്ഷണം വിളമ്പണ്ട. തെല്ലകത്തോട്ടാവാം. വിരുന്നുകാർക്കിരിക്കാൻ കുറച്ചു സ്ഥലം മുൻവശത്തുതന്നെ വേറെയിടണം. ബഹളം കേട്ടു കുട്ടി ഉണർന്നാൽ പണിയൊന്നും നടക്കില്ല. ഉറങ്ങാനുള്ള സ്ഥലം ഏറ്റവും സ്വൈര്യമുള്ള മൂലയാവട്ടെ.’

ജീവിതം എന്നതു പല കാര്യങ്ങളും പ്രവൃത്തികളും ആവർത്തിച്ചനുവർത്തിക്കുന്നതിലൂടെ മുൻപോട്ടു പോകുന്ന ഒന്നാണെന്നും അവയ്ക്കെല്ലാം നമ്മുടെ വ്യവഹാര രീതികൾക്കനുസൃതമായി പ്രത്യേക ഇടങ്ങളും സൗകര്യങ്ങളും സജ്ജീകരിച്ചാല്‍ പല പ്രശ്നങ്ങളും പരിഹരിച്ചു സുഗമമായി ജീവിക്കാം എന്നുമുള്ള തിരിച്ചറിയലാണ്. പ്ലാനിങ്ങിൽ ഊന്നിയുള്ള ആർക്കിടെക്ചറിന്റെ കാതലായ ഇന്റീരിയർ ഡിസൈൻ പിറവിയെടുക്കുന്നത് അങ്ങനെയാണ്.

ആധുനികതയുടെ വർത്തമാനകാലത്തെത്തി നിൽക്കുമ്പോഴും നമ്മുടെ സിറ്റിങ് റൂം മുൻപിലും ഡൈനിങ് വലിയ കാഴ്ച കിട്ടാത്ത തരത്തിൽ കുറച്ച് ഉള്ളിലേക്കും അടുക്കളയും പരിസരങ്ങളും നല്ല ഒതുക്കത്തിലും കിടപ്പുമുറികൾ ഏറ്റവും ശാന്തമായ കോണുകളിലും തന്നെയല്ലേ? ആദ്യം ഇന്റീരിയർ ഡെക്കറേഷനും പിന്നെ ഇന്റീരിയർ ഡിസൈനും ആണ് ഉണ്ടായതെന്നും ‘നിർമാണം’ ഉൾപ്പെടുന്ന ആർക്കിടെക്ചർ ഉണ്ടായത് വീണ്ടും വളരെ നാളുകൾ കഴിഞ്ഞായിരിക്കുമെന്നും ആണ് ബഹുമതം.

ആര്‍ക്കിടെക്ചർ മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുള്ള, നമ്മുടെ ആവശ്യങ്ങൾക്കു പ്രത്യുത്തരമെന്നോണം ഉടലെടുത്ത അവശ്യ ശാസ്ത്രവും കലയുമാണെന്നും, അതു ഫാഷന്റെയും ആർഭാടത്തിന്റെയും പേരിൽ അടുത്തിടെ ഉണ്ടായ പരിഷ്കാരമല്ലെന്നും ഒന്നുകൂടി ആവർത്തിക്കപ്പെടുന്നു. നല്ലത്. എന്നാൽ എന്റെ നേരായ ഉദ്ദേശ്യം ഇന്റീരിയർ ഡിസൈനിങ്ങുമായി നിങ്ങൾക്ക് ഒരു അഭിമുഖം തരപ്പെടുത്തുകയെന്നതായിരുന്നു. ആർക്കിടെക്ചറിന്റെ ആത്മാവാണ് ഇന്റീരിയർ ഡിസൈനിങ്.

ഒരു വീട്, ഷോപ്പിങ് കോംപ്ലക്സ്, ഓഫിസ് ബിൽഡിങ് എന്തുമായിക്കോട്ടെ, പണിയുന്നത് പുറം തോടിനോ അതിന്റെ ഭംഗിക്കോ വേണ്ടിയല്ല. ചില ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും പ്രാവർത്തികമാക്കി എടുക്കുന്നതിനു വേണ്ട ഇടങ്ങളും സ്ഥലങ്ങളും രൂപപ്പെടുത്തിയെടുക്കുവാനാണ്. അതിൽ പരാജയപ്പെട്ടാൽ നമ്മുടെ പരിശ്രമങ്ങൾ മുഴുവന്‍ വലിയ വിലകൊടുത്തു നമ്മൾ ഏറ്റുവാങ്ങുന്ന തോൽവിയാവില്ലേ? അരുത്. കൃത്യമായ ധാരണയോടെ വേണം വീടിനുള്ളിലെ ഓരോ ഇ‍ഞ്ച് സ്ഥലവും മെനഞ്ഞെടുക്കാൻ. ഒരു ജനാല ഒരടി മാറിയിരുന്നെങ്കിൽ, ആ കതക് മറ്റേ അറ്റത്തായിരുന്നെങ്കിൽ – പണിയെല്ലാം തീർന്ന് വൈകി ‘ചികിത്സ’യ്ക്കെത്തുന്ന വീടുകളുടെ പ്ലാൻ നോക്കി വളരെയധികം നൊമ്പരപ്പെടാറുണ്ട്.

മുൻപില്‍ അഭിമാനത്തോടെ, പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന വീട്ടുടമയോട് ‘ഇവിടെ കുറച്ചു പൊളിക്കണം’ എന്നു പറഞ്ഞാല്‍ അനുസരിക്കുന്നവരാണെന്നു തോന്നിയാലേ അതു പറയാറുള്ളൂ. മറ്റൊന്നും കൊണ്ടല്ല, തിരുത്താൻ നിവൃത്തിയില്ലാത്ത അവസ്ഥകളെക്കുറിച്ച് എന്തിനു പറയണം. നൂറു ശതമാനം നന്നെന്നു വിശ്വസിച്ച് ആ വീടിനെ ഉള്ളു തുറന്ന് അവർ സ്നേഹിക്കട്ടെ. “വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം” എന്ന കവിവാക്യത്തോടു ഞാൻ യോജിക്കുന്നു. വീടും തേടിയുള്ള നമ്മുടെ ഈ യാത്രയുടെ അവസാനം തമസകന്നതായിരിക്കുമെന്നു നിശ്ചയം.