കുഞ്ഞുവാവയ്ക്കായി വീടൊരുക്കുമ്പോൾ ശ്രദ്ധിക്കണേ...

കാത്തിരുന്ന് കാത്തിരുന്ന് വീട്ടിൽ ഒരു കുഞ്ഞ് അതിഥി വരുമ്പോൾ ഏറെക്കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. കൈക്കുഞ്ഞു വളരുന്നതിനനുസരിച്ച് വീടിന്റെ രീതികളും മാറും. എന്നാൽ അകത്തളങ്ങൾ മാറാറുണ്ടോ? കുഞ്ഞിന്റെ സുഗമമായ വളർച്ചയ്ക്കും ഭൗതിക വികാസത്തിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി കുഞ്ഞുവാവ വരുന്നതിനോടനുബന്ധിച്ച് വീട്ടിൽ ചില മാറ്റങ്ങൾ വരുത്തുന്നതാണ് ഉചിതം.

കൈക്കുഞ്ഞായിരുക്കുന്ന പ്രായം പ്രശ്‌നമില്ല, എന്നാൽ മുട്ടിലിഴയാൻ തുടങ്ങിയാൽ പിന്നെ കാര്യങ്ങൾ കൈവിട്ടു പോകും. കുഞ്ഞുവാവ എത്താത്ത സ്ഥലങ്ങൾ ഉണ്ടാകില്ല വീട്ടിൽ. അതിനാൽ ആദ്യപടിയായി അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന രീതിയിലുള്ള ഫർണിച്ചറുകൾ വീട്ടിൽ നിന്നും ഒഴിവാക്കുക. പൂർണമായി ഒഴിവാക്കുക സാധ്യമല്ല എങ്കിൽ അത്തരം സാധനങ്ങൾ കുഞ്ഞിന്റെ സാന്നിധ്യം ഉള്ളയിടത്തു നിന്നും ഒഴിവാക്കുക.

അടുത്തതായി ശ്രദ്ധിക്കേണ്ടത് തറയുടെ വൃത്തിയാണ്. കൈകുത്തി തറയിൽ ഇഴയുന്ന കുഞ്ഞുങ്ങൾ ആ കൈ വായിൽ വയ്ക്കാനും ഇടയുണ്ട്. അതിനായി തറ കഴിവതും അണുവിമുക്തതമാക്കി വയ്ക്കുക. കാർപ്പറ്റുകളിൽ കുഞ്ഞിനെ കിടത്തുന്നുണ്ട് എങ്കിൽ നാരുകൾ ഇളകിപ്പോകുന്നില്ല എന്ന് ഉറപ്പ് വരുത്തുക. ചെരിപ്പിട്ട് ചവിട്ടുന്ന കാർപ്പറ്റുകളിലും പായകളിലും കുഞ്ഞിനെ കിടത്തരുത്. 

വീടിനുള്ളിൽ നാം കാണാതെ പോകുന്ന ചില ചെറിയ ആണികൾ, സ്‌ക്രൂകൾ തുടങ്ങിയ വസ്തുക്കൾ തേടിപ്പിടിച്ച് ഒഴിവാക്കുക. മുട്ടിലിഴയുന്ന പ്രായത്തിൽ കയ്യിൽ കിട്ടുന്നതെന്തും വായിലേക്ക് വയ്ക്കുക എന്നത് കുട്ടികളുടെ ശീലമാണ്. ഇത്തരം വസ്തുക്കൾ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നവയായതിനാൽ പ്രത്യേകം ശ്രദ്ധിക്കുക. ഉയരം കൂടിയ ഫർണിച്ചറുകൾ ഉണ്ടെങ്കിൽ അതിനു മുകളിൽ കുട്ടികളെ ഇരുത്തരുത്. 

കഴിയുന്നത്ര ഫർണിച്ചറുകൾ കുറച്ച് മുറി ഫ്രീ ആക്കിയിടുന്നതാണ് കുഞ്ഞുങ്ങൾക്ക് നല്ലത്. സ്റ്റെയർകേസിലേക്ക് കുഞ്ഞു കയറാതിരിക്കുന്നതിനായി പടി കെട്ടുന്നതാണ് നല്ലത്. 

കുട്ടികൾക്ക് തിരിച്ചറിയാനുള്ള പ്രായം എത്തുന്നത് വരെ വീടിനുള്ളിൽ ഇൻഡോർ പ്ലാന്റുകൾ, ഉടയുന്ന ഉപകരണങ്ങൾ എന്നിവ ഒഴിവാക്കുന്നതാണ് ഉചിതം. അതുപോലെതന്നെ മരുന്നുകൾ കുട്ടികളുടെ കൈയെത്തും ദൂരത്ത് വയ്ക്കാതിരിക്കുക. കുട്ടികൾ വായിൽ ഇടാൻ സാധ്യതയുള്ള ചെറിയ വസ്തുക്കൾ അവരുടെ കണ്ണിൽ പെടാതെ, ഭദ്രമായി ഷെൽഫിൽ വയ്ക്കുക.