വീട്ടിലിരിക്കുന്ന സ്വർണവും പണവും സുരക്ഷിതമാണോ? സൂക്ഷിക്കുക...

സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടെയും ഏറ്റവും പ്രിയപ്പെട്ട സ്വപ്നങ്ങളിൽ ഒന്നാണ്. തന്റെ യുവത്വം മുഴുവൻ ഒരുപക്ഷേ വിനിയോഗിക്കുന്നത് ആ സ്വപ്നത്തെ യാഥാർഥ്യമാക്കുന്നതിനു വേണ്ടിയായിരിക്കും. എന്നാൽ അടച്ചുറപ്പുള്ള വീടു നിർമിച്ചതുകൊണ്ടു മാത്രം അതിനകത്തു സുരക്ഷിതമായിരിക്കും എന്നു കരുതാനാകില്ല. സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് ഹൈടെക് രീതിയിൽ മോഷണം നടത്തുന്ന കള്ളന്മാരാണ് ഇപ്പോൾ നാട്ടിലുള്ളത്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന പ്രമാണം ഓർക്കുന്നതാണ്‌ ഉചിതം. വീടു നിർമാണത്തിനായി ബജറ്റ് തയാറാക്കുമ്പോൾ അത്യാവശ്യം വേണ്ട സെക്യൂരിറ്റി ഫിറ്റിങ്ങുകൾക്കായും പണം മാറ്റിവയ്ക്കാൻ മറക്കണ്ട. 

ലേസർ കട്ടർ കൊണ്ട് പൂട്ട് തകർത്ത് അകത്തു കടന്ന്, മെറ്റൽ / ഗോൾഡ് ഡിറ്റെക്ടറുകൾ ഉപയോഗിച്ച് വീട്ടിൽ എവിടെയാണ് സ്വർണം വച്ചിരിക്കുന്നത് എന്നു കണ്ടെത്തി മോഷണം നടത്തുന്ന വിരുതന്മാരാണ് ഇന്നു നമ്മുടെ നാട്ടിൽ ഉള്ളത്. ഇവരെ ചെറുക്കുന്നതിനായി മുൻനിര ബ്രാൻഡുകളുടെ ലോക്കുകളും ഉയരമേറിയ മതിലുകളും ശൗര്യമുള്ള നായ്ക്കളും ഒന്നും പര്യാപ്തമല്ല. 

പ്രതിരോധമാണ് ഈ അവസരത്തിൽ ഏറ്റവും മികച്ച മാർഗം. മോഷണം തടയുന്നതിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. ഇതിനായി ആധുനിക സാങ്കേതികവിദ്യയുടെ സഹായം തന്നെ ഉപയോഗിക്കാം. ലക്ഷങ്ങളും കോടികളും മുടക്കി പണിത വീട്ടിൽ അലങ്കാരത്തിനായി ലക്ഷങ്ങൾ ചെലവിടുന്ന വീട്ടുടമസ്ഥർക്കു തീർച്ചയായും സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനായും പണം ചെലവിടാവുന്നതാണ്. കൂട്ടുകുടുംബങ്ങൾ പലതും അണുകുടുംബങ്ങളായി മാറിയിരിക്കുന്ന ഈ കാലത്ത് പലവീടുകളിലും പകൽ സമയങ്ങളിൽ വൃദ്ധരായ മാതാപിതാക്കൾ മാത്രമായിരിക്കും ഉണ്ടാകുക. അതിനാൽത്തന്നെ മോഷണങ്ങളുടെ ഏറിയ പങ്കും നടക്കുന്നത് പകൽ സമയങ്ങളിൽ തന്നെയാണ്. മോഷ്ടാക്കളിൽനിന്നു ജീവനും സ്വത്തും സംരക്ഷിക്കണം എങ്കിൽ വീടിനു മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടതായുണ്ട്. 

പതിനായിരം രൂപ മുതൽ ഒന്നര ലക്ഷം രൂപവരെ മുടക്കി ചെയ്യാവുന്ന സുരക്ഷാസംവിധാനങ്ങൾ ഇന്നു ലഭ്യമാണ്. വീടിന്റെ വലുപ്പം, പുറത്തേക്കുള്ള വാതിലുകളുടെ എണ്ണം, പ്രത്യേക ശ്രദ്ധ വേണ്ട ഇടങ്ങൾ എന്നിവയെല്ലാം വിലയിരുത്തിയ ശേഷമാണ് സുരക്ഷാസംവിധാനങ്ങൾ ഏതുതരത്തിൽ പെട്ടവ വേണം എന്നു നിർണയിക്കുക. തൊണ്ണൂറു ശതമാനം സുരക്ഷാ മുൻകരുതലുകളും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ബർഗ്ലർ അലാം, സിസി ടിവി, വിഡിയോ ഡോർ ഫോൺ തുടങ്ങിയ സംവിധാനങ്ങളാണ് അടിസ്ഥാനപരമായി ഒരു വീടിന്റെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നത്. വീടു പണിയുമ്പോൾ ഒരു നിശ്ചിത തുക ഇവ സ്ഥാപിക്കുന്നതിനായി ചെലവഴിച്ചാൽ ശേഷിച്ചകാലം പേടിയില്ലാതെ ജീവിക്കാം.

ബർഗ്ലർ അലാം

എല്ലാ വീടുകളിലും ഉപയോഗിക്കാൻ കഴിയുന്ന ഒരു സുരക്ഷാ ഉപകരണമാണ് ബർഗ്ലർ അലാം. വീട്ടിൽ കവർച്ച തടയാൻ ഈ ഉപകരണം സഹായിക്കുന്നു. അനധികൃതമായി ആരെങ്കിലും വീടിനകത്തേക്കു കടക്കാൻ ശ്രമിച്ചാൽ വീടിന്റെ വിവിധ ഭാഗങ്ങളിലായി ഘടിപ്പിച്ചിക്കുന്ന അലാം വലിയ ശബ്ദത്തിൽ മുഴങ്ങും. ഇപ്പോൾ ഗ്ലാസിന്റെ വൈബ്രേഷനനുസരിച്ച് പ്രവർത്തിക്കുന്ന അലാമും നിലവിലുണ്ട്. പ്രധാന വാതിലുകളോടു ചേർന്നാണ് ബർഗ്ലർ അലാം വയ്ക്കുക. ആവശ്യമെങ്കിൽ ഗൃഹനാഥന് ബർഗ്ലർ അലാം നിശ്ചിത സമയത്തേക്കു പ്രവർത്തനരഹിതമാക്കുവാനും സാധിക്കും. വീടിന്റെ ഉള്ളിൽനിന്നാണ് ഇതിന്റെ പ്രവർത്തനമത്രയും. ഇലക്ട്രിക്, ബാറ്ററി ബാക്ക്അപ്പോടു കൂടിയ ബർഗ്ലർ അലാമിന് 4,800 രൂപയാണു തുടക്കവില. 

ഇന്റർകോം

വൃദ്ധരായ അച്ഛനും അമ്മയും ഉള്ള വീടാണ് എങ്കിൽ ഈ ഫെസിലിറ്റി പ്രയോജനപ്പെടും. ഒരു വീടിനുള്ളിലെ വിവിധ മുറികളിലിരുന്നുകൊണ്ട് മൈക്രോഫോൺ, ലൗഡ് സ്പീക്കർ എന്നിവവഴി പുറമേയുള്ളവരോടു ആശയവിനിമയം നടത്താനുള്ള സംവിധാനമാണ് ഇന്റർകോം. ഇന്റർകോം സംവിധാനത്തെ ടെലിഫോൺ, ടെലിവിഷൻ, കംപ്യൂട്ടർ, ഡോർ ക്യാമറകൾ എന്നിവവഴി ബന്ധിപ്പിച്ചു പ്രവർത്തിക്കാൻ കഴിയും. ഈ മാർഗങ്ങൾ വഴിയും മേൽപറഞ്ഞ രീതിയിൽ അപായ സന്ദേശങ്ങൾ കൈമാറാനാകും. അതായത്, സ്വന്തം വീട്ടിൽ ഇരുന്നുകൊണ്ടു നേരിട്ടു തൊട്ടടുത്ത മുറിയിലേക്കും കംപ്യൂട്ടർ മുഖാന്തരം മൈലുകൾക്കപ്പുറത്തുള്ള വ്യക്തിയിലേക്കു വരെ സന്ദേശങ്ങൾ കൈമാറാൻ ഇതുകൊണ്ടു കഴിയും. മാതാപിതാക്കളെയും കുട്ടികളെയും വീട്ടിൽ ഒറ്റയ്ക്കാക്കി ജോലിക്കു പോകാൻ ഇനി മടി വേണ്ട. 

സിസി ടിവി

വീട് സുരക്ഷാ നടപടികളുടെ രണ്ടാംഘട്ടമാണ് വീടിനു ചുറ്റും സിസി ടിവി സ്ഥാപിക്കുക എന്നത്. ഇന്ന് നഗരപ്രദേശങ്ങളിൽ വീടുകളിൽ ഇതു സർവസാധാരണമാണ്. വീടിന്റെ പ്രധാന കവാടങ്ങളെ ചുറ്റിപ്പറ്റിയും കോമ്പൗണ്ട് വോളിനുള്ളിലുമാണു സിസി ടിവി സ്ഥാപിക്കുക. സിസി ടിവി സ്ഥാപിക്കുകവഴി വീടിനു ചുറ്റും നടക്കുന്ന സംഭവങ്ങൾ റെക്കോർഡ് ചെയ്യപ്പെടുകയും അപകടം നടക്കുന്ന പക്ഷം തെളിവുകൾ അവശേഷിക്കുകയും ചെയ്യുന്നു. 

വിഡിയോ ഡോർ ഫോൺ

വീടു സുരക്ഷ മാർഗങ്ങളിലെ മറ്റൊരു പ്രധാനതാരമാണ് വിഡിയോ ഡോർ ഫോണുകൾ. ഫോണുമായി ബന്ധിപ്പിക്കപ്പെട്ട വിഡിയോ സിസ്റ്റമാണത്. രണ്ടു ക്യാമറകൾ ഇതിൽ ഉണ്ടായിരിക്കും. ഒന്നു മുൻവശത്തെ വാതിലിലോ ഗേറ്റിലോ സ്ഥാപിക്കാം മറ്റേത് അകത്തെ മുറിയിലും സ്ഥാപിക്കാം. വീടിനുളിൽ ആരെങ്കിലും അതിക്രമിച്ചു കയറി എന്നതിന്റെ അപായ സൂചനകൾ ലഭിക്കുകയോ സംശയങ്ങൾ ഉണ്ടാകുകയോ ചെയ്യുന്ന പക്ഷം ഫോണിലെ സ്‌ക്രീനിൽ ഉടമയ്ക്ക് കാര്യങ്ങൾ അറിയാനാകും.

ക്യാമറ, ലോക്കിങ് അലാം, വിവരസാങ്കേതികവിദ്യ, ഇന്റർനെറ്റ്, മൊബൈൽ ആപ്പ്സ് എന്നിവയെല്ലാം സംയോജിപ്പിച്ചാണ് ഹോം ഓട്ടമേഷൻ വഴിയുള്ള അത്യാധുനിക സെക്യൂരിറ്റി സംവിധാനങ്ങൾ എന്നിവ വഴിയാണ് ഇന്നു ഒട്ടുമിക്ക സെക്യൂരിറ്റി സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. മേൽപറഞ്ഞ സംവിധാനങ്ങൾക്കു പുറമേ, വാതിലിനും ജനാലയ്ക്കും വേണ്ടിയുള്ള ഇൻട്രൂഷൻ ഡിറ്റക്‌ഷൻ, മാഗ്‌നറ്റിക് കോൺടാക്ട് സെൻസറുകൾ, ഗ്ലാസ് ബ്രേക്ക് ഡിറ്റക്ടർ, പ്രസൻസ് സിമുലേഷൻ, ഡിറ്റക്‌ഷൻ ഓഫ് ഫയർ, പ്രഷർ സെൻസറുകൾ മെഡിക്കൽ അലർട്ട്/ ടെലി അസിസ്റ്റൻസ്, പ്രിസൈസ് ആൻഡ് സേഫ് ബ്ലൈൻഡ് കൺട്രോൾ തുടങ്ങിയ ഒട്ടനവധി സംവിധാനങ്ങളും ഇപ്പോൾ ലഭ്യമാണ്. ഇത്തരം സംവിധാനങ്ങൾ വിനിയോഗിക്കുന്നതിനോടൊപ്പം തന്നെ വീട് ഇൻഷുർ ചെയ്യുക കൂടി ചെയ്യുന്നത് ഇരട്ടി ഫലം നൽകും.