ഒാർക്കിഡിനു ജൈവവളം

നിലത്തു വളരുന്ന ഓർക്കിഡുകൾക്കു ജൈവവളമാകാം. പച്ചച്ചാണകം ഒരു കിലോ അഞ്ചു ലീറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കുക. ചെടികൾക്കു കരുത്തു കിട്ടാൻ 19:19:19 വളം നേരിയ അളവിൽ വെള്ളത്തിൽ കലക്കി ഒഴിക്കുക. ഹാങ്ങിങ് വിഭാഗത്തിനും പച്ചച്ചാണകസ്ലറി, തേങ്ങാവെള്ളം എന്നിവ തളിക്കാം. കായിക വളർച്ചയുടെ  സമയമാണെങ്കിൽ എൻപികെ മിശ്രിതം 3:1:1 എന്ന അനുപാതത്തിൽ തളിക്കാം. പുഷ്പിക്കുന്ന സമയത്ത് ഈ മിശ്രിതം 1:2:2 എന്ന അനുപാതത്തിലും ഈ വളക്കൂട്ടിന്റെ രണ്ടു മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ആഴ്ചയിൽ രണ്ടു തവണ തളിക്കണം. ഈ വളക്കൂട്ടുണ്ടാക്കാൻ വെള്ളത്തിൽ അലിയുന്ന വളങ്ങൾ‍ ഉണ്ടാക്കണം. ഒരു ഗ്രാം നൈട്രജൻ കിട്ടാൻ 2.2 ഗ്രാം യൂറിയ വേണം. ഒരു ഗ്രാം ഫോസ്ഫറസ് കിട്ടാൻ അഞ്ചു ഗ്രാം സൂപ്പർ ഫോസ്ഫറസ് വേണം. ഒരു ഗ്രാം പൊട്ടാഷ് കിട്ടാൻ 1.7 ഗ്രാം മ്യൂറിയേറ്റ്  ഓഫ് പൊട്ടാഷ് വേണം. ലായനി രൂപത്തിലുള്ള രാസവളങ്ങൾ കിട്ടുകയാണെങ്കിൽ അതും ഉപയോഗിക്കാം.

റോസ്

രോഗമുള്ളതും ശക്തി കുറഞ്ഞതുമായ തണ്ടുകൾ നീക്കണം. ശൽക്കകീടങ്ങൾ തണ്ടിൽ പറ്റിക്കൂടി നീരൂറ്റിക്കുടിക്കും. അതുവഴി തണ്ട് ഉണങ്ങുകയും ചെയ്യും. അധികം ഉപദ്രവമേറ്റ തണ്ടുകൾ മുറിച്ചു ചുടണം. മറ്റു കമ്പുകളിൽ മാലത്തയോൺ നേർപ്പിച്ചു പുരട്ടുക. ഉങ്ങിന്റെ എണ്ണ തേക്കുന്നത് ഈ കീടത്തിനെതിരേ ഫലപ്രദമാണെന്നു കാണുന്നു. ഇലപ്പേനുകൾ ഉപദ്രവിക്കുമ്പോൾ ഇലകളും പൂമൊട്ടുകളും വികൃതമാകും. കൂടാതെ,  കുരുടിപ്പ് വരുത്തുന്ന ചെറു കീടങ്ങളായ വെള്ളീച്ച, ജാസിഡ് എന്നിവ ഈ മാസവും ശല്യം ചെയ്യും. വെളുത്തുള്ളിനീരു നേർപ്പിച്ചത്, വെളുത്തുള്ളി – വേപ്പെണ്ണ – സോപ്പ് മിശ്രിതം, കോൺഫിഡോർ എന്നിവ ഈ കീടങ്ങൾക്കെതിരേ ഉപയോഗിക്കാം. കരിംപൊട്ട് രോഗം നിയന്ത്രിക്കാൻ ബാവിസ്റ്റിനൊ (രണ്ടു ഗ്രാം / ലീറ്റർ വെള്ളം) ബ്ലിട്ടോക്സോ (മൂന്നു ഗ്രാം / ലീറ്റർ വെള്ളം) തളിക്കുക. താഴെപ്പറയുന്ന വിധത്തിൽ കൂട്ടുവളമുണ്ടാക്കി റോസിനു ചേർക്കുക.

യൂറിയ – 100 ഗ്രാം, സൂപ്പർ ഫോസ്ഫേറ്റ് 150 ഗ്രാം, എല്ലുപൊടി 125 ഗ്രാം, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 125 ഗ്രാം. ഒരു തവണ ഒരു ചുവടിന് 50 ഗ്രാം ചേർക്കണം. വളം ചുറ്റും വിതറി തടത്തിൽ കൊത്തിച്ചേർക്കുക. ഈ മാസം ഒരു തവണ ജൈവവളം കൂടി ചേർക്കുക. മണ്ണിരക്കമ്പോസ്റ്റ്, അഴുകിപ്പൊടിഞ്ഞ കാലിവളം എന്നിവയിലൊന്നു ചെറുതായി തടം തുറന്നു ചേർക്കുക.

ആന്തൂറിയം

നല്ല വളർച്ചയ്ക്ക് 20–25 ഡിഗ്രി സെൽഷ്യസ് ചൂടും 20–25% സൂര്യപ്രകാശവുമാണ് വേണ്ടത്. കേരളത്തിന്റെ കാലാവസ്ഥയിൽ ആന്തൂറിയം വളർത്തുന്നതിനു തണൽവല അത്യാവശ്യം. ഒരു ചുവടിന് ഒരു ടീസ്പൂൺ വീതം കുമ്മായം മൂന്നു നാല് മാസത്തിലൊരിക്കൽ എന്ന കണക്കിനു ചേർക്കണം. ജൈവവളമായി മണ്ണിരക്കമ്പോസ്റ്റ്, എല്ലുപൊടി, അഴുകിപ്പൊടിഞ്ഞ കാലിവളം, വേപ്പിൻപിണ്ണാക്ക് എന്നിവ മാറിമാറി ഇടയ്ക്കിടെ ചേർക്കാം. രണ്ടാഴ്ചയിലൊരിക്കൽ ഒരു ടീസ്പൂൺ വീതം 19:9:19 വളം അഞ്ചു ലീറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കുക.