വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് പൃഥ്വി: എം.രഞ്ജിത്ത്

വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് പൃഥ്വിരാജ് എന്ന് നിർമാതാവ് എം.രഞ്ജിത്ത്. ചില പുതുമുഖ സംവിധായകരുടെ ആത്മാർഥതയില്ലായ്മ മലയാള സിനിമയെ അപകടത്തിലാക്കുകയാണെന്നും അദ്ദേഹം പറയുന്നു. അഞ്ജലി മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘കൂടെ’,യുടെ വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ട് മനോരമ ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു എം രഞ്ജിത്ത്. 2 കണ്ട്രീസ് എന്ന സൂപ്പർഹിറ്റിന് ശേഷം രഞ്ജിത്ത് നിർമിക്കുന്ന സിനിമയാണ് കൂടെ.

എന്താണ് കൂടെ‌

ബന്ധങ്ങളുടെ കഥയാണ് കൂടെ. കുടുംബ ബന്ധങ്ങളെന്ന് പൂർണമായും പറയാനാവില്ല, അതു മാത്രമല്ല. വൈകാരികമായ ബന്ധങ്ങളുടെ അനുഭവമായിരിക്കും ഈ സിനിമ നിങ്ങൾക്കു സമ്മാനിക്കുക . 

എന്തുകൊണ്ടാണ് കൂടെ

വളരെ കുറച്ചു സിനിമകളെ ഞാൻ ചെയ്തിട്ടുള്ളൂ. നല്ല സിനിമകൾ ചെയ്യണമെന്നതാണ് ആഗ്രഹം, പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമകൾ. അങ്ങനെയൊന്നാണ് കൂടെ. 

മഞ്ചാടിക്കുരു ചെയ്യുന്ന സമയത്ത‌് അഞ്ജലിയെ പരിചയമുണ്ട്. പിന്നീട് അഞ്ജലിയുെട ഒരു ചിത്രത്തിന്റെ നിർമാതാവ് പിന്‍മാറിയിരുന്ന സമയത്ത് വിതരണത്തിന് സഹായിക്കാൻ പോയ അവസരത്തിലാണു ഒരുമിച്ചൊരു സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്. അങ്ങനെ ഒരു കഥാതന്തു വികസിച്ചു വന്നു. ഇപ്പോൾ ‘കൂടെ’ ഒരു സിനിമയായി.

നല്ല സിനിമകൾ ചെയ്യുന്ന ഒരാളാണ് അഞ്ജലി. അഞ്ജലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നൂറു ശതമാനം വിശ്വാസത്തോ‌ടെയാണു ഞാൻ സമീപിച്ചത്. നല്ല സിനിമ ചെയ്യാൻ പിന്തുണ നൽകുക മാത്രമേ ചെയ്തിട്ടുള്ളൂ. സിനിമ സാമ്പത്തികമായി നന്നാവണമെന്ന ‌ആഗ്രഹം എല്ലാ നിർമാതാക്കൾക്കുമുണ്ട്. നല്ല സിനിമകളും വേണമല്ലോ.

അഞ്ജലി മേനോനെന്ന സംവിധായികയിൽ കണ്ട പ്രത്യേകതകൾ

എല്ലാ സംവിധായകരുമായും നല്ല ബന്ധം പുലർത്തുന്ന ആളാണു ഞാൻ. എന്റെ കൂടെപ്രവർത്തിച്ചിട്ടുള്ള എല്ലാവരും സിനിമയ്ക്കു വേണ്ടി എന്തു ചെയ്യാനും മടിയില്ലാത്തവർ. ഇതു തന്നെയാണ് അഞ്ജലിയുടെ പ്രത്യേകതയും. സിനിമയ്ക്കു വേണ്ടി എത്ര കഷ്ടപ്പെടാനും അവർ തയാറാണ്. പിന്നെ നമ്മളുടേതിനു സമാനമായ കാഴ്ചപ്പാടുകളും അവർക്കുണ്ട്. അതു കൊണ്ടു ആശയം വിനിമയം എളുപ്പമാണ്. 

പൃഥ്വിരാജ് വ്യക്തി, നടൻ 

വളരെ മികച്ച നടനാണ് പൃഥ്വിയെന്നത് സംശയമില്ലാത്ത കാര്യമാണ്. പൃഥ്വിരാജിനൊപ്പമുള്ള എന്റെ മൂന്നാമത്തെ ചിത്രമാണിത്. എന്റെ വീട്ടിലുള്ള ഒരാൾ, എന്റെ അനിയൻ അതാണ് പൃഥ്വി. എന്നോടും ഒരു ചേട്ടനെ പോലെയാണ് പെരുമാറിയിട്ടുള്ളത്.

മൂന്നു സിനിമകളിലും  എതിർത്തൊരു വാക്ക് പോലും പറഞ്ഞിട്ടില്ല. യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ആർക്കും ഉണ്ടാക്കില്ല. എന്റെ സിനിമയിലഭിനയിച്ച നടന്മാരെല്ലാം അങ്ങനെ തന്നെയാണ് പെരുമാറിയിട്ടുള്ളത്. എന്നാൽ, പൃഥ്വിയുടെ കാര്യം എടുത്തു പറയാൻ കാരണം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒരാളാണു പ‍ൃഥ്വിരാജ്. 

സംവിധായകൻ രഞ്ജിത്തിലേക്ക് 

രണ്ടു കാലഘട്ടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വേഷമാണത്. ആ വേഷത്തിനു പലരെയും ആലോചിച്ചെ‌ങ്കിലും അഞ്ജലിക്ക് അനുയോജ്യമായി തോന്നിയില്ല. ചിത്രീകരണം തുടങ്ങിയപ്പോഴും ഈ വേഷത്തിലേക്ക് നടനെ കണ്ടെത്തിയിരുന്നില്ല. ഒരു ദിവസം സംസാരിക്കുന്നതിനിടയില്‍ യാദൃച്ഛികമായി പൃഥ്വിരാജ് ചോദിച്ചു, നമുക്ക് രഞ്ജിത്തേട്ടനെ വച്ച് അഭിനയിപ്പിച്ചാലോ എന്ന്. 

ഡ്രാമ സ്കൂളില്‍ പഠിച്ചിട്ടുള്ള ആളാണ് അദ്ദേഹം, സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന് നന്നായി ചെയ്യാൻ പറ്റുമെന്നു ഞങ്ങൾക്കും പ്രതീക്ഷ ഉണ്ടായിരുന്നു. അങ്ങനെ ആദ്യം അഞ്ജലി, രഞ്ജിത്തേട്ടനെ വിളിച്ചു, ഞങ്ങൾക്കിങ്ങനെയൊരു ആലോചന ഉണ്ടെന്നു പറഞ്ഞു. 

പിന്നീട് ഞാൻ അദ്ദേഹത്തെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു, ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. നല്ല സിനിമയുടെ ഭാഗമാകാൻ സന്തോഷമേയുള്ളൂവെന്നും പക്ഷേ എനിക്കിതു ചെയ്യാൻ പറ്റുമോ എന്നു സം‌ശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ അടുത്ത സുഹ‍ൃത്തുക്കളിലൊരാളാണ്. രഞ്ജിത്തേട്ടന്റെ  സിനിമയിലൂടെ വന്ന ആളാണ് പൃഥ്വി. കേരള കഫേയിൽ അദ്ദേഹത്തിനൊപ്പം അഞ്ജലി പ്രവർത്തിച്ചിട്ടുമുണ്ട്. ചേട്ടൻ ഇവിടെ ഒന്ന് വരൂ എന്നു ഞാൻ അദ്ദേഹത്തോട് പറഞ്ഞു. 

രഞ്ജിത്തേ‌ട്ടൻ വന്നു, തിരക്കഥ വായിച്ചു. ആരോടു ഇപ്പോൾ ഒന്നും പറയേണ്ടെന്നും രണ്ടു ദിവസം അഭിനയിച്ചു നോക്കിയിട്ട് എനിക്കു പറ്റുമെന്നു നിങ്ങൾക്കു  തോന്നിയാൽ തുടർന്നാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, ആദ്യ ദിവസം തന്നെ മികച്ച രീതിയിൽ അഭിനയിച്ച് അദ്ദേഹം എല്ലാവരേയും അമ്പരിപ്പിച്ചു.

മലയാളത്തിൽ ഒരേസമയം റിലീസിനെത്തുന്നത് അഞ്ചോ ആറോ സിനിമകൾ

എന്റെ അഭിപ്രായത്തിൽ സിനിമയ്ക്ക് ഇൗ പ്രവണത വളരെ ദോഷകരമാണ്. സിനിമകളുടെ‌ എണ്ണം കൂടുന്നതു കൊണ്ടു കാര്യമില്ല. എണ്ണം കുറവായിരുന്നെങ്കിലും മികച്ച സിനിമകൾ കൂടുതലിറങ്ങുന്നതാണ് നല്ലത്. ആളുകൾ ശ്രദ്ധിക്കപ്പെടുന്ന ചിത്രമെടുക്കുകയെന്നതാണു ഭാഗ്യം. മലയാളി പ്രേക്ഷകർക്കു വേണ്ടി മികച്ച സിനിമയാണെടുക്കുന്നതെന്നു ഓരോ നിർമാതാക്കളും ഉറപ്പു വരുത്തണം. മോശം സിനിമകൾ എനിക്കും സംഭവിച്ചിട്ടുണ്ട്.  പക്ഷേ നല്ല സിനിമയ്ക്കു വേണ്ടിയുള്ള ശ്രമമെങ്കിലും ഉണ്ടാവണം. അങ്ങനെയുള്ള ശ്രമങ്ങൾ പോലുമില്ലാത്തത് മലയാള സിനിമയ്ക്ക് അപകടമാണ്.  

നിർമാതാക്കൾ നേരിടുന്ന വെല്ലുവിളി

പുതുമുഖ സംവിധായകരാണ് ഇന്ന് കൂടുതലും വന്നു കൊ​ണ്ടിരിക്കുന്നത്. ആ പുതുമുഖ സംവിധായകനെ വിശ്വസിച്ചു കോടി കണക്കിനു രൂപ മുതൽമുടക്കുന്ന നിർമാതാവിനോ‌ട് 50 ശതമാനം സംവിധായകരും നീതി പുലർത്തുന്നില്ല.  അവർ നല്ലൊരു സിനിമയ്ക്കു വേണ്ടി നിലകൊള്ളുകയാണെങ്കിൽ അഭിനന്ദിക്കാം. ഒരു അസോസിയേഷന്റെ സെക്രട്ടറി എന്ന നിലയ്ക്ക് ഞാൻ കാണുന്നതാണ് പല പ്രോജക്ടുകളിലും നിർമാതാക്കൾ വഞ്ചിക്കപ്പെടുന്ന കാഴ്ചയാണ്. 

നിർമാതാക്കൾ ശ്രദ്ധിക്കേണ്ടതെന്ത്? 

സിനിമ കാണാൻ പ്രേക്ഷകരില്ലെത്താതെന്തുകൊണ്ടെന്ന അവലോകനമല്ല വേണ്ടത്, എങ്ങനെ അവരിലേയ്ക്ക് എത്തിക്കാമെന്നതിൽ ശ്രദ്ധിക്കുക. അതിനുള്ള ശ്രമങ്ങള്‍ നടത്തുക. പ്രേക്ഷകനോടു നീതി പുലർത്തിയേ പറ്റൂ. തിയറ്ററിലെത്തുന്നവരെ നിരാശപ്പെടുത്തിയാൽ സിനിമാ വ്യവസായം തകരും. സിനിമാ പ്രേമികളെ കൂടുതൽ സിനിമയിലോ‌ട്ടു അ‌ട‌ുപ്പിക്കാനുള്ള ശ്രമങ്ങൾ ന‌ടത്തി കൊണ്ടേയിരിക്കണം.