‘അവസരത്തിനായി ഒന്നു വഴങ്ങിയാൽ ജീവിതകാലം മുഴുവൻ വേണ്ടി വരും’ സാധിക പറയുന്നു

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാറുണ്ട്. അഭിനയമാണ് തൊഴിലെന്ന് കരുതി പലരും മോശമായി പെരുമാറാറുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെയ്സ്ബുക്കിലൂടെ ശരീര ഭാഗങ്ങളുടെ ചിത്രവും നഗ്ന ഫോട്ടോയുമൊക്കെ പലരും അയച്ചുതരുന്നുണ്ടെന്നും ഇതിനിയും തുടര്‍ന്നാല്‍ താന്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

സിനിമയുടെയും ആൽബങ്ങളുടെയും മറവിൽ ചതികളിൽ അകപ്പെടരുതെന്ന് പറഞ്ഞാണ് സാധിക വീണ്ടും രംഗത്തു വന്നിരിക്കുന്നത്. അവസരങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കണമെന്നും സ്വന്തം ജീവിതം ഹോമിക്കരുതെന്നും സാധിക ഫോയ്സ്ബുക്കിൽ ഓർമ്മപ്പെടുത്തി. നല്ല കലാകാരൻമാർ ഒരിക്കലും സ്ത്രീകളെ ഉപയോഗിക്കില്ലെന്ന് തിരിച്ചറിയണമെന്നും സാധിക പറയുന്നു. 

‘അഭിനയിക്കാൻ ആഗ്രഹിച്ചോളൂ, നല്ല വർക്കുകളുടെ ഭാഗമാവാൻ പറ്റിയാൽ അത് ചെയ്യൂ അല്ലാതെ ഇതുപോലുള്ള ആളുകളുടെ ഇടയിൽ ചെന്ന് ജീവിതം ഹോമിക്കാതിരിക്കൂ സഹോദരിമാരെ... നല്ല കലാകാരൻമാർ ഒരിക്കലും കലയ്ക്കായി പെണ്ണിനെ ഭോഗിക്കില്ല, ഉപയോഗിക്കില്ല എന്ന് ഓർക്കുക അവരെ തിരിച്ചറിയുക സ്വയം സംരക്ഷകരാകുക. ഒരു അവസരത്തിന് ഒരാളുടെ മുന്നിൽ വഴങ്ങിയാൽ  പിന്നെ ജീവിതകാലം മുഴുവൻ അത് ചെയ്യേണ്ടിവരും എന്ന സത്യം തിരിച്ചറിയുക. നമുക്ക് വിധിച്ചത് നമ്മളെ തേടിവരും അതെത്ര അകലത്തിലായാലും ക്ഷമയോടെ കാത്തിരുന്നാൽ മതി.’ സാധിക പറയുന്നു.