ഇന്‍സ്പയറിങ് ഐക്കണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സോഹന്‍ റോയിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം സരസ്വതി വിദ്യാലയ ഏര്‍പ്പെടുത്തിയ ദി ഇന്‍സ്പയറിങ് ഐക്കണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം യു.എ.ഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് മേധാവി സോഹന്‍ റോയിക്ക് സമ്മാനിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് സോഹന്‍ റോയിക്ക് പുരസ്‌കാരം സമര്‍പ്പിച്ചത്. 

മറൈന്‍, വിനോദം, മാധ്യമം, ആരോഗ്യം തുടങ്ങിയ മേഖലകളിലായി 15 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 48 കമ്പനികള്‍ ഉള്‍പ്പെടുന്ന വ്യവസായ ഗ്രൂപ്പായ ഏരീസ് ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഒയും ആണ് സോഹന്‍ റോയ്. 1998 ലാണ് 'ഏരീസ് മറൈന്‍' എന്ന സ്ഥാപനത്തിന് സോഹന്‍ റോയ് തുടക്കമിട്ടത്. മികച്ച നേതൃപാടവം കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള സോഹന്‍ റോയ് ഫോബ്സ് ടോപ്പ് ഇന്ത്യന്‍ ലീഡേഴ്സ് ഇന്‍ മിഡില്‍ ഈസ്റ്റ് പട്ടികയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 

ഡാം 999 എന്ന ഹോളിവുഡ് സിനിമയിലൂടെ സംവിധാന രംഗത്തും ചുവടുറപ്പിച്ച സോഹന്‍ റോയ് പ്രൊജക്ട് ഇന്‍ഡിവുഡിലൂടെ ഹോളിവുഡ് മാതൃകയില്‍ ബിഗ് ബജറ്റ് സിനിമകളൊരുക്കുന്നതിനും, ഇന്ത്യന്‍ സിനിമ രംഗത്തെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള നിരവധി പദ്ധതികള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്.

സോഹന്‍ റോയ് സ്ഥാപക ഡയറക്ടറായ 10 ബില്യണ്‍ യുഎസ് ഡോളര്‍ പദ്ധതി ഇന്‍ഡിവുഡിലൂടെ 2020 ഓടെ രാജ്യത്താകമാനം 4കെ നിലവാരത്തിലുള്ള 10000 മള്‍ട്ടിപ്ലെക്‌സ് സ്‌ക്രീനുകള്‍, ഒരു ലക്ഷം 2കെ ഹോം തീയേറ്ററുകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സ്‌കൂളുകള്‍, 8കെ/4കെ സിനിമ സ്റ്റുഡിയോകള്‍, 100 അനിമേഷന്‍/വിഎഫ്എക്‌സ് സ്റ്റുഡിയോകള്‍ തുടങ്ങിയ ലോകോത്തര നിലവാരമുളള സംവിധാനങ്ങളാണ് വിഭാവനം ചെയ്യുന്നത്.