ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതി

കൊച്ചി∙ ശ്വാസ തടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാളെ വെന്റിലേറ്ററിൽ നിന്നു മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്വാസകോശത്തിൽ ഫ്ലൂയിഡ് നിറഞ്ഞതും നീർക്കെട്ടുണ്ടായതുമാണ് ശ്രീനിവാസന്റെ ആരോഗ്യനിലയെ ബാധിച്ചത്. 

രാവിലെ ഡബ്ബിങ്ങിനായി ലാൽ മീഡിയയിൽ എത്തിയപ്പോൾ തളർച്ച അനുഭവപ്പെട്ടതിനെ തുടർന്നാണ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ അദ്ദേഹത്തിന്റെ ചികിത്സാ ഹിസ്റ്ററി ആസ്റ്റർ മെഡിസിറ്റിയിലായതിനാൽ അവിടേയ്ക്ക് മാറ്റുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നു. 

മകൻ ധ്യാൻ, നടൻമാരായ നിവിൻ പോളി, അജു വർഗീസ് തുടങ്ങിയവർ ആശുപത്രിയിലുണ്ട്. വിനീത് ശ്രീനിവാസൻ ചെന്നൈയിൽ നിന്നു നാട്ടിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.