പ്രശസ്തിക്ക് വേണ്ടി ടൊവീനോ ഉണ്ടാക്കിയതോ വെള്ളപ്പൊക്കം: ടൊവീനോയെ ചിരിപ്പിച്ച് പിഷാരടി

പ്രളയകാലത്ത് കൈയ്മെയ് മറന്നിറങ്ങി രക്ഷാപ്രവർത്തന രംഗത്ത് സജീവമായി രംഗത്തുണ്ടായിരുന്ന നടനാണ് ടൊവീനോ. പ്രശസ്തിക്കും സിനിമാ പ്രൊമോഷനും വേണ്ടിയായിരുന്നു ഇതെല്ലാമെന്ന് വിമർശനമുയര്‍ന്നെങ്കിലും പലരും ആ നല്ല മനസ്സിന് കൈയടിച്ചു. പ്രളയകാലത്തെ ടൊവീനോയുടെ ഇടപെട‌ലിനെ നർമരസത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടി. പ്രശസ്തിക്കു വേണ്ടി ടൊവീനോ ആണ് പ്രളയമുണ്ടാക്കിയതെന്നു വരെ ചിലർ പറഞ്ഞേക്കാമെന്ന് പിഷാരടി പറഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്ന ടൊവീനോയും പൊട്ടിച്ചിരിച്ചു.

നല്ല കാര്യം ചെയ്യുന്നവരെപ്പോലും പുറകോട്ട് വലിക്കുന്നത് ഇത്തരം കമന്റുകളും പ്രവണതകളുമാെണന്നും ഇങ്ങനെയുള്ള വിമർശനങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുക എന്നും പിഷാരടി ടൊവീനോയോട് ചോദിക്കുകയുണ്ടായി. 

‘സാമാന്യ ബുദ്ധിയുള്ളവർക്ക് അത് മനസ്സിലാകും. മഴ അന്ന് നിർത്താതെ പെയ്യുകയാണ്. നോക്കിനിൽക്കുമ്പോളാണ് വെള്ളം ഉയർന്നുകൊണ്ടിരുന്നത്. നാളെ കേരളം തന്നെ ഉണ്ടാകുമോ എന്ന ആശങ്കക്കിടയിൽ എന്തു സിനിമ? എന്തു പ്രൊമോഷന്‍?’–ടൊവീനോ പറഞ്ഞു.