രജനിയുടെ ‘പേട്ട തുള്ളൽ’; റിവ്യു

രജനികാന്ത് എന്ന താരവും നടനും ഒന്നിക്കുന്ന അപൂർവ കാഴ്ച. അതാണ് പേട്ട.  രജനി എന്ന സൂപ്പർ താരത്തിന് അഴിഞ്ഞാടാനും രജനി എന്ന നടന് മനസ്സറിഞ്ഞു അഭിനയിക്കാനും അവസരം ഉണ്ടാക്കിയ കാർത്തിക് സുബ്ബരാജ് ചിത്രം, ഒറ്റവാക്കിൽ വിശേഷിപ്പിച്ചാൽ ഈ ചിത്രത്തിൽ തന്നെ മണികണ്ഠൻ പറയുന്നത് പോലെ ‘കൊല മാസ്സ്’ തന്നെ...

സൂപ്പർസ്റ്റാർ എന്ന ബ്രാൻഡ് ഇമേജില്‍ രജനിയെ അടിമുടി മാറ്റി അവതരിപ്പിച്ച സിനിമയായിരുന്നു പാ. രഞ്ജിത്തിന്റെ കബാലി. മികച്ച നിരൂപക പ്രശംസ നേടിയിരുന്നെങ്കിലും രജനി ആരാധകർക്കൊരു പൂർണതൃപ്തി നൽകാൻ കബാലിക്കോ പിന്നീട് വന്ന കാലയ്ക്കോ കഴിഞ്ഞില്ലെന്നതാണ് വാസ്തവം. കാർത്തിക് സുബ്ബരാജ്...പേട്ട സിനിമയെ പ്രേക്ഷകർ ആവേശത്തോടെ കണ്ടത് ഈ പേരിലൂടെയാണ്...പിസയും ജിഗർതാണ്ടയും ഇരൈവിയുമൊക്കെ തമിഴകത്തിന് സമ്മാനിച്ച മിടുക്കൻ...

എന്നാൽ പേട്ടയിലെത്തിയപ്പോൾ ആ ചെറുപ്പക്കാരൻ ഒറ്റക്കാര്യം ആദ്യമേ പറഞ്ഞിരുന്നു. ‘ഈ സിനിമയിൽ തനിക്ക് ഒരേയൊരു ഇൻസ്പിരേഷൻ 'വൺ ആൻഡ് ഒൺലി സൂപ്പർസ്റ്റാർ' രജനി ആണെന്ന്. ഈ പടം ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നതും അദ്ദേഹത്തിന് തന്നെ എന്ന്’. പേട്ട തുടങ്ങുന്നതിനു മുമ്പും ഈ വാചകങ്ങളാണ് എഴുതികാണിക്കുന്നത്. ആദ്യമേ തന്നെ പറയാം കാർത്തിക്കിന്റെ മുൻസിനിമകളുമായി പേട്ടയെ താരതമ്യം ചെയ്യരുത്. ഇതൊരു പക്കാ രജനികാന്ത് സിനിമയാണ്. പടയപ്പയിലും ബാഷയിലും കണ്ട് മതിമറന്ന ആ വിന്റേജ് രജനിയെ പേട്ടയിൽ കാണാം.

തമിഴ്നാട്ടിലെ ഒരു ഹില്‍ സ്റ്റേഷനിലെ കോളജ് ഹോസ്റ്റല്‍ വാര്‍ഡനായി കാളി എത്തുന്നിടത്താണ് പേട്ടയുടെ തുടക്കം. റാഗിങും ഗുണ്ടാ ഭരണവും നിറഞ്ഞ ഹോസ്റ്ററിലിനെ ഒറ്റദിവസം തന്നെ കാളി നേരെയാക്കുന്നു. എന്നാൽ ഭൂതകാലത്തിന്‍റേതായ എന്തൊക്കെയോ നിഗൂഢതകൾ അയാള്‍ ഉള്ളിൽ ചുമക്കുന്നുണ്ട്.

മമ്മൂട്ടിയുടെ ജോണിവാക്കർ സിനിമയെ അനുസ്മരിക്കും വിധം രസകരമായ നിമിഷങ്ങളിലൂടെയാണ് പേട്ടയുടെ ആദ്യ പകുതി മുന്നോട്ട് പോകുന്നത്. ചടുലതയോടെ അനായാസമായ അഭിനയപ്രകടനവുമായി രജനി പ്രേക്ഷകരുടെ മനംകവരുന്നു. അൽപം തമാശയും പ്രണയവും ഹീറോയിസവുമായി മുന്നോട്ടു പോകുന്ന സിനിമ ഇടവേളയോട് അടുക്കുമ്പോള്‍ ട്രാക്ക് മാറുകയാണ്. പിന്നീട് പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റിലേക്ക് സിനിമ മാറുന്നു. 

രണ്ടാം പകുതിയില്‍ കാളിയില്‍ നിന്നും ചിത്രം പേട്ടയുടെ കഥയാവുന്നു. ഇരുപത് കൊല്ലം മുൻപ് അയാൾ കാളി അല്ല, പേട്ട വേലൻ ആണ്. മധുരൈയിലാണ് പിന്നീട് കഥ നടക്കുന്നത്. ട്വിസ്റ്റുകളും സസ്പെന്‍സുമെല്ലാമായി ചിത്രം രണ്ടാം പകുതിയില്‍ ചിത്രം കൂടുതല്‍ ആവേശകരമാകുന്നു. പ്രേക്ഷകന് ഊഹിക്കാവുന്ന കഥാഗതിയാണെങ്കിലും അവിടെയും അവനെ കബളപ്പിച്ച് കഥ പറയുകയാണ് സംവിധായകൻ. 171 മിനിറ്റുള്ള സിനിമ ഇഴച്ചിലില്ലാതെ മുന്നോട്ട് പോകുന്നതും കാർത്തിക്കിന്റെ സംവിധാനമികവിൽ തന്നെ.

സംവിധായകന്റെ മുൻകാല സിനിമകളുടെ സ്വഭാവം പോലെയല്ല പേട്ടയുടെ അവതരണശൈലി. രജനികാന്ത് എന്ന സൂപ്പർസ്റ്റാർ മാത്രമാണ് ചിത്രത്തിലുടനീളം മിന്നി നിൽക്കുന്നത്. ഈ പ്രായത്തിലുള്ള അദ്ദേഹത്തിന്റെ എനർജിയും ഡലയോഗ് ഡെലിവറിയും ആക്‌ഷന്‍ രംഗങ്ങളിലെ സ്റ്റൈലും എടുത്തുപറയേണ്ടതാണ്. ഈ പഴയ രജനിയെ തിരിച്ചുകൊണ്ടുവരുകയായിരുന്നു കാർത്തിക്കിന്റെ ലക്ഷ്യവും. ആ ദൗത്യത്തിൽ അദ്ദേഹം ഏറെക്കുറെ വിജയിച്ചിട്ടുണ്ട്.  കരുത്തുറ്റതോ സങ്കീർണ നിറഞ്ഞതോ ആയ കഥാതന്തുവല്ല സംവിധായകൻ ഈ ചിത്രത്തിനായി തിരഞ്ഞെടുത്തതെന്നതും ഈ ലക്ഷ്യം കൊണ്ടുതന്നെയായിരിക്കാം. 

സിനിമ പറയുന്ന രാഷ്ട്രീയവും കാലികമാണ്. കമിതാക്കളെ ആക്രമിക്കുന്ന പ്രത്യേക തരം ‘സേന’കളെയും ജാതിവെറിയെയുമൊക്കെ ചിത്രത്തിലൂടെ വിമർശനാത്മകമായി പ്രതിപാദിക്കുന്നുണ്ട്. പശുവും ജാതിയും സംസാരിക്കുന്ന ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലേക്കും സിനിമ കടന്നു ചെല്ലുന്നുണ്ട്. ആദ്യ പകുതിയില്‍ തമിഴ്നാട്ടിലാണ് കഥ നടക്കുന്നതെങ്കില്‍ അത് രണ്ടാം പകുതിയില്‍ ഉത്തര്‍പ്രദേശിലേക്ക് മാറുന്നു.

കരുത്തുറ്റ താരനിരയാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ചെറിയ വേഷമാണെങ്കിലും ജിത്തുവായി വിജയ് സേതുപതി കസറി. മണ്ടനെന്ന് ആദ്യം തോന്നുവെങ്കിലും ക്രൂരമനസ്സുള്ള സിംഗാർ എന്ന വില്ലൻ കഥാപാത്രത്തെ നവാസുദ്ദീൻ ഗംഭീരമാക്കിയെന്ന് പറയാം. മാലിക് ആയി എത്തിയ ശശികുമാറും തന്റെ ചെറിയവേഷം ഭംഗിയാക്കി. നായികമാരായ സിമ്രാനും തൃഷയ്ക്കും കാര്യമായി ഒന്നും ചെയ്യാനില്ല.

ബോബി സിംഹ, മണികണ്ഠൻ, മഹേന്ദ്രൻ, രാംദോസ് എന്നിവരാണ് മറ്റുകഥാപാത്രങ്ങൾ. മാളവിക മോഹനനും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചത്.

അനിരുദ്ധ് രവിചന്ദ്രന്റെ സംഗീതം പേട്ടയുടെ ജീവനെന്ന് പറയാം. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും അനിരുദ്ധ് തന്നെയാണ്. ‘വേറെ ലെവൽ’ എന്ന് തമിഴ്സിനിാ ഭാഷയില്‍ പറയാം. തിരുവിന്റെ ക്യാമറയും വിവേക് ഹര്‍ഷന്റെ എഡിറ്റിങും അത്യുഗ്രൻ. ആക്‌ഷൻ രംഗങ്ങളിലെ ലൈറ്റിങും ക്യാമറ ചലനങ്ങളും മികവുറ്റതാണ്. തമിഴ്നാട്ടില്‍ ആണ് കഥ നടക്കുന്നതെങ്കിലും ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത് ഡെറാഡൂണിലാണ്. പീറ്റര്‍ ഹെയിനിന്റെ സംഘട്ടനം സിനിമയുടെ മറ്റൊരു കരുത്താണ്.

വർഷങ്ങൾക്കു ശേഷം രജനി എന്ന താരത്തെ ആരാധകർ കാണാൻ ഇഷ്ടപ്പെട്ടിരുന്ന രീതിയിൽ കാണിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് പേട്ടയുടെ ഏറ്റവും വലിയ പ്രത്യേകത.  രജനി ഷോ എന്നതിനപ്പുറം നല്ല സിനിമ എന്ന രീതിയിലും പേട്ട പ്രേക്ഷകരെ ആകർഷിക്കും. രണ്ടാമതൊന്നു ആലോചിക്കാതെ ധൈര്യമായി ടിക്കറ്റ് എടുക്കാം രജനിയുടെ ‘പേട്ട തുള്ളലിന്’...