തെലുങ്കരുടെ 'ദൈവം' ഇനി മമ്മൂട്ടി; ആദരവോടെ നോക്കി ഇന്ത്യൻ സിനിമാലോകം

ഇരുപതു വർഷത്തെ ഇടവേളയ്ക്കു ശേഷം തെലുങ്കുമനം കവരാൻ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി എത്തുകയാണ്. അതും തെലുങ്കർ ദൈവത്തെ പോലെ കാണുന്ന വൈഎസ്ആർ ആയി 'യാത്ര'യിലൂടെ. ചിത്രത്തിലെ 'രാജണ്ണ നിന്നപ്പകലാരാ' എന്നഗാനത്തിനു വൻ സ്വീകാര്യതയാണു ലഭിക്കുന്നത്. 

ഗാനത്തിന്റെ ലിറിക് വിഡിയോയാണ് എത്തിയത്. നടത്തത്തിലും നിൽപ്പിലും എല്ലാം അടിമുടി വൈ.എസ് രാജശേഖര റെഡ്ഡിയാകാൻ മമ്മൂട്ടിക്ക് കഴിയുന്നുണ്ട്. വസ്ത്രധാരണത്തിലും കൈ പിന്നിൽ കെട്ടിയുള്ള നടത്തത്തിലും വൈഎസ്ആർ പുനർജനിക്കുകയാണ്. 

വന്ദേമാതരം ശ്രീനിവാസാണു ഗാനം ആലപിച്ചിരിക്കുന്നത്. സിരിവെന്നല സീതാരാമശാസ്ത്രിയുടെതാണു വരികൾ. കൃഷ്ണകുമാറിന്റെതാണു സംഗീതം. 'യാത്ര'യുടെ ടീസറിനും വൻ സ്വികാര്യതയായിരുന്നു ലഭിച്ചത്. മഹി വി. രാഘവാണ് ചിത്രത്തിന്റെ സംവിധാനം. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി എന്നിവരും മമ്മൂട്ടിക്കൊപ്പം എത്തുന്നു. 

മൂന്നുവര്‍ഷം നീണ്ട പദയാത്ര നടത്തി തെലുങ്ക് രാഷ്ട്രീയത്തിലെ അതികായനായി മാറിയ വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതമാണു സിനിമയുടെ പ്രമേയം. 1999 മുതൽ 2004വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതകഥയാണു ചിത്രീകരിച്ചിരിക്കുന്നത്. 2004ല്‍ കോൺഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ മുഖ്യഭാഗമാണ്. 1475 കിലോമീറ്റർ പദയാത്ര മൂന്നുമാസം കൊണ്ടാണ് വൈഎസ്ആർ പൂര്‍ത്തീകരിച്ചത്.