കത്തുപാട്ടിന്റെ ഈണത്തിൽ ഉമ്മയെ പറ്റി മകനോട് വാപ്പ; ചിരിയും നോവുമായി വിഡിയോ

സ്നേഹം എത്ര നിഷ്കളങ്കമാണെന്നു തോന്നും ഈ കത്തുപാട്ടു കേട്ടാൽ. കൂടെ വാർധക്യത്തിൽ നമ്മുടെ മാതാപിതാക്കൾ എത്രത്തോളം കരുതല്‍ ആഗ്രഹിക്കുന്നു എന്ന് പറയാതെ പറയുകയും ചെയ്യുന്നുണ്ട് ഈ പിതാവിന്റെ പാട്ട്. ഒരുകാലത്ത് പ്രചാരത്തിലിരുന്ന കത്തുപാട്ടിന്റെ ഈണത്തിൽ ഉമ്മയെ കുറിച്ചു മകനോടു പറയുകയാണ് ഈ പിതാവ്.

'എൻ കരൾ വേദന കാണുവാനാരുണ്ട്’ മനസ് നിറയ്ക്കുന്ന ഇൗണത്തിനൊപ്പം ഭാര്യയെ നോക്കി സങ്കടം പങ്കുവയ്ക്കുകയാണ് ഇൗ മനുഷ്യൻ. അൽപം ചിരിയും കുസൃതിയും നിറഞ്ഞ ഇൗ വിഡിയോയെ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുകയാണ്.  പ്രശസ്തമായ കത്തുപാട്ടിന്റെ വരികളിൽ മാറ്റം വരുത്തി ഉമ്മാനെ പറ്റി മകനോടു പറയുകയാണ് ഇദ്ദേഹം. ‘എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവ് വായിക്കുവാൻ സ്വന്തം ഭാര്യ’ എന്നാരംഭിക്കുന്ന  എസ്.എ ജമീലിന്റെ കത്തുപാട്ടാണ് ഇദ്ദേഹം മാറ്റം വരുത്തി പാടിയത്.

മാപ്പിളപ്പാട്ടിന്റെ ഭാഗമാണ് കത്തുപാട്ട്. പണ്ടുകാലത്ത് മലബാറിൽ വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്നു. അനുഭവങ്ങളും യാത്രാവിവരണങ്ങളും പ്രണയവും നിറഞ്ഞ വരികളാണു കത്തുപാട്ടിൽ സാധാരണയായി കാണാറുള്ളത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് ഈ വാപ്പയുടെ മകനോടുള്ള പാട്ട്.

എത്രയും ബഹുമാനപ്പെട്ട എന്റെ മോൻ കണ്ടറിയുവാൻ..’ എന്ന വരികളോടെ വാപ്പ ഉമ്മയെ അടുത്തിരുത്തി മകനോടു പാടുന്നതു പലയാവർത്തി കേട്ടാലും മടുക്കില്ലെന്നാണു ലഭിക്കുന്ന കമന്റുകൾ. രസകരമായ വരികളിൽ സങ്കടം പറയുമ്പോൾ അടുത്തിരുന്നു ചിരിക്കുന്ന ഉമ്മയെയും വിഡിയോയിൽ കാണാം