യുഎസിൽ ഭരണസ്തംഭനം തുടരുന്നു; സ്വന്തം ചെലവിൽ സൽക്കരിച്ച് ട്രംപ്

വാഷിങ്ടൻ ∙ യുഎസിൽ മൂന്നാഴ്ചയിലേറെയായി ഭരണസ്തംഭനമാണ്. സർക്കാർ ജീവനക്കാർക്കു ശമ്പളം കിട്ടുന്നില്ല. സർക്കാർ ആവശ്യങ്ങൾക്കു പണവുമില്ല. അപ്പോഴാണ്, കോളജ് ഫുട്ബോൾ ചാംപ്യന്മാരായ ടീമിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ്ഹൗസിലേക്കു ക്ഷണിക്കുന്നത്. വരുന്ന പിള്ളേർക്ക് എന്തെങ്കിലുമൊക്കെ കൊടുക്കണ്ടേ? പക്ഷേ, ശമ്പളമില്ലാത്തതു കൊണ്ടു വൈറ്റ്ഹൗസിലെ പാചകക്കാർ അവധിയിലാണ്.

ഒടുവിൽ, ട്രംപ് സ്വന്തം പോക്കറ്റിൽ നിന്നു പണം മുടക്കി കുട്ടികൾക്ക് വയറു നിറയെ ബർഗറും പീത്‍സയുമൊക്കെ വാങ്ങിക്കൊടുത്തു. ദേശീയ ചാംപ്യന്മാരായ ക്ലെംസൺ ടൈഗേഴ്സ് ടീമിനെയാണ് ട്രംപ് വൈറ്റ്ഹൗസിൽ ആദരിച്ചത്. കുട്ടികൾക്കായി ഓർഡർ ചെയ്ത ഭക്ഷണത്തിനു മുൻപിൽ ട്രംപ് നിൽക്കുന്ന ഫോട്ടോയും വിഡിയോയുമൊക്കെ തരംഗമായിക്കഴിഞ്ഞു.