ജെറ്റ് എയർവേയ്സ് പ്രതിസന്ധി 700 കോടി നിക്ഷേപിക്കാം; വ്യവസ്ഥകൾ ബാധകം: നരേഷ് ഗോയൽ

ന്യൂ‍ഡൽഹി ∙ തന്റെ ഓഹരി പങ്കാളിത്തം 25 ശതമാനത്തിൽ കുറയില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ജെറ്റ് എയർവേയ്സിൽ 700 കോടി രൂപ കൂടി നിക്ഷേപിക്കാമെന്ന് സ്ഥാപകനും ചെയർമാനുമായ നരേഷ് ഗോയൽ. നിലവിൽ 24% ഓഹരി പങ്കാളിത്തമുള്ള അബുദബി ഇത്തിഹാദ് എയർവേയ്സ് കൂടുതൽ മൂലധന നിക്ഷേപം നടത്തണമെങ്കിൽ നരേഷ് ഗോയൽ നേതൃത്വമൊഴിയണമെന്നു വ്യവസ്ഥ വച്ചതിനു പിന്നാലെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്. കമ്പനിക്കു വായ്പ നൽകിയ ബാങ്കുകൾക്ക് നേതൃത്വം നൽകുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (എസ്ബിഐ) ഗോയൽ ഈ തീരുമാനം അറിയിച്ചു കത്തു നൽകി.

തന്റെ ഓഹരി മുഴുവൻ പണയപ്പെടുത്താനും തയാറാണെന്നു ഗോയൽ അറിയിച്ചിട്ടുണ്ട്. പുതിയ നിക്ഷേപങ്ങൾ വരുന്നതോടെ, തന്റെ ഓഹരി പങ്കാളിത്തം 25 ശതമാനത്തിൽ താഴെ എത്തിയാൽ അതു വർധിപ്പിക്കാൻ ‘സെബി’ പ്രത്യേക അനുമതി നൽകണമെന്നും ഗോയൽ ആവശ്യപ്പെടുന്നു.

വായ്പ തിരിച്ചടവു മുടങ്ങിയ കമ്പനി വലിയ പ്രതിസന്ധി നേരിടുകയാണ്. ശമ്പളവും വിമാന വാടകയുമൊക്കെ കുടിശികയായി. ഗോയലിന്റെ ഓഹരി പങ്കാളിത്തം 51ൽനിന്ന് 22% ആയി താഴ്ത്തണമെന്നും അദ്ദേഹം ബോർഡ് ഓഫ് ഡയറക്ടേഴ്സിൽനിന്നു മാറണമെന്നുമാണ് ഇത്തിഹാദിന്റെ നിലപാട്. അങ്ങനെയായാൽ കൂടുതൽ ഓഹരി വാങ്ങാമെന്നും 250 കോടി രൂപ ഉടൻ നിക്ഷേപിക്കാമെന്നും അവർ ബാങ്കുകളെ അറിയിച്ചു. കമ്പനിയുടെ ദീർഘകാല സ്ഥിരത ഉറപ്പാക്കാനാകുംവിധം പ്രശ്നം പരിഹരിക്കാനുള്ള പദ്ധതി പരിഗണനയിലാണെന്ന് എസ്ബിഐ അറിയിച്ചു.