റിലയൻസ്: 3 മാസത്തെ ലാഭം 10,251 കോടി രൂപ

ന്യൂഡൽഹി ∙ 10,000 കോടിയിലേറെ രൂപ ത്രൈമാസ ലാഭം നേടുന്ന ആദ്യ സ്വകാര്യ മേഖലാ കമ്പനി എന്ന പദവി റിലയൻസ് ഇൻഡസ്ട്രീസിന്. ഒക്ടോബർ – ഡിസംബർ കാലയളവിൽ 10,251 കോടി രൂപയാണ് റിലയൻസിന്റെ ലാഭം. മുൻ കൊല്ലം ഇതേ പാദത്തിലെക്കാൾ 8.8% വർധന.

പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ 2012–13 ലെ നാലാം പാദത്തിൽ 14,512.81 കോടി രൂപ ലാഭം നേടിയിരുന്നു.
‌പെട്രോകെമിക്കൽ, റീട്ടെയിൽ, ടെലികോം രംഗങ്ങളിൽനിന്നുള്ള വരുമാനമാണ് റിലയൻസിന് ഇക്കുറി വൻ നേട്ടം സമ്മാനിച്ചത്. മൊത്തം വിറ്റുവരവ് 56% വർധനയോടെ 1,71,336 കോടി രൂപയായി.

റിലയൻസ് ജിയോയുടെ ലാഭം 831 കോടി രൂപയാണ്. മുൻ കൊല്ലം ഇതേ കാലയളവിലെക്കാൾ 65% വർധന. 28 കോടി വരിക്കാരാണ് ജിയോയ്ക്കുള്ളത്. ഒരാളിൽനിന്ന് ശരാശരി 130 രൂപ പ്രതിമാസം കമ്പനി നേടുന്നു.

റിലയൻസ് റീട്ടെയിലിന്റെ ലാഭം 210% കൂടി 1,512 കോടി രൂപയായി.
പെട്രോകെമിക്കൽ ബിസിനസിലെ ലാഭം 43% ഉയർന്ന് 8,221 കോടിയായി. റിഫൈനറി ബിസിനസിൽ ലാഭം 18% കുറഞ്ഞ് 5,055 കോടി രൂപയായി.

 ത്രൈമാസ ലാഭം 10,000 കോടി കവിയുന്ന
     ആദ്യ സ്വകാര്യ മേഖലാ കമ്പനി
 റിലയൻസ് ജിയോയുടെ ലാഭം 831 കോടി രൂപ