ജിഎസ്ടി: കഴിഞ്ഞ വർഷം വിട്ടുപോയ ക്രെഡിറ്റ് മാർച്ച് വരെ ചേർക്കാം

2017–18 ലെ ഇൻപുട് ടാക്സ്ക്രെഡിറ്റ് എടുത്തപ്പോൾ ചില ഇൻവോയ്സ് പ്രകാരമുള്ള ഇൻപുട് ടാക്സ് വിട്ടുപോയി. അതുപോലെതന്നെ ചില ക്രെ‍‍ഡിറ്റ് നോട്ടുകളും ഡെബിറ്റ് നോട്ടുകളും ചേർക്കാൻ വിട്ടുപോയി. 2018 സെപ്റ്റംബറിനു ശേഷം 2017–18 ജിഎസ്ടി റിട്ടേണുകളിൽ വന്ന പിശകുകൾ തിരുത്താൻ കഴിയില്ലെന്നും വിട്ടുപോയ ഇൻപുട് ടാക്സ് ക്രെഡിറ്റ്, ക്രെഡിറ്റ് നോട്ട്, ഡെബിറ്റ് നോട്ട് ചേർക്കാൻ കഴിയില്ലെന്നും കേൾക്കുന്നതു ശരിയാണോ?

ആദായനികുതി / വാറ്റ് സമ്പ്രദായങ്ങളിൽനിന്നു വ്യത്യസ്തമായി ജിഎസ്ടി നിയമത്തിൽ തിരുത്തൽ റിട്ടേൺ അഥവാ റിവൈസ്ഡ് റിട്ടേൺ ഫയൽ ചെയ്യുന്ന രീതിയില്ല. പകരം ഒരു മാസത്തിൽ ഫയൽ ചെയ്ത റിട്ടേണിൽ കണ്ടെത്തുന്ന പിഴവുകൾ തുടർന്നുള്ള മാസങ്ങളിൽ റിട്ടേണിൽ തിരുത്തുകയോ വിട്ടുപോയവ ഉൾപ്പെടുത്തുകയോ ചെയ്യാം.

സിജിഎസ്ടി നിയമത്തിൽ 16(4) വകുപ്പനുസരിച്ച് ഒരു സാമ്പത്തിക വർഷത്തിലെ, അതായത് 2017–18 (ജൂലൈ 2017 മുതൽ മാർച്ച് 2018) വരെയുള്ള മാസങ്ങളിലെ ഇൻപുട് ടാക്സ് ക്രെഡിറ്റ് സെപ്റ്റംബർ മാസത്തെ റിട്ടേൺ സമർപ്പിക്കാൻ അനുവദിച്ചിട്ടുള്ള തീയതിക്കുശേഷം എടുക്കാൻ സാധ്യമല്ല. സിജിഎസ്ടി 37(3) വകുപ്പനുസരിച്ച് വിട്ടുപോയ ഡെബിറ്റ് നോട്ടുകൾ / ക്രെഡിറ്റ് നോട്ടുകൾ സെപ്റ്റംബർ റിട്ടേണിനു ശേഷം ഉൾപ്പെടുത്താൻ കഴിയില്ല.

അഥവാ 2017–18 ലെ ഇൻപുട് ടാക്സ് ക്രെഡിറ്റ് തുടർന്നുള്ള ഏപ്രിൽ 2018 മുതൽ സെപ്റ്റംബർ 2018 വരെയുള്ള മാസങ്ങളിലെ ഏതെങ്കിലും ഒരു മാസത്തിൽ ഉൾപ്പെടുത്തണം എന്നാണ് നിയമത്തിൽ പറയുന്നത്. ഡെബിറ്റ് നോട്ടുകളുടെയും ക്രെഡിറ്റ് നോട്ടുകളുടെയും കാര്യത്തിലും ഇതേ നിയമം ബാധകമാണ്.

2018 ഡിസംബർ 31 ന് ഇറക്കിയ ഉത്തരവ് നമ്പർ 02/2018 – സെൻട്രൽ ടാക്സ് (സിജിഎസ്ടി രണ്ടാം ക്ലേശ ദൂരീകരണ ഉത്തരവ്) പ്രകാരം, മേൽപ്പറഞ്ഞ വിഷയത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് മാർച്ച് 2019 വരെയുള്ള റിട്ടേണുകളിൽ 2017–18 സാമ്പത്തിക വർഷത്തിലെ ഇൻപുട് ടാക്സ് ക്രെഡിറ്റ് എടുക്കാമെന്ന് 16(4) വകുപ്പിലും വിട്ടുപോയ ‍ഡെബിറ്റ് നോട്ട് / ക്രെഡിറ്റ് നോട്ട്, പിഴവുകൾ മാർച്ച് 2019 റിട്ടേണിൽ വരെ തിരുത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതായത് താങ്കൾക്ക് ഈ മാസം മുതൽ മാർച്ച് വരെ ഉള്ള ഏതു റിട്ടേണിൽ വേണമെങ്കിലും വിട്ടുപോയ ക്രെഡിറ്റ് ഉൾപ്പെടുത്താം. ഡെബിറ്റ് നോട്ടുകളിലെയും ക്രെഡിറ്റ് നോട്ടുകളിലെയും പിശകുകൾ തിരുത്തുകയും ചെയ്യാം.