ഒടിപി കൈവിട്ടാൽ പണം പോകും, ഉറപ്പ്

പണമിടപാടുകൾക്ക് ഡെബിറ്റ് കാർഡുകളുടെയും ക്രെഡിറ്റ് കാർഡുകളുടെയും ഉപയോഗം വ്യാപകമായതോടെ പണം തട്ടിപ്പുസംഘങ്ങളും പ്രവർത്തനം വ്യാപകമാക്കി. കാർഡുകൾ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്തുന്നതിന് ആവശ്യമായ വൺടൈം പാസ്‌വേഡ് അഥവാ ഒടിപി കൈക്കലാക്കിയാണ് മിക്ക തട്ടിപ്പുകളും അരങ്ങേറുന്നത്.

 സുരക്ഷ പ്രധാനം

കാർഡുകൾ നേരിട്ട് ഉപയോഗിച്ച് എടിഎമ്മുകളിൽനിന്നും കച്ചവട സ്ഥാപനങ്ങളിലെ സ്വൈപ് മെഷിനുകളിലൂടെയും ഇടപാടുകൾ പൂർത്തിയാക്കുന്നതിന് സാധാരണ പിൻ നമ്പർ മതിയാകും. എന്നാൽ കാർഡ് ഹാജരാക്കാതെ ഓൺലൈനായി ഇടപാടുകൾ നടത്തുന്നതിന് അധിക സുരക്ഷ എന്നുള്ള 'ടു ഫാക്ടർ ഓഥറൈസേഷ'ന്റെ പ്രധാന ഘടകമാണ് ഒടിപി. അക്കൗണ്ടിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്തിട്ടുള്ള ഇടപാടുകാരന്റെ മൊബൈൽ നമ്പരിലേക്കു ഹ്രസ്വസന്ദേശമായാണ് ഒടിപി ലഭിക്കുക.

കാർഡ് ഉപയോഗിച്ച് ഒരു ഓൺലൈൻ ഇടപാട് ആരംഭിക്കുമ്പോഴോ ഇടപാടുകാരൻ എസ്എഎസിലൂടെ ആവശ്യപ്പെടുമ്പോഴോ ഒടിപി നൽകുകയാണ് ബാങ്കുകൾ ചെയ്യുക. ഒടിപി കൂടി രേഖപ്പെടുത്തിയാൽ മാത്രമേ ബാങ്കുകൾ ഇടപാടുകൾ പൂർത്തീകരിച്ചതായി കണക്കാക്കി അക്കൗണ്ടിൽനിന്നു പണം പിൻവലിച്ചു നൽകുന്നുള്ളൂ.

 ഒടിപി എന്നാൽ

റജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് അതീവ സുരക്ഷിതമായി എൻക്രിപ്റ്റ് ചെയ്ത എസ്എംഎസ് ആയാണ് ഒടിപി എത്തുക. ആറക്ക സംഖ്യയാണിത്. ഉദ്ദേശിക്കപ്പെടാത്ത മൊബൈൽ നമ്പരുകളിലേക്ക് എത്തില്ല. യഥാർഥ മൊബൈൽ നമ്പറിൽ എത്തുന്നതിനുമുമ്പ് സന്ദേശം അനധികൃതമായി ഭേദിച്ച് ഒടിപി വായിച്ചെടുകാനുമാകില്ല. അക്കൗണ്ടുകളിൽ മൊബൈൽ നമ്പർ മുൻകൂട്ടി റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ബാങ്കുകൾക്ക് ഒടിപി അയച്ച് നൽകാനാവൂ. മാത്രമല്ല, റജിസ്റ്റേർഡ് മൊബൈൽ നമ്പറിൽനിന്നു മാത്രമേ ഒടിപി ആവശ്യപ്പെടാനും സാധിക്കൂ. നിശ്ചിത സമയത്തിനുശേഷം ഒടിപി കാലഹരണപ്പെടും. പലപ്പോഴും 10 മിനിട്ടാണ് ഒടിപിയുടെ ആയുസ്സ്. എത്ര സമയം വാലിഡിറ്റി ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ടാകും.

 ചാര ആപ്പുകൾ

ഫോൺ വിളികളിലെ ചതിക്കുഴികൾ ആൾക്കാർ തിരിച്ചറിഞ്ഞുതുടങ്ങിയതോടെ, ഫോണിൽ വിളിച്ച് ഒടിപി പങ്കുവയ്ക്കാൻ ആവശ്യപ്പെടുന്നതിനു പകരം ചാര ആപ്പുകളായി ഇടപാടുകാരുടെ മൊബൈൽ ഫോണുകളിലേക്ക് നേരത്തെ കടന്നുകൂടുക എന്ന തന്ത്രമാണ് ഇപ്പോൾ അരങ്ങേറുന്നത്.

ഇടപാടുകാരന്റെ മൊബൈലിലേക്കു വരുന്ന ഒടിപി എസ്എംഎസ് തുറന്നുനോക്കാൻ ശ്രമിക്കുമ്പോൾ അങ്ങനെ തന്നെ തട്ടിപ്പുകാരന്റെ ഫോണിലേക്കു തിരിച്ചുവിടുന്ന പണിയാണ് ചാര ആപ്പുകൾ നിർവഹിക്കുന്നത്. തട്ടിയെടുത്ത ഒടിപി ഉപയോഗിച്ച് ഇടപാടുകാരന്റെ അക്കൗണ്ടിലെ പണം അപ്പാടെ പിൻവലിച്ചെടുക്കുന്നു.

സ്വകാര്യത സൂക്ഷിക്കണം

കാർഡിന്റെ മുൻ ഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്ന അക്കൗണ്ട് നമ്പർ, കാർഡിന്റെ കാലാവധി തീയതി, പിൻഭാഗത്തു രേഖപ്പെടുത്തിയിരിക്കുന്ന മൂന്നക്ക സിവിവി നമ്പർ എന്നിവയാണ് ഏതു കാർഡിലും ഓൺലൈൻ ഇടപാടുകൾ ആരംഭിക്കുന്നതിന് അടിസ്ഥാനമായി വേണ്ടത്. കാർഡിൽ നിന്നു മോഷ്ടിച്ചെടുക്കുകയോ കാർഡുകളുടെ വിവരങ്ങൾ അനധികൃതമായി വിൽക്കുന്ന ഗ്രേ സൈറ്റുകളിൽനിന്നു കൈക്കലാക്കിയോ ഇത്തരം നിർണായക വിവരങ്ങൾ തട്ടിപ്പുകാരൻ ശേഖരിക്കുന്നു.  കാർഡ് ഉടമയെ ഫോണിൽ വിളിച്ച് ബാങ്കുകളിൽ നിന്നെന്ന വ്യാജേന വിവരങ്ങൾ തട്ടിയെടുക്കുന്ന രീതിയുമുണ്ട്. അടുത്ത ഘട്ടമായിട്ടാണ് ഒടിപി ചോർത്തിയെടുക്കുന്നത്.
ഒരു കാരണവശാലും ഒടിപി മറ്റുള്ളവർക്കു കൈമാറരുത്. കാർഡ് ബ്‌ളോക് ചെയ്യുന്നു, അക്കൗണ്ട് ഉപയോഗിക്കാനാകില്ല, ഉടൻ നടപടി എടുക്കണം എന്നിങ്ങനെ ഇടപാടുകാരെ ധൃതി പിടിപ്പിക്കുന്ന തന്ത്രങ്ങളിലും വീണു പോകരുത്.

മൊബൈൽ ഫോൺ പ്രധാനം

കമ്പ്യൂട്ടറുകളിൽ ആന്റി വൈറസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് സംരക്ഷിക്കാൻ ശ്രദ്ധിക്കുമ്പോഴും മൊബൈൽ ഫോണുകൾ അശ്രദ്ധമായാണു പലരും കൈകാര്യം ചെയ്യുന്നത്. അലക്ഷ്യമായി മൊബൈൽ ആപ്പുകളും മറ്റും സ്രോതസ്സുകളുടെ ആധികാരികത ഉറപ്പാക്കാതെ ഡൗൺലോഡ് ചെയ്തെടുക്കുന്നത് ചാര ആപ്പുകളുടെ കെണിയിൽ വീഴുന്നതിനു വഴിയൊരുക്കും.