പാർലമെന്റിൽ ഇരുന്നുറങ്ങുന്നതാണു പലർക്കും സുഖം; വയ്യ, ഞാനില്ല: ഇന്നസന്റ്

ഈയിടെയായി കണ്ടുമുട്ടുന്നവരിൽ മിക്കവരും ചോദിക്കുന്നത് വീണ്ടും മൽസരിക്കുന്നില്ലേ എന്നാണ്. ഞാൻ മൽസരിക്കുന്നില്ല. മൽസരിക്കുന്നു എന്നു പറഞ്ഞാൽ വീണ്ടും എൽഡിഎഫ് എന്നെ മൽസരിപ്പിച്ചേക്കും. മൽസരിക്കണമെന്നാണ് സിപിഎം നേതാക്കൾ എന്നോടു പറഞ്ഞതും.

വീണ്ടും മൽസരിക്കാൻ ആദ്യം അനുവദിക്കേണ്ടത് എന്റെ ശരീരമാണ്. അതിനു ചില്ലറ ക്ഷീണം തോന്നുന്നുണ്ട്. പാർലമെന്റിൽ പലരെയും താങ്ങിപ്പിടിച്ചും കൈപിടിച്ചുമാണു കൊണ്ടുവന്നു സീറ്റിലിരുത്തുന്നത്. ഇതു കാണുമ്പോൾ ഞാൻ സ്വയം ചോദിച്ചിട്ടുണ്ട്, സുഖമായി വീട്ടിലിരുന്നുകൂടെ എന്ന്. അവിടെ ഇരുന്നുറങ്ങുന്നതാണു പലർക്കും സുഖം. ഇവരിൽ പലരും പുറത്തുപറയുന്നതു യുവതലമുറയ്ക്കുവേണ്ടി വഴിമാറും മാറും എന്നാണ്. വഴിയിൽ കുറുകെ നിന്നുകൊണ്ടു വഴിമാറുമെന്നു പറഞ്ഞിട്ടെന്തു കാര്യം.

കമ്യൂണിസ്റ്റുകാരനായ എന്റെ അപ്പൻ പഠിപ്പിച്ചത് ആഗ്രഹങ്ങൾക്ക് അറുതിവേണം എന്നാണ്. അവസാനംവരെ  ഇതുപോലെ ജീവിക്കണം എന്നാഗ്രഹിക്കുന്നത് അസുഖമാണ്. എനിക്ക് ആ അസുഖം തുടങ്ങിയിട്ടുണ്ടോ എന്ന് സംശയം തോന്നിയതുകൊണ്ടാണു സ്വയം ചികിൽസിച്ചു മാറാൻ തീരുമാനിച്ചത്. തോൽക്കാനൊരു ഭയവുമില്ല. ജീവിതത്തിന്റെ പകുതിയിലേറെ തോറ്റു തുന്നംപാടിയ ആളാണു ഞാൻ.

ജനങ്ങൾ പ്രതീക്ഷയോടെ നോക്കുന്നതു കാണുമ്പോൾ പേടിയാണ്. ഇതെല്ലാം നടത്തിക്കൊടുക്കാൻ പറ്റുമോ എന്ന്. എടാ, നിന്റെ അപ്പാപ്പൻ വിചാരിച്ചിട്ടുവരെ ഈ പാലം നന്നായില്ല എന്ന് എന്റെ പേരക്കുട്ടിയോടു ജനം പറഞ്ഞാൽ അന്നവൻ മനസ്സിൽ വിചാരിക്കും, ‘ഈ അപ്പാപ്പനു വേറെ പണിയൊന്നും ഉണ്ടായിരുന്നില്ലേ, പടമായി ചുമരിലിരുന്നിട്ടും പാരയാണല്ലോ എന്ന്.’ അതിന് ഇട നൽകേണ്ടല്ലോ.

പിണറായി വിജയൻ ധർമടത്തു മൽസരിക്കുമ്പോൾ എന്നെ അവിടെ പ്രചാരണത്തിനു കൊണ്ടുപോയി. പ്രചാരണം കഴിഞ്ഞു രാത്രി ട്രെയിനിൽ കയറിയപ്പോൾ ഒരാൾ എനിക്കൊരു ഭക്ഷണപ്പൊതി കൊണ്ടുവന്നുതന്നു. പിണറായി വിജയൻ കൊടുത്തയച്ചതാണെന്നും പറഞ്ഞു. അതൊരു കരുതലാണ്; രോഗിയായ ഞാൻ പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കേണ്ട എന്ന കരുതൽ.

ഇതുതന്നെയാണ് അപ്പൻ പഠിപ്പിച്ച കമ്യൂണിസം. രാത്രി സെക്കൻഡ് ഷോ കഴിഞ്ഞ് വീടിന്റെ പിറകുവശത്തുകൂടി രഹസ്യമായി ഞാൻ അകത്തു കടക്കുമ്പോഴും  അപ്പൻ ചോദിക്കും, കൊണ്ടുവിട്ടവന് വീട്ടിൽ പോയാൽ വല്ലതും അടച്ചുവച്ചു കാണുമോടാ എന്ന്.

ഏതെങ്കിലും കസേര ആവശ്യത്തിൽ കൂടുതൽ മോഹിച്ചാൽ നഷ്ടമാകുന്നത് ഈ കരുതലാണ്. അതാണ് നേരത്തേ പറഞ്ഞ രോഗം. അതുകൊണ്ടാണ് രോഗിയാകുന്നതിനു മുൻപു ഞാൻ മാറാൻ തീരുമാനിച്ചത്.