സഭയെ അവഹേളിച്ചു; മുന്നാക്ക സംവരണ നിയമം കോടതി തള്ളും: കോൺഗ്രസ്

ന്യൂഡൽഹി∙ ഇതു ജനാധിപത്യത്തിന്റെ കശാപ്പാണ്. പാർലമെന്റിനെ അവഹേളിക്കലാണ്. ഈ നിയമം കോടതി തള്ളിക്കളയും – ലോക്സഭയിൽ മുന്നാക്ക സംവരണ ഭരണഘടനാ ഭേദഗതി ബിൽ തത്വത്തിൽ അംഗീകരിക്കുമ്പോൾ തന്നെ സർ‌ക്കാരിനെതിരെ കെ.വി. തോമസ് നടത്തിയതു കടുത്ത വിമർശനം. തലേന്നു മന്ത്രിസഭ അംഗീകാരം നൽകിയ ബിൽ പിറ്റേന്നു സഭയിൽ അവതരിപ്പിക്കുകയാണ്. അംഗങ്ങൾക്കു നോട്ടിസ് നൽകുകയോ ബിൽ പകർപ്പു കാലേകൂട്ടി വിതരണം നടത്തുകയോ ചെയ്തില്ല. സഭയുടെ കാവൽക്കാരിയായ സ്പീക്കർ ഈ ധാർഷ്ട്യം അനുവദിക്കരുത് – ചർച്ചയ്ക്കു തുടക്കമിട്ട അദ്ദേഹം ആവശ്യപ്പെട്ടു.

ജോലി സംവരണം പ്രസക്തമാകണമെങ്കിൽ രാജ്യത്തു ജോലിയുണ്ടാവണം. പ്രതിവർഷം 2 കോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്താണ് എൻഡിഎ സർക്കാർ അധികാരത്തിലെത്തിയത്. ഇതനുസരിച്ച് ഇതിനകം 10 കോടി തൊ‌ഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതാണ്. എന്നാൽ, തൊ‌‌ഴിലുകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

നോട്ട് റദ്ദാക്കലും ജിഎസ്ടിയും പോലെ ഈ പരീക്ഷണവും പരാജയ‌പ്പെടും. 50 ശതമാനത്തിലേറെ സംവരണം നിലനിൽക്കില്ല. 3 സംസ്ഥാനങ്ങളിലേറ്റ തിരിച്ചടിയിൽ നിന്നു കരകയറാൻ സർക്കാർ പ്ര‌യോഗിക്കുന്ന പൊടിക്കൈയാണിതെന്നു തോമസ് അഭിപ്രായപ്പെട്ടു.

ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. 

അണ്ണാ ഡിഎംകെ ഇടയുന്നു

മുന്നാക്ക സംവരണത്തിന്റെ പേരിൽ അണ്ണാ ഡിഎംകെ ബിജെപിയുമായി ഇടയുന്നു. ‘നിങ്ങളുടെ ഈ നിയമത്തിന് ആയുസ്സില്ല, കോടതി തള്ളിക്കളയും’– ലോക്സഭയിൽ ചർച്ചയിൽ ഡപ്യൂട്ടി സ്പീക്കറും അണ്ണാ ഡിഎംകെ നേതാവുമായ എം. തമ്പിദുരൈ സർക്കാരിനു മുന്നറിയിപ്പു നൽകി.

പാവങ്ങൾക്കു വേണ്ടി സർക്കാർ കൊണ്ടുവന്ന പദ്ധതികളുടെ ഗതിയെന്തായെന്നു തമ്പിദുരൈ ചോദിച്ചു. പദ്ധതികളുടെ പരാജയത്തിനു പരിഹാരം കൂടുതൽ സംവരണമല്ല. താൻ ശൂദ്രവിഭാഗത്തിൽ പെട്ടയാളാണ്. അതിൽ അഭിമാനിക്കുന്നു. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു ഭരണഘടന പ്രത്യേക പരിഗണന നൽകിയ സാഹചര്യം തിരിച്ചറിഞ്ഞു പ്രവർത്തിക്കണം – അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ട്രീയമായി ബിജെപിയും അണ്ണാ ഡിഎംകെയും അടുത്തു കൊണ്ടിരിക്കുന്നതിനിടെയാണു മുന്നാക്ക സംവരണം ഇരുകൂട്ടരെയും തമ്മിലകറ്റുന്നത്. മുന്നാക്ക സംവരണത്തിനെതിരെ ഡിഎംകെ ശക്തമായ നിലപാടു സ്വീകരിച്ചിരിക്കെ അണ്ണാ ഡിഎംകെയ്ക്കും പിന്നാക്കം പോകാനാവില്ല. 

അണ്ണാ ഡിഎംകെയുമായി ചേർന്നു തമിഴ്നാട്ടിൽ ചുവടുറപ്പിക്കാനുള്ള ബിജെപി നീക്കം കൂടിയാണു മുന്നാക്ക സംവരണത്തിൽ തടഞ്ഞു വീഴുന്നത്.

ലോക്സഭ തുടർച്ചയായി സ്തംഭിപ്പിച്ച അണ്ണാ ഡിഎംകെ എംപിമാരെല്ലാം സസ്പെൻഷനിലാണ്. അവരെ തിരികെ പ്രവേശിപ്പിക്കണമെന്നു തമ്പിദുരൈ കഴിഞ്ഞ ദിവസം നടത്തിയ അഭ്യർഥന സ്പീക്കർ സുമിത്ര മഹാജൻ തള്ളിയിരുന്നു.

നാലു മാസം മുൻപു പറഞ്ഞതു മറിച്ച്

മുന്നാക്ക സംവരണം ആവ‌ശ്യപ്പെട്ടു കഴിഞ്ഞ സമ്മേളനത്തിൽ ശ്രദ്ധ ക്ഷണിച്ച കൊടിക്കുന്നിൽ സുരേഷിന് അതു ‌പ്രായോഗികമല്ലെന്ന മറുപടിയാണു സാമൂഹിക നീതി മന്ത്രി തവർചന്ദ് ഗെലോട്ട് നൽകിയത്. പട്ടികജാതി വിഭാഗത്തിനു 15, പട്ടികവർഗക്കാർക്ക് 7.5, പിന്നാക്ക വിഭാഗങ്ങൾക്ക് 22% സംവരണമുണ്ട്. ആകെ സംവ‌രണം 49.5%.

സാമൂഹിക, വിദ്യാഭ്യാസ സംവരണം മാത്രമേ ഭരണഘടന അനുവദിക്കുന്നുള്ളൂ എന്നാണ് 1992 ലെ ഇന്ദിര സാഹ്നി കേസിൽ സുപ്രീം കോടതിയുടെ വിധി. സാമ്പത്തിക പിന്നാക്കാവസ്ഥ സംവരണ മാനദണ്ഡമാക്കാനാവില്ല. ആകെ സംവരണം 50% കവിയാനും പാടില്ല – ഓഗസ്റ്റ് 21നു നൽകിയ കത്തിൽ മന്ത്രി വിശദീകരിച്ചു.