രാജ്യസഭ ഇന്നും സമ്മേളിക്കാൻ അധ്യക്ഷൻ ‘സ്വമേധയാ’ തീരുമാനിച്ചു; പ്രതിഷേധിച്ച് പ്രതിപക്ഷം

ന്യൂഡൽഹി∙ സഭാ സമ്മേളനം ഇന്നത്തേക്കുകൂടി നീട്ടാൻ തീരുമാനമെടുത്ത രീതിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയിൽ ‘സമ്മേളനം നടത്തി.’ ബഹളം കാരണം സഭ ഉച്ചതിരിഞ്ഞു 3.30ന് പിരിഞ്ഞതിനു പിന്നാലെയാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിൽതന്നെ സമ്മേളിച്ചത്. 

‘ബദൽ സമ്മേളനത്തിൽ’ പ്രസംഗിച്ച 4 അംഗങ്ങൾ, നടപടിക്രമം പാലിക്കാതെ തീരുമാനമെടുക്കുന്നതിനെ ശക്തമായി വിമർശിച്ചു. എല്ലാവരും ഇരിപ്പിടത്തിലുണ്ടാവണമെന്നു നിർദേശിച്ചത് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ്. നേരത്തെ പ്രഖ്യാപിക്കുന്നതിനേക്കാൾ കൂടുതൽ സമയം സഭ സമ്മേളിക്കുന്നുവെങ്കിൽ അത് സഭയിൽ പറഞ്ഞ് അനുമതി തേടുകയെന്നതാണ് രീതി. എന്നാൽ, സഭ ഇന്നും സമ്മേളിക്കാൻ അധ്യക്ഷൻ സ്വമേധയാ തീരുമാനമെടുത്തശേഷം കാര്യോപദേശക സമിതിയെ അറിയിക്കുകയായിരുന്നുവെന്നു പ്രതിപക്ഷ അംഗങ്ങൾ വ്യക്തമാക്കി. മുന്നാക്ക സംവരണം, പൗരത്വ നിയമ ഭേദഗതി ഉൾപ്പെടെയുള്ള ബില്ലുകൾ പാസ്സാക്കാനാണ് രാജ്യസഭ ഇന്നും സമ്മേളിക്കുന്നത്.