പ്രോട്ടോ കോൾ ലംഘനം: പി.ജെ. ജോസഫ് പൊട്ടിത്തെറിച്ചു, മന്ത്രി പങ്കെടുത്തില്ല

തൊടുപുഴ ∙ നിയോജക മണ്ഡലത്തിൽ നടക്കുന്ന സർക്കാർ പരിപാടികളിൽ പ്രോട്ടോ കോൾ ലംഘിച്ചതിന്റെ പേരിൽ മന്ത്രി കെ.കെ. ശൈലജയുടെ മുന്നിൽ വച്ച് പി.ജെ. ജോസഫ് എംഎൽഎ പൊട്ടിത്തെറിച്ചു. സ്ഥലം എംഎൽഎ ഇല്ലാത്ത ചടങ്ങിൽ മന്ത്രിയെന്ന നിലയിൽ പങ്കെടുക്കില്ലെന്ന് മന്ത്രി ശൈലജ വ്യക്തമാക്കി. തുടർന്നു മണ്ഡലത്തിലെ ഒരു പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കാതെ മന്ത്രി മടങ്ങി. ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന കാർഷികമേളയുടെ സെമിനാറിലാണു നാടകീയ രംഗങ്ങൾ.

തൊടുപുഴയിലെ ജില്ലാ ആശുപത്രി കീമോ തെറപ്പി യൂണിറ്റ് ഉദ്ഘാടനം, മുട്ടത്ത് പ്രാഥമികാരോഗ്യ കേന്ദ്രം സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയർത്തുന്ന ചടങ്ങ്, കരിമണ്ണൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഐപി ബ്ലോക്കിന്റെ ഉദ്ഘാടനം എന്നീ ചടങ്ങുകളിൽ പ്രോട്ടോകൾ പ്രകാരം അധ്യക്ഷനാകേണ്ട സ്ഥലം എംഎൽഎ പി.ജെ. ജോസഫിനെ സംഘാടകർ പ്രാസംഗികരുടെ പട്ടികയിലാണ്  ഉൾപ്പെടുത്തിയത്. ഇതാണ്  പി.ജെ. ജോസഫിനെ പ്രകോപിപ്പിച്ചത്. മൂന്നു ചടങ്ങുകളിലും മന്ത്രി എം.എം. മണിയെയാണു അധ്യക്ഷനായി സംഘാടകർ നിശ്ചയിച്ചത്.

സ്വന്തം മണ്ഡലത്തിൽ നടക്കുന്ന ചടങ്ങുകളുടെ നോട്ടിസ് കൂടിയാലോചിക്കാതെയാണു  അച്ചടിച്ചതെന്നും ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ കൂടിയായ ജോസഫ് പറഞ്ഞു. ‘‘വിദഗ്ധ പരിശീലനം നേടിയ ജീവനക്കാരെ നിയമിക്കാതെയാണു ജില്ലാ ആശുപത്രിയിലെ കീമോ തെറപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. ഇക്കാരണത്താൽ ഈ പരിപാടിയിൽ പങ്കെടുക്കില്ല. രാഷ്ട്രീയം നോക്കാതെയാണു അതിഥികളെ ക്ഷണിക്കുന്നത്. എന്റെ മണ്ഡലത്തിൽ ജയിക്കാൻ വോട്ടു ചോദിക്കേണ്ട ആവശ്യമില്ല’’– ജോസഫ് തുറന്നടിച്ചു.

സ്ഥലം എംഎൽഎ ആയ പി.ജെ.ജോസഫിനോട് ആലോചിച്ച ശേഷമാണ് പ്രോഗ്രാം നിശ്ചയിച്ചതെന്നാണ് കരുതിയതെന്ന് തുടർന്നു പ്രസംഗിച്ച മന്ത്രി ശൈലജ പറഞ്ഞു. ഉദ്ഘാടനം നടക്കുന്നത് ജോസഫിന്റെ മണ്ഡലത്തിലാണെന്നും അറിയില്ലായിരുന്നു. വിശദമായി നോട്ടിസും നോക്കിയില്ല. എംഎൽഎയോട് കൂടിയാലോചന നടത്താതെയാണ് പ്രോഗ്രാം നിശ്ചയിച്ചതെങ്കിൽ അത് ശരിയല്ല. അതിനോട് യോജിക്കാനാവില്ല. - മന്ത്രി പറഞ്ഞു.

കരിമണ്ണൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഐപി ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി പങ്കെടുത്തില്ല.  തുടർന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലെ കീമോ തെറപ്പി യൂണിറ്റ് ഉദ്ഘാടനത്തിന് മന്ത്രിയുടെ അഭ്യർഥനയെത്തുടർ പി.ജെ. ജോസഫും സ്ഥലത്തെത്തിയെങ്കിലും പ്രസംഗിക്കാതെ മടങ്ങി. പി.ജെ.ജോസഫിനെ പങ്കെടുപ്പിക്കണമെന്നാണു തൊടുപുഴ ജില്ലാ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനിച്ചിരുന്നതെന്നു യുഡിഎഫ് നേതാക്കൾ പറഞ്ഞു.  മന്ത്രി എം.എം.മണിയെ അധ്യക്ഷനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിലെ ചടങ്ങുകൾ യുഡിഎഫ് ബഹിഷ്കരിച്ചു.

അതേസമയം, തൊടുപുഴ ജില്ലാ ആശുപത്രി, മുട്ടം–കരിമണ്ണൂർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ ഉദ്ഘാടന ചടങ്ങിൽ ആദ്യം എം എ‍ൽഎയെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും 2 മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങിൽ സ്ഥലത്തുള്ള ഒരു മന്ത്രിയെ അധ്യക്ഷനാക്കണമെന്നതാണു പുതിയ പ്രോട്ടോക്കോളെന്ന് അറിയിച്ചതിനാലാണ് മന്ത്രി എം. എം. മണിയെ അധ്യക്ഷനാക്കിയതെന്ന് ഡിഎംഒ ഡോ. എൻ.പ്രിയ പറഞ്ഞു. ഇത് അതത് ആശുപത്രി വികസന സമിതികളാണ് തീരുമാനിച്ചതെന്നും ഡഎംഒ അറിയിച്ചു.