കോടതി വിധി അനുസരിക്കാന്‍ കഴിയില്ലെങ്കില്‍ തന്ത്രി സ്ഥാനമൊഴിയണം: മുഖ്യമന്ത്രി

തിരുവനന്തപുരം ∙സുപ്രീംകോടതി വിധി അനുസരിക്കാനാകില്ലെങ്കിൽ‌ തന്ത്രി സ്ഥാനമൊഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയില്‍ ആചാരലംഘനം നടന്നതായി കാണിച്ചു തന്ത്രി നട അടച്ചതു വിചിത്രമാണ്. സുപ്രീം കോടതിവിധിയുടെ ലംഘനമാണ്. തന്ത്രിയും ബോര്‍ഡും സുപ്രീംകോടതിയിലെ കേസില്‍ കക്ഷിയായിരുന്നു. തന്ത്രിയുടെ വാദംകൂടി കേട്ടശേഷമാണു യുവതീപ്രവേശ വിഷയത്തില്‍ വിധി വന്നത്. കോടതി വിധിയോട് യോജിക്കാതിരിക്കാന്‍ തന്ത്രിക്ക് അവകാശമുണ്ട്. ‘എനിക്ക് സുപ്രീംകോടതി വിധി അനുസരിക്കാന്‍ കഴിയില്ല’ എന്നു പറഞ്ഞ് സ്ഥാനത്തുനിന്ന് ഒഴിഞ്ഞുപോകണം–മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീംകോടതിയിലെ കേസില്‍ കക്ഷിയായിരുന്ന ആള്‍ ആ സ്ഥാനത്ത് ഇരിക്കുമ്പോള്‍ കോടതി വിധി പാലിക്കാന്‍ ബാധ്യസ്ഥനാണ്. അല്ലെങ്കില്‍ ഒഴിഞ്ഞുപോകാം. ശബരിമല ക്ഷേത്രം അടയ്ക്കണോ വേണ്ടേ എന്നു തീരുമാനിക്കുന്നതു ദേവസ്വം ബോര്‍ഡാണ്. തന്ത്രിയുടെ നടപടി സുപ്രീം കോടതിവിധിയുടെ ലംഘനത്തിനു പുറമേ ദേവസ്വം മാന്വലിന്റെ ലംഘനം കൂടിയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് പരിശോധിക്കണം. യുവതികളെ വാശിപിടിച്ച് ശബരിമലയില്‍ കയറ്റണമെന്ന നയം സര്‍ക്കാരിനില്ല. കോടതി വിധി പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ആരെങ്കിലും ദര്‍ശനത്തിനെത്തിയാല്‍ സുരക്ഷ ഒരുക്കും. വിശ്വാസത്തോടുള്ള ബഹുമാനക്കുറവല്ല. ഭരണഘടനയോടു കൂറുപുലര്‍ത്തുക എന്ന നിലപാടിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുക എന്നത് സര്‍ക്കാര്‍ ഉത്തരവാദിത്തമാണ്. വിധി അനുസരിക്കുകയാണു സര്‍ക്കാര്‍ ചെയ്തത്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനാണു സംഘപരിവാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നത്. കോടതി വിധി അട്ടിമറിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും, എങ്ങനെ സംഘര്‍ഷമുണ്ടാക്കാം എന്നാണു സംഘപരിവാര്‍ ശ്രമം. അവര്‍ എന്തൊക്കെ അക്രമം കാട്ടി എന്നതു ജനങ്ങളുടെ മനസ്സിലുള്ളതാണ്. ഇത്തരം സംഘര്‍ഷങ്ങളില്‍നിന്ന് ശബരിമലയെ മോചിപ്പിക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. പൊലീസും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചില്ല.

ഇപ്പോള്‍ പ്രവേശിച്ച യുവതികള്‍ നേരത്തേ ദര്‍ശനത്തിനു ശ്രമിച്ചിരുന്നു. പല കാരണങ്ങളാല്‍ നടക്കാതെ വന്നപ്പോള്‍ താല്‍ക്കാലികമായി അവര്‍ മടങ്ങിപ്പോയി. കഴിഞ്ഞ ദിവസം അവര്‍ വീണ്ടും പൊലീസിനെ സമീപിച്ചു. കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട പൊലീസ് അവര്‍ക്കു സുരക്ഷ ഒരുക്കി. അവര്‍ ഹെലികോപ്റ്ററിലല്ല ശബരിമലയിലെത്തിയത്. സാധാരണ ഭക്തര്‍പോകുന്ന വഴിയേ ആണ് പോയത്. അവര്‍ക്കു പ്രത്യേക പരിഗണനയൊന്നും ഉണ്ടായില്ല. മറ്റു ഭക്തര്‍ക്കൊപ്പം ദര്‍ശനം നടത്തി. ദര്‍ശനത്തിനുള്ള സൗകര്യം മറ്റു ഭക്തര്‍ ഒരുക്കി കൊടുത്തു. ഒരു എതിര്‍പ്പും ഭക്തരില്‍നിന്ന് ഉണ്ടായില്ല.

അവര്‍ മടങ്ങിയശേഷമാണു വിവരം പുറത്തറിഞ്ഞത്. വാര്‍ത്ത പുറത്തുവന്നിട്ടും ഒരു സംഘര്‍ഷവും ഉണ്ടായില്ല. സ്വാഭാവിക പ്രതിഷേധം നാട്ടിലില്ല, അയ്യപ്പ ഭക്തരിലില്ല എന്നാണു മനസിലാക്കേണ്ടത്. സംഘര്‍ഷം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെറുതേയിരിക്കില്ലല്ലോ. യുവതികള്‍ ദര്‍ശനം നടത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സംഘര്‍ഷം ഉണ്ടാകാതെ വന്നപ്പോള്‍, സംഘര്‍ഷം ഉണ്ടാക്കാനുള്ള നിര്‍ദേശങ്ങള്‍ സംഘപരിവാര്‍ നേതാക്കള്‍ അണികള്‍ക്കു കൊടുക്കുന്ന നിലയുണ്ടായി. പിന്നീടു നടന്നത് ആസൂത്രിത നീക്കമാണ്. രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള വ്യക്തമായ ഇടപെടലായാണു ഇതിനെ മന്ത്രിസഭ കാണുന്നത്. ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടും. ഒരു അക്രമവും വച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

യുവതികള്‍ രാത്രി ശബരിമലയിലെത്തിയതു മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘യുവതികള്‍ വന്നത് ആ സമയത്തായിരിക്കും. അതായിരിക്കും അപ്പോള്‍ കൊണ്ടുപോയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. യുവതികള്‍ വന്നതു താന്‍ അറിഞ്ഞിട്ടില്ല. ആരാണെന്നും അറിയില്ലായിരുന്നു. രഹസ്യ ഏര്‍പ്പാട് സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസം തകര്‍ക്കുന്നതിനു നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയല്ല താന്‍. വിശ്വാസം സംരക്ഷിക്കുമെന്നു പലതവണ പറഞ്ഞിട്ടുണ്ട്. എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളിയുമായി ഇന്നലെ രാത്രിയും സംസാരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വനിതാമതിലിന്റെ തുടര്‍ച്ച വേണമെന്നു ആലോചിക്കുന്നുണ്ട്.

ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡില്‍ അഭിപ്രായ വ്യത്യാസം ഉണ്ടോയെന്ന ചോദ്യത്തിന്, ദേവസ്വം ബോര്‍ഡിന് അവരുടെ നിലപാടുണ്ടാകുമെന്നും, പക്ഷേ വിധി ബോര്‍ഡിനും തന്ത്രിക്കും ബാധകമാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ബോര്‍ഡ് നേതൃത്വം കരുത്തരായി നില്‍ക്കുകയാണ്. സുപ്രീംകോടതി വിധി ശബരിമലയില്‍ നടപ്പിലായി. തുടര്‍നടപടികള്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഉണ്ടാകുന്ന ജാതീയമായ ആക്ഷേപങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, എത്രയോ കാലമായി വ്യക്തിപരമായ ആക്ഷേപം കേള്‍ക്കുന്നുണ്ടെന്നു മുഖ്യമന്ത്രി മറുപടി നല്‍കി. ‘ഇന്ന ജാതിയാണെന്ന് അവര്‍ എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്റെ അച്ഛനും ചേട്ടനും ചെത്തുതൊഴിലാളിയായിരുന്നു. ഞാന്‍ എത്രയോ തവണ അതു പറഞ്ഞിട്ടുണ്ട്’- മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാന്‍ കേന്ദ്രം ആലോചിക്കുന്ന വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്തു. സംസ്ഥാനം നല്‍കിയ ഭൂമിയിലാണു വിമാനത്താവളം. സൗജന്യമായാണു ഭൂമി നല്‍കിയത്. ഇതു കൈമാറാന്‍ കഴിയുമോ എന്നതു ഗൗരവമായി കാണേണ്ടതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയിലേക്കു വിമാനത്താവളം പോകാന്‍ പാടില്ല. വ്യോമയാന മന്ത്രാലയത്തിന്റെ ബിഡില്‍ പങ്കെടുക്കുന്നതിനു പ്രത്യേക കമ്പനി രൂപീകരിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനുള്ള ലീഗല്‍ കന്‍സള്‍ട്ടന്റിനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.