ജീവനോടെയുണ്ടോ, അതോ മരിച്ചോ? അവരെ പുറത്തെത്തിക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി∙ മേഘാലയയിലെ ജയ്ന്തിയ ഹിൽസില്‍ കൽക്കരി ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കുന്നതു വൈകുന്നതിൽ അതൃപ്തി അറിയിച്ച് സുപ്രീംകോടതി. രക്ഷാപ്രവർത്തനത്തിൽ തൃപ്തരല്ലെന്നു സുപ്രീംകോടതി അറിയിച്ചു. എല്ലാവരും മരിച്ചോ, കുറച്ചുപേര്‍ ജീവനോടെ ഉണ്ടോ, കുറച്ചുപേർ മരിച്ചോ തുടങ്ങിയവയൊന്നും കാര്യമല്ല. എല്ലാ തൊഴിലാളികളെയും പുറത്തെത്തിക്കണം– സുപ്രീംകോടതി വ്യക്തമാക്കി.

അവർ ജീവിച്ചിരിക്കട്ടെയെന്നു ദൈവത്തോടു പ്രാർഥിക്കുന്നതായും സുപ്രീംകോടതി അറിയിച്ചു. 15 തൊഴിലാളികളാണ് മൂന്ന് ആഴ്ച മുൻപ് നടന്ന അപകടത്തിൽ‌ ഖനിക്കുള്ളിൽ കുടുങ്ങിയത്. 370 അടിയുള്ള അനധികൃത ഖനിക്കുള്ളിലെ രക്ഷാപ്രവർത്തനം മന്ദഗതിയിലാണു മുന്നോട്ടുപോകുന്നത്. ദേശീയ ദുരന്ത നിവാരണ സേന, നാവിക സേന, അഗ്നിരക്ഷാ സേന എന്നിവർ ദിവസങ്ങളായി ശ്രമിച്ചിട്ടും തൊഴിലാളികളെ കണ്ടെത്താനായിട്ടില്ല.

രക്ഷാപ്രവർത്തനത്തിന് ഇന്ത്യന്‍ കരസേന, നാവിക, വ്യോമസേനകളുടെ സാങ്കേതിക സംവിധാനങ്ങളെല്ലാം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ അസ്ത ശർമ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നിലപാടു വ്യക്തമാക്കിയത്. മുങ്ങൽ വിദഗ്ധർക്കൊന്നും ഖനിക്ക് അടിയിൽ എത്തിച്ചേരാൻ ഇതുവരെ സാധിച്ചിട്ടില്ല.