ശബരിമലയിൽ വലുത് തന്ത്രിയോ മന്ത്രിയോ; ആചാരങ്ങളിൽ അവസാനവാക്ക് ആര്?

തിരുവനന്തപുരം∙ ശബരിമല ക്ഷേത്രത്തില്‍ യുവതിപ്രവേശത്തെത്തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയ തന്ത്രിയെ മാറ്റാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടോ? നിലവില്‍ അത്തരമൊരു നീക്കമില്ലെങ്കിലും, തന്ത്രിയെ മാറ്റാന്‍ നിയമപരമായ അധികാരം ദേവസ്വം ബോര്‍ഡിനുണ്ട്. എന്നാല്‍, ദേവസ്വം ബോര്‍ഡിന്റെയോ ക്ഷേത്രങ്ങളുടേയോ കാര്യത്തില്‍ നേരിട്ട് ഇടപെടാനുള്ള അധികാരം സര്‍ക്കാരിനില്ല. ശബരിമല നട അടച്ചു ശുദ്ധിക്രിയ ചെയ്യുന്നതിനു മുന്‍പ് തന്ത്രി ദേവസ്വം ബോര്‍ഡുമായി ആലോചിക്കണമായിരുന്നുവെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന നിയമപരമായി ശരിയല്ല. ദേവസ്വം മാന്വല്‍ അനുസരിച്ച് ആചാരപരമായ കാര്യങ്ങള്‍ ചെയ്യാന്‍ തന്ത്രിക്ക് അധികാരമുണ്ട്.

∙ തന്ത്രിയെ മാറ്റാന്‍ കഴിയുമോ?

‘നിയമിക്കാന്‍ അധികാരമുണ്ടെങ്കില്‍ തന്ത്രിയെ മാറ്റാനും ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നാണ്’ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. നിയമപരമായി ഇതു ശരിയാണ്. കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ബോര്‍ഡ് മുന്‍പ് തന്ത്രിയെ മാറ്റിയിട്ടുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ ഒരു അധികാരവും സര്‍ക്കാരിനില്ല. എല്ലാം ബോര്‍ഡില്‍ നിക്ഷിപ്തമാണ്. ബോര്‍ഡിനെ നിയന്ത്രിക്കാനോ നിര്‍ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കാനോ സര്‍ക്കാരിന് നിയമപരമായി കഴിയില്ല. സ്വതന്ത്ര അധികാരങ്ങളുള്ള സ്ഥാപനമാണ് ബോര്‍ഡ്. ദേവസ്വം ബോര്‍ഡില്‍ അംഗങ്ങളായിരിക്കുന്നവര്‍ സര്‍ക്കാരിനോട് ആഭിമുഖ്യമുള്ളവരാണെങ്കില്‍ അവര്‍ വഴി തീരുമാനം നടപ്പിലാക്കാം.

ബോര്‍ഡ് അംഗങ്ങളെ ഒരിക്കല്‍ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അവര്‍ക്കെതിരെ എന്തെങ്കിലും അച്ചടക്ക നടപടിയെടുക്കാനോ പിരിച്ചുവിടാനോ സര്‍ക്കാരിനു കഴിയില്ല. നിയമനിര്‍മാണം വഴി അംഗങ്ങളുടെ കാലാവധി കുറയ്ക്കുകയോ പുതിയ ആളുകളെ നിയമിക്കുകയോ ചെയ്യാം. രാഷ്ട്രീയ ബന്ധങ്ങളുള്ളവര്‍ക്കോ, രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ നിയമപരമായി ദേവസ്വം ബോര്‍ഡില്‍ അംഗങ്ങളാകാന്‍ കഴിയില്ല.

ആദ്യകാലങ്ങളില്‍ രാഷ്ട്രീയ നിയമനം ബോര്‍ഡില്‍ നടന്നിരുന്നില്ല. ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗങ്ങളായവരെയാണ് ബോര്‍ഡില്‍ നിയമിക്കുന്നത്. ഇതിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി അടക്കമുള്ളവര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

ജോലിയില്‍ ഗുരുതരമായ വീഴ്ച വന്നാല്‍ തന്ത്രിക്കെതിരെ ദേവസ്വം ബോര്‍ഡിന് നടപടിയെടുക്കാം. തന്ത്രിയെ മാറ്റുന്നതിനു മുന്‍പ് ദേവപ്രശ്നം വച്ച് ദേവന്റെ ഹിതം നോക്കുന്ന പതിവുണ്ട്. അതിനുശേഷം തന്ത്രിക്ക് ദക്ഷിണ കൊടുത്തശേഷമാണ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുന്നത്.

പഴയ തന്ത്രി പുതിയ തന്ത്രിക്ക് ‘മൂലമന്ത്രം’ കൈമാറണം. പുതിയ തന്ത്രിയെ നിയമിക്കുന്നതിനു മുന്‍പായും ദേവപ്രശ്നം വയ്ക്കാറുണ്ട്. ശബരിമല ക്ഷേത്രത്തില്‍ താന്ത്രിക അവകാശം താഴമണ്‍ കുടുംബത്തിനാണ്. നിലവിലെ തന്ത്രിയെ ഒഴിവാക്കിയാലും താഴമണ്‍ കുടുംബത്തില്‍നിന്നുള്ള ആളെ മാത്രമേ നിയമിക്കാന്‍ കഴിയൂ.

തന്ത്രി ഉള്ള സ്ഥലങ്ങളില്‍ ആ താന്ത്രിക കുടുംബത്തില്‍‌നിന്നല്ലാതെ പുതിയ കുടുംബത്തില്‍നിന്ന് തന്ത്രിയെ നിയമിക്കാന്‍ കഴിയില്ലെന്നു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. ‘‘തന്ത്രിയില്ലാത്ത സ്ഥലങ്ങളിൽ മാത്രമേ പുതിയ തന്ത്രിയെ നിയമിക്കാന്‍ ബോര്‍ഡിന് കഴിയൂ. ഞാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കേ മംഗളാദേവി ക്ഷേത്രത്തില്‍ തന്ത്രിയെ നിയമിച്ചിട്ടുണ്ട്. ശബരിമലയിലെ സാഹചര്യം വ്യത്യസ്തമാണ്. ശബരിമലയില്‍ താഴമണ്‍ കുടുംബത്തിനാണ് താന്ത്രിക ക്രിയകള്‍ ചെയ്യാനുള്ള അവകാശം. മുന്‍പ് ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ടാണ് ശബരിമല തന്ത്രിയെ മാറ്റിയത്. പകരം നിയമിച്ചത് ആ കുടുംബത്തില്‍നിന്നുള്ള ആളെയാണ്. ക്രിമിനല്‍ക്കേസും ആചാരപരമായ പ്രശ്നങ്ങളും രണ്ടും രണ്ടായി കാണണം’ - പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.

ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ബോര്‍ഡ് തീരുമാനപ്രകാരം തന്ത്രിമാരെ നിയമിക്കാറുണ്ടെങ്കിലും ശബരിമലയില്‍ താഴമണ്‍ കുടുംബത്തില്‍നിന്നുള്ള ആളെ മാത്രമേ നിയമിക്കാന്‍ കഴിയൂ എന്ന് ബോര്‍ഡ് അധികൃതരും വ്യക്തമാക്കുന്നു. സാധാരണ ജീവനക്കാരെ പോലെ തന്ത്രിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും ബോര്‍ഡിന് കഴിയില്ല. തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരനല്ല എന്നതാണ് കാരണം. തന്ത്രിക്ക് ശമ്പളമല്ല. അലവന്‍സുകളേയുള്ളൂ.

∙ നട അടയ്ക്കാന്‍ തന്ത്രിക്ക് ബോര്‍ഡിന്റെ അനുവാദം വേണോ?

വേണ്ട എന്നാണ് ഉത്തരം. ക്ഷേത്രത്തിലെ ആചാരപരമായ കാര്യങ്ങളില്‍ അവസാനത്തെ വാക്ക് തന്ത്രിയാണ്. ശുദ്ധിക്രിയ നടത്തുന്നതിനു മുന്‍പ് തന്ത്രി ബോര്‍ഡിന്റെ അനുമതി വാങ്ങേണ്ട കാര്യമില്ല. തന്ത്രിക്ക് നട അടച്ച് ശുദ്ധിക്രിയ നടത്താന്‍ കഴിയുന്ന സന്ദര്‍ഭങ്ങളെക്കുറിച്ച് ദേവസ്വം മാന്വലിന്റെ ഒന്നാം വോളിയത്തിലെ അഞ്ച്, ആറ് ഭാഗങ്ങളില്‍ പറയുന്നുണ്ട്.

പ്രധാനപ്പെട്ടവ ഇവയാണ്: ക്ഷേത്രത്തിനുള്ളിലോ തൊട്ടടുത്തോ മരണമോ ജനനമോ ഉണ്ടായാല്‍ നട അടയ്ക്കാം. ഗ്രഹണം, ഒറ്റ കൊമ്പുള്ള മൃഗങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചാല്‍, കാക്ക കഴുകന്‍ മൂങ്ങ തുടങ്ങിയ പക്ഷികള്‍ ക്ഷേത്രത്തിനുള്ളില്‍‌ പ്രവേശിച്ചാല്‍, ഭ്രാന്തന്‍മാരോ കള്ളന്‍മാരോ പ്രവേശിച്ചാല്‍, കൊടിമരം ഒടിഞ്ഞുവീണാല്‍, ക്ഷേത്രത്തില്‍ ഇടിമിന്നലേറ്റാല്‍, വിഗ്രഹത്തില്‍ തേനീച്ച കൂട് വച്ചാല്‍, വിഗ്രഹത്തിന് രൂപമാറ്റം വന്നാല്‍, മുളകോ മല്ലിയോ വിഗ്രഹത്തില്‍ പതിച്ചാല്‍, മൂത്രമോ രക്തമോ വീണാല്‍...

ഇത്തരം സന്ദര്‍ഭങ്ങളില്‍ മേല്‍ശാന്തി തന്ത്രിയെ ഉടന്‍ വിവരമറിയിക്കണം. തന്ത്രിയോ തന്ത്രി ചുമതലപ്പെടുത്തുന്നവരോ ശുദ്ധിക്രിയകള്‍ നടത്തണം. സാമ്പത്തിക ചെലവുവരുന്ന ക്രിയകളാണെങ്കില്‍ മാത്രം ബോര്‍ഡിനെ രേഖാമൂലം അറിയിക്കണം.

ശുദ്ധിക്രിയകളെല്ലാം ബോര്‍ഡിനെ അറിയിച്ചു ചെയ്യാന്‍ കഴിയില്ലെന്നും ബോര്‍ഡ് മുന്‍ ഇന്‍സ്പെക‌്ഷന്‍ ഡപ്യൂട്ടി കമ്മിഷണര്‍ രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. ‘‘മൂന്നു മാസം മുന്‍പ് പന്തളം കൊട്ടാരത്തിലെ രാജകുടുംബാംഗം മരിച്ചപ്പോള്‍ വലിയ കോയിക്കല്‍ ക്ഷേത്രം 12 ദിവസം അടച്ചിരുന്നു. തന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ് ചെയ്തത്. എന്തു കൊണ്ട് ബോര്‍ഡ് അന്ന് വിശദീകരണം ചോദിച്ചില്ല.’’ - അദ്ദേഹം ചോദിക്കുന്നു.

∙ തന്ത്രിക്കെതിരെ നിയമ നടപടി സാധ്യമാണോ?

യുവതികള്‍ പ്രവേശിച്ചപ്പോള്‍ ശുദ്ധിക്രിയ നടത്തിയതിലൂടെ തന്ത്രി സുപ്രീംകോടതി വിധി ലംഘിച്ചതായാണ് സര്‍ക്കാര്‍ പറയുന്നത്. തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. തന്ത്രിക്കെതിരെ നിയമനടപടി സാധ്യമാണെന്ന് അ‍ഡ്വ. കാളീശ്വരം രാജ് പറയുന്നു.

സുപ്രീംകോടതി വിധിയുടെ അന്തസ്സത്തയുടെ ലംഘനമാണ് തന്ത്രി നടത്തിയിരിക്കുന്നത്. യുവതികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്നു സുപ്രീംകോടതി പറയുമ്പോള്‍ തന്ത്രി ശുദ്ധിക്രിയനടത്തുന്നത് കോടതി വിധിയുടെ ലംഘനമായേ കാണാന്‍ കഴിയൂ - അദ്ദേഹം പറയുന്നു.

നോട്ടിസിന് മറുപടി നല്‍കാന്‍ തന്ത്രിക്ക് ഈ മാസം 21 വരെ ബോര്‍ഡ് സമയം അനുവദിച്ചിട്ടുണ്ട്. തന്ത്രിയെ മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ വിവാദങ്ങളിലേക്ക് പോകാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.