പൗരത്വ നിയമ ഭേദഗതി ബിൽ ലോക്സഭ പാസാക്കി; ഭരണഘടനയ്ക്ക് എതിരെന്നു പ്രതിപക്ഷം

ന്യൂഡൽഹി∙ പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധത്തിനിടെ ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള മുസ്‍ലിം ഇതര മതവിശ്വാസികള്‍ക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള പൗരത്വ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി.

കോൺഗ്രസിന്റെയും ഇടതു കക്ഷികളുടെയും ശക്തമായ പ്രതിഷേധം മറികടന്നാണ് ലോക്സഭയിൽ ബിൽ പാസാക്കിയത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള എൻഡിഎയ്ക്കൊപ്പമുള്ള കക്ഷികളടക്കം നിയമത്തെ എതിർത്തു. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിനെതിരാണു നിയമമെന്നാണു എതിർക്കുന്നവരുടെ വാദം.

അസമിനു വേണ്ടി മാത്രമുള്ളതല്ല, മൊത്തം രാജ്യത്തിനുവേണ്ടിയാണു നിയമമെന്നു ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ക്രിസ്തുമത വിശ്വാസികളെ എന്തുകൊണ്ട് ബില്ലിൽ ഉൾപ്പെടുത്തിയെന്നാണു ചിലർ ചോദിക്കുന്നത്. പക്ഷേ ഇന്ത്യ വിഭജനത്തിന്റെ ഭാഗമായി അവരും കഷ്ടപ്പാടുകൾ‌ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവരെയും ഉൾപ്പെടുത്തിയതെന്നും രാജ്നാഥ് സിങ് ലോക്സഭയിൽ പറഞ്ഞു.

നിയമം കൊണ്ടുവരാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച അസമില്‍ ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണപരിഷത് എൻഡിഎ വിട്ടിരുന്നു. വിവാദ ബില്ലുമായി മുന്നോട്ടു പോകുകയാണെന്നു കേന്ദ്രസർക്കാർ അറിയിച്ചതുമുതൽ ശക്തമായ പ്രതിഷേധമാണ് അസമിൽ നടക്കുന്നത്. ജാതി, മത ഭേദമില്ലാതെ അനധികൃത കുടിയേറ്റക്കാർക്കെല്ലാം പൗരത്വം നിഷേധിക്കണമെന്നാണ് എജിപിയുടെ ആവശ്യം.

ഹിന്ദു, സിഖ്, പാഴ്സി, ബുദ്ധ, ജൈന, ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവർക്കാണു പ്രയോജനം. കൃത്യമായ രേഖകളില്ലെങ്കിലും അവർക്കു പൗരത്വം ലഭിക്കും. 2014 ൽ ബിജെപിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു ഇത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്, ഇന്ത്യയില്‍ ആറു വര്‍ഷം താമസിച്ചാല്‍ പൗരത്വം നല്‍കാന്‍ ഉദ്ദേശിക്കുന്നതാണ് നിയമം.