റഫാൽ അന്വേഷണത്തിൽനിന്ന് മോദിയെ രക്ഷിക്കാൻ ആർക്കുമാകില്ല: രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ റഫാൽ ഇടപാടിലെ അന്വേഷണത്തിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രക്ഷിക്കാൻ ആർക്കുമാകില്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജനങ്ങളുടെ പണമായ 30,000 കോടി രൂപ എടുത്ത് ‘സുഹൃത്ത്’ അനിൽ അംബാനിക്കു നൽകിയതിൽ ‘സംശയത്തിനിട നൽകാതെ’ എല്ലാ വിവരങ്ങളും രാജ്യത്തിന് അറിയണമെന്നും ആലോക് വർമയെ സിബിഐ ഡയറക്ടറായി പുനർനിയമിച്ച സുപ്രീം കോടതി വിധി വന്നതിനുപിന്നാലെ രാഹുൽ പറഞ്ഞു. പാർലമെന്റിനു വെളിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘റഫാൽ വിഷയത്തിൽ അന്വേഷണം നടത്താൻ ഒരുങ്ങുന്നതിനു മുന്നോടിയായി പുലർച്ചെ ഒന്നിനാണു സിബിഐ മേധാവിയെ മാറ്റിയത്. സിബിഐ മേധാവിയെ പുനർനിയമിച്ചതിനാൽ ഇനി എന്താണ് സംഭവിക്കുന്നതെന്നു കാണാം. റഫാലിൽനിന്നു പ്രധാനമന്ത്രിക്ക് ഓടിയൊളിക്കാനാകില്ല. ചർച്ചയിൽനിന്നൊക്കെ മോദി ഓടിയൊളിക്കും. ജനങ്ങളുടെ കോടതിയിൽ റഫാൽ വിഷയം ചർച്ച ചെയ്യണം. സത്യത്തിൽനിന്ന് ഓടിയൊളിക്കാൻ ആർക്കുമാകില്ല’– രാഹുൽ കൂട്ടിച്ചേർത്തു.

ഒക്ടോബർ 23നാണ് ആലോക് വർമയെ സിബിഐ മേധാവി സ്ഥാനത്തുനിന്നു നീക്കാൻ കേന്ദ്രം തീരുമാനമെടുക്കുന്നത്. ഇതിനുപിന്നാലെതന്നെ വർമ കോടതിയെ സമീപിക്കുകയായിരുന്നു.