കശ്മീരിലെ കേന്ദ്രനടപടിയില്‍ വിശ്വാസ്യതയില്ല; രാജി പ്രഖ്യാപിച്ച് ഐഎഎസ്‌ ഒന്നാം റാങ്കുകാരന്‍

ശ്രീനഗർ∙ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ജമ്മു കശ്മീരിൽനിന്നുള്ള ആദ്യ ഉദ്യോഗസ്ഥൻ ഷാ ഫൈസൽ ജോലി ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചു. സംസ്ഥാനത്തെ കൊലപാതകങ്ങളിലും സംസ്ഥാനത്തിന്റെ കാര്യത്തില്‍ വിശ്വാസ്യതയുള്ള രാഷ്ട്രീയ നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തതിനാലുമാണു രാജിയെന്ന് ഫൈസൽ പ്രതികരിച്ചു. ജോലി ഉപേക്ഷിച്ച ശേഷം രാഷ്ട്രീയത്തിൽ ചേരും.

ഐഎഎസിൽനിന്ന് രാജി വയ്ക്കാനാണു തീരുമാനം. കാശ്മീരി ജീവിതങ്ങളാണു കാര്യം–സമൂഹമാധ്യമത്തിലെ കുറിപ്പിൽ ഫൈസൽ വ്യക്തമാക്കി. 2010 ബാച്ചിലെ ഉദ്യോഗസ്ഥനായ ഫൈസൽ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ആദ്യ കശ്മീർ സ്വദേശിയാണ്. ഭാവിപരിപാടികൾ എന്തൊക്കെയെന്ന് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നും ഫൈസൽ അറിയിച്ചു. നാഷനൽ കോണ്‍ഫ്രൻസ് പാർട്ടിയില്‍ അംഗത്വമെടുത്തു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാർമുല്ലയിൽനിന്നു ജനവിധി തേടുമെന്നാണ് അറിയുന്നത്.

ഫൈസലിനെ രാഷ്ട്രീയത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല അറിയിച്ചു. ബ്യൂറോക്രസിയുടെ നഷ്ടം, രാഷ്ട്രീയത്തിന്റെ നേട്ടം, ഷാ ഫൈസലിന് സ്വാഗതമെന്ന് ഒമർ അബ്ദുല്ല ട്വീറ്റ് ചെയ്തു. അതേസമയം രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചു കൂടുതൽ പ്രതികരണങ്ങൾ നടത്തുന്നതിന് അബ്ദുല്ല വിസമ്മതിച്ചു.

കുപ്‍വാര സ്വദേശിയായ ഫൈസൽ ഒരു മാനഭംഗവാർത്തയുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തു നേരത്തേ വിവാദത്തിലായിരുന്നു. ഇതിനെ തുടർന്നു കഴിഞ്ഞ വർഷം അദ്ദേഹത്തിനു സർക്കാരിൽനിന്ന് കാരണം കാണിക്കൽ നോട്ടിസും ലഭിച്ചു. ഗുജറാത്തിൽ നീലച്ചിത്രങ്ങൾക്ക് അടിമയായ മകൻ 46 കാരിയായ അമ്മയെ മാനഭംഗപ്പെടുത്തിയ സംഭവത്തിലായിരുന്നു ഈ പ്രതികരണം. ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 35 എ റദ്ദാക്കാനുള്ള നീക്കത്തിനെതിരെയും സർവീസിലിരിക്കെ ഫൈസൽ പ്രതികരിച്ചു വിവാദത്തിലായിട്ടുണ്ട്.