കരിമണൽ ഖനനത്തിനെതിരെ അതിജീവനം തേടി ആലപ്പാട്; തോള്‍ ചേര്‍ന്ന് താരങ്ങളും

കൊല്ലം∙ ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിനെതിരെ സമരം ശക്തമാകുന്നു. അനിശ്ചിതകാല നിരാഹരസമരത്തിനൊപ്പം സമൂഹമാധ്യമങ്ങളിലൂടെയും ഖനനത്തിനെതിരെ വലിയ പ്രചാരണം നടത്തനാണു സമരസമിതിയുടെ തീരുമാനം. ഐആര്‍ഇയുടെ കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട്ടുകാര്‍ കഴിഞ്ഞ 70 ദിവസത്തോളമായി സമരത്തിലാണ്. അരനൂറ്റാണ്ടിലധികമായി തുടരുന്ന ഖനനം ഒരു ഭൂപ്രദേശത്തെ തന്നെ ഇല്ലാതാക്കുന്ന ഘട്ടത്തിലാണു നാട് ഒന്നിച്ചു സമരരംഗത്ത് എത്തിയത്.

കരിമണല്‍ ഖനനം ആലപ്പാടിനെ മാത്രമല്ല കേരളത്തിന്റെ പരിസ്ഥിതിയെ ആകെ ബാധിക്കുമെന്നും റിലേ നിരാഹാര സമരം ആരംഭിച്ചിട്ട് 70 ദിവസത്തോളമായെങ്കിലും ജനപ്രതിനിധികളാരും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. പ്രശ്നത്തില്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനം.

ആലപ്പാട്ടേക്ക് നീണ്ട് പിന്തുണക്കരങ്ങൾ

സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിങ് എന്നീ ഹാഷ്ടാഗുകളില്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാവുകയാണ് ആലപ്പാടിന്റെ ദുരിതം. ട്രോള്‍ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ വിഷയം ഏറ്റെടുത്തതോടെയാണു പ്രാദേശിക സമരം വീണ്ടും ചര്‍ച്ചയായത്. പ്രളയകാലത്ത് രക്ഷകരായവരുടെ നിലനില്‍പ്പ് തന്നെ ഇപ്പോള്‍ അപകടത്തിലാണ്. 60 വര്‍ഷമായി തുടരുന്ന ഖനനം ഒരു ഗ്രാമത്തെതന്നെ ഇല്ലാതാക്കിയിരിക്കുന്നു.

സ്വന്തം മണ്ണിനെ സംരക്ഷിക്കാന്‍ ഒരു ജനത നടത്തുന്ന സമരത്തിനു പിന്തുണയുമായി മലയാള സിനിമാ ലോകവും രംഗത്തെത്തി. ഒരു ജനത നടത്തുന്ന സമരം കാണാതെ അധികകാലം മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും വിഷയം കേരളം ഏറ്റെടുക്കണമെന്നും നടന്‍ ടൊവിനോ പറയുന്നു. സേവ് ആലപ്പാട് എന്ന ഹാഷ്ടാഗില്‍ നടക്കുന്ന ക്യാംപെയിനെക്കുറിച്ചു കണ്ടിട്ടും കേരളത്തിന്റെ മുഖ്യധാരാ പ്രശ്നമായി ഇത്ത ചര്‍ച്ചചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെയ്സ്ബുക് പേജിലൂടെയാണു പൃഥ്വിരാജ് സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയത്. ഒരു ഫെയ്സ്ബുക് പോസ്റ്റോ ഹാഷ്ടാഗോ പ്രതീക്ഷിക്കുന്ന ചലനം ഉണ്ടാക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അധികാരികള്‍ നടപടി സ്വീകരിക്കുന്നതുവരെ ശബ്ദമുയര്‍ത്തുമെന്നും പൃഥ്വിരാജ് പറയുന്നു. നടന്‍ സണ്ണി വെയ്ന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോവിലൂടെയാണ് ആലപ്പാടിനെ രക്ഷിക്കാനുളള ക്യാംപെയിന്റെ ഭാഗമായത്.

നടിമാരായ അനു സിത്താര, രജീഷ വിജയന്‍, പ്രിയാ വാരിയര്‍, ധനേഷ് ആനന്ദ്, ഫൈസല്‍ റാഫി തുടങ്ങി നിരവധി പേരും ആലപ്പാട്ടെ ജനങ്ങള്‍ക്കായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ വിജയ് ആരാധകരുടെ സംഘടനയായ കൊല്ലം നന്‍പന്‍സ് എന്ന സംഘടനയും പ്രതിഷേധവുമായി എത്തിയിരുന്നു. യൂട്യൂബിലും ആലപ്പാടുകാരുടെ ദുരിതത്തിനു പിന്തുണയുമായി നിരവധി വിഡിയോകളാണു പോസ്റ്റ് ചെയ്യുന്നത്.