പെണ്‍കുട്ടി മോഷ്ടിച്ച ഹൃദയം തിരിച്ചുവേണം: യുവാവിന്റെ പരാതിയിൽ കുഴങ്ങി പൊലീസ്

നാഗ്പൂർ∙ തന്റെ ഹൃദയം പെൺകുട്ടി മോഷ്ടിച്ചെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചു യുവാവ്. മോഷണ പരാതി സ്വീകരിക്കണമെന്നും മോഷണ മുതൽ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് ഒരു യുവാവ് നാഗ്പൂര്‍ പൊലീസിൽ പരാതി നല്‍കിയത്.  മോഷ്ടിക്കപ്പെട്ട ഹൃദയം എങ്ങനെ തിരിച്ചു നല്‍കാനാകുമെന്ന് അങ്കലാപ്പിലായ പൊലീസ് ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഉപദേശം തേടിയ ശേഷമാണു പ്രശ്നം പരിഹരിച്ചത്.

ഇത്തരം പരാതികളിൽ കേസെടുക്കാൻ ഇന്ത്യന്‍ നിയമ വ്യവസ്ഥകളിൽ വകുപ്പില്ലെന്നു പറഞ്ഞു മനസ്സിലാക്കിയാണ് നാഗ്‍പൂർ പൊലീസിലെ ഉദ്യോഗസ്ഥർ യുവാവിനെ മടക്കി അയച്ചത്. പ്രശ്നത്തിനു പരിഹാരം കാണാൻ തങ്ങൾക്കു കഴിയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ യുവാവിനെ ബോധ്യപ്പെടുത്തി. നാഗ്പൂർ പൊലീസിലെ കമ്മീഷണര്‍ ഭൂഷണ്‍ കുമാർ ഉപാദ്ധ്യായയാണ് വിചിത്രമായ പരാതി ലഭിച്ചതിനെക്കുറിച്ചു വെളിപ്പെടുത്തിയത്.

82 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ ഉടമസ്ഥര്‍ക്കു തന്നെ തിരിച്ചുകൊടുക്കാൻ സാധിച്ചിട്ടുണ്ട്. പക്ഷേ ചില സമയങ്ങളിൽ ഒരിക്കലും പരിഹരിക്കാൻ സാധിക്കാത്ത വിധത്തിലുള്ള പരാതികളായിരിക്കും പൊലീസിനു ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.