പ്രതിഷേധക്കാർക്കു തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കാനാവില്ല: പൊലീസ്

പത്തനംതിട്ട ∙ ശബരിമല യുവതീപ്രവേശ വിധിക്കെതിരെ നടന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തവര്‍ക്കു തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കാനാവില്ലെന്നു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. ശബരിമലയുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ടവരെയാണ്, മകരവിളക്ക് ഉത്സവത്തിനു മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്രയില്‍നിന്നു വിലക്കിയത്. പൊലീസിന്റെ ഉത്തരവ് ദേവസ്വം ബോര്‍ഡിനും കൈമാറി.

ശബരിമല വിധിക്കെതിരെ പത്തനംതിട്ട ജില്ലയിലുൾപ്പെടെ സംസ്ഥാനമാകെ നടന്ന സമര പരിപാടികളില്‍ പങ്കെടുത്തവര്‍ക്കും മറ്റു കേസുകളുള്ളവര്‍ക്കും ഘോഷയാത്രയെ അനുഗമിക്കാനാകില്ല. ദേവസ്വം ബോർഡ് ചുമതലപ്പെടുത്തുന്നവർ മാത്രമേ പങ്കെടുക്കാവൂ. പൊലീസുകാർ അല്ലാത്തവർക്കു പ്രത്യേകം തിരിച്ചറിയൽ കാർഡ് വേണം. ഘോഷയാത്രയെ അനുഗമിക്കുന്നവരുടെ പട്ടിക 11ന് വൈകിട്ട് നാലിനു മുമ്പായി പന്തളം സ്റ്റേഷനിൽ ഏൽപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കുന്നവർക്കുള്ള നിയന്ത്രണങ്ങളെക്കുറിച്ച് പൊലീസ് പുറപ്പെടുവിച്ച ഉത്തരവ്.

എന്നാല്‍ ഉത്തരവില്‍ പുതുമയില്ലെന്നാണു പൊലീസ് പറയുന്നത്. മുന്‍വര്‍ഷങ്ങളിലും പൊലീസ് ക്ലിയറന്‍സ് ലഭിച്ചവരെ മാത്രമേ ഘോഷയാത്രയില്‍ പങ്കെടുപ്പിച്ചിരുന്നുള്ളൂ. തിരുവാഭരണ ഘോഷയാത്രയ്ക്കു കൂടുതല്‍ സുരക്ഷ നല്‍കണമെന്നു കൊട്ടാരം ആവശ്യപ്പെട്ടതിനാലാണു നിയന്ത്രണമെന്നും പൊലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.