മുനമ്പം വഴി ഓസ്‌ട്രേലിയയ്ക്ക്‌ മനുഷ്യക്കടത്ത്: കൊടുങ്ങല്ലൂരിൽ കൂടുതല്‍ ബാഗുകള്‍

തൃശൂർ ∙ മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടു കൂടുതല്‍ ബാഗുകള്‍ കണ്ടെത്തി. കൊടുങ്ങല്ലൂർ ക്ഷേത്രപരിസരത്തു തെക്കേനടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ബാഗുകൾ. വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളുമടങ്ങിയ 50 ബാഗുകളാണു കണ്ടെത്തിയത്. ഇവയ്ക്കു മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്നാണു പൊലീസ് സംശയിക്കുന്നത്. പരിശോധന തുടരുന്നു.

മുനമ്പം തീരം വഴിയുള്ള മനുഷ്യക്കടത്തിൽ ഉൾപ്പെട്ടത് 41 അംഗ സംഘമാണെന്നാണു വിവരം. നാലു ഗര്‍ഭിണികളും നവജാതശിശുവും ഉൾപ്പെട്ട 13 കുടുംബങ്ങളിലെ അംഗങ്ങളാണ് അതീവ അപകടകരമായ അവസ്ഥയിൽ ഓസ്ട്രേലിയയിലേക്കു പുറപ്പെട്ടത്. മുനമ്പത്ത് മത്സ്യത്തൊഴിലാളികൾ ഇന്ധനം നിറയ്ക്കുന്ന പമ്പുകളിൽ നിന്ന് 10 ലക്ഷം രൂപയ്ക്ക് 12,000 ലീറ്റർ ഇന്ധനം ശേഖരിച്ചതായും സൂചനയുണ്ട്. 27 മുതൽ 33 ദിവസങ്ങൾ വരെ വേണ്ടിവരും സംഘത്തിന് ഓസ്‌ട്രേലിയൻ കരയിലെത്താൻ.