‘എന്തും സംഭവിക്കാം’: തമിഴ്‌നാട്ടില്‍ ബിജെപി സഖ്യത്തിനു സൂചന നല്‍കി പളനിസാമി

മധുര∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപിയുമായി സഖ്യത്തിലാകുമോ എന്ന ചോദ്യത്തിന് എന്തും സംഭവിക്കാമെന്ന മറുപടിയുമായി ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം. തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്തിന്റെ തെക്കൻ, കിഴക്കൻ ഭാഗങ്ങളിൽ പുതിയ സഖ്യസാധ്യതകൾ തേടുന്നുവെന്ന ബിജെപി പരസ്യമായിത്തന്നെ പറഞ്ഞിരുന്നു.

പഴയ സഖ്യകക്ഷികളെ എന്നും വിലപ്പെട്ടതായി കരുതുന്നുവെന്നും സഖ്യത്തിനായി വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണു തമിഴ്നാട്ടിലെ അണ്ണാ ഡിഎംകെയുടെ പ്രസ്താവനയും പുറത്തുവരുന്നത്.

ജനങ്ങൾക്ക് ഇഷ്ടമാകുന്ന തരത്തിലുള്ള സഖ്യം രൂപീകരിക്കുമെന്നു മധുരയിൽ നടന്ന പരിപാടിയിൽ പനീർസെൽവം പറഞ്ഞു. ഏതു തിരഞ്ഞെടുപ്പിനെ നേരിടാനും തങ്ങൾ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഡിഎംകെ – കോൺഗ്രസ് പാർട്ടികളൊഴിച്ചു മറ്റേതു പാർട്ടിയുമായും സഖ്യത്തിനു തയാറാണെന്നു ബിജെപി തമിഴ്നാട് അധ്യക്ഷ തമിഴിസൈ സൗന്ദരരാജൻ തിങ്കളാഴ്ച അറിയിച്ചു.