തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല; പുതിയ കാലത്തേക്ക് പാർട്ടിയെ സജ്ജമാക്കുക ലക്ഷ്യം: അനിൽ ആന്റണി

കൊച്ചി∙ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് എ.കെ.ആന്റണിയുടെ മകനും കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറുമായ അനില്‍ ആന്റണി. തന്‍റെ രംഗപ്രവേശം മക്കള്‍ രാഷ്ട്രീയമായി കാണേണ്ടതില്ല. പുതിയ കാലത്തിന്റെ സാങ്കേതിക സാധ്യതകള്‍ക്കനുസരിച്ചു പാര്‍ട്ടിയെ സജ്ജമാക്കുകയാണു ലക്ഷ്യമെന്നും അനില്‍ ആന്റണി പറഞ്ഞു.

കെപിസിസി ഐടി സെൽ തലവനായി കഴിഞ്ഞ ദിവസം അനിൽ ആന്റണിയെ നിയമിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തിനു മുന്നോടിയായി ചേർന്ന സ്വാഗത സംഘം യോഗത്തിലാണ് എ.കെ.ആൻറണിയുടെ മകൻ കോൺഗ്രസിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ പാർട്ടി പരിപാടിയായിരുന്നെങ്കിലും വേദിയിൽ തന്നെ ഇരിപ്പിടം കിട്ടി അനിൽ ആൻറണിക്ക്.

എംഎൽഎമാരടക്കം പാർട്ടിയിലെ പല മുതിർന്ന നേതാക്കളും സദസിൽ ഇരുന്നപ്പോഴാണ് അനിലിന് വേദിയിൽ കസേര കിട്ടിയത്. സ്വാഗതം പറഞ്ഞ ഡിസിസി പ്രസിഡന്റ് പേരെടുത്തു വിളിച്ച് അനിലിനെ ക്ഷണിക്കുകയും ചെയ്തു. രണ്ടാഴ്ച മുമ്പാണ് അനിൽ ആൻറണിയെ കെപിസിസി ഐടി വിഭാഗം കൺവീനറായി നിയമിച്ച കാര്യം പ്രസിഡന്റ് തന്നെ വാർത്താ സമ്മേളനം വിളിച്ചു പ്രഖ്യാപിച്ചത്. ഇതിനെതിരെ യുവാക്കളിൽനിന്നടക്കം വൻ പ്രതിഷേധമുയരുകയും ചെയ്തു. അതേസമയം, മകന്റെ സ്ഥാനലബ്ധിയെ പറ്റി പ്രതികരിക്കാൻ ആന്റണി ഇതുവരെ തയാറായിട്ടില്ല.