ചെറുമകന് വഴിക്കണ്ണുമായി 13 വർഷം; രാഹുലിനെ കാണാതെ മുത്തച്ഛൻ മടങ്ങി

ആലപ്പുഴ∙ദൂരൂഹസാഹചര്യത്തിൽ അപ്രത്യക്ഷനായ രാഹുലിനായുള്ള കാത്തിരിപ്പിന്റെ നോവ് ഉറ്റവർക്കു കൈമാറി മുത്തച്ഛൻ ശിവരാമപ്പണിക്കർ അന്തരിച്ചു. പതിമൂന്നു വർഷത്തോളമായി രാഹുലിനായുളള അന്വേഷണത്തിലായിരുന്നു ഈ മുത്തച്ഛൻ.

ആശ്രമം വാർഡിലെ രാഹുൽ നിവാസിൽ അമ്മയും സഹോദരിയുമുൾപ്പെടെയുളള കുടുംബാംഗങ്ങൾ വർഷങ്ങളായി രാഹുലിനെ വീണ്ടും കാണാനാകുമെന്ന പ്രതീക്ഷയിലാണ്. 2005 മേയ് 18നു വീടിനു സമീപത്തെ കളിസ്ഥലത്തു നിന്നു രാഹുലിനെ കാണാതാകുമ്പോൾ ഏഴു വയസ്സ്. വീടിനു സമീപം ക്രിക്കറ്റ് കളിക്കാൻ ഇറങ്ങിപ്പോയ രാഹുലിനെ ഇതിനിടെ കാണാതാകുകയായിരുന്നു.

കളിയുടെ ആവേശത്തിനിടയിൽ ഇടയ്ക്കു വെള്ളം കുടിച്ച് ‘ഇപ്പോ വരാം’ എന്നു പറഞ്ഞ് ഓടിപ്പോയതായിരുന്നു രാഹുൽ. കാണാതാകുമ്പോൾ തോണ്ടൻകുളങ്ങര ടൈനിടോട്സ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഒക്ടോബർ 21  പിറന്നാൾ ദിനം കണക്കാക്കുമ്പോൾ രാഹുലിന് ഇപ്പോൾ 21 വയസുണ്ടാകും.

രാഹുലിനെ കാത്തിരിക്കുന്നവരിൽ അമ്മ മിനിരാജുവും കുവൈത്തിലുള്ള അച്ഛൻ രാജുവും സഹോദരി ശിവാനിയുമുണ്ട്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് അവസാനിപ്പിച്ചതിനിടെ സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നു. അതു പ്രതീക്ഷയേകിയെങ്കിലും ലോക്കൽ പൊലീസിന്റെ അന്വേഷണത്തിന് അപ്പുറത്തേയ്ക്കു പുതുതായി ഒന്നും കണ്ടെത്താനായില്ല.

അഞ്ചു വർഷം മുൻപു സിബിഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയി‍ൽ ​അന്വേഷണം അവസാനിപ്പിച്ചു റിപ്പോർട്ട് നൽകി. രാഹുലിന്റെ മുത്തച്ഛൻ ശിവരാമപ്പണിക്കർ ഇതിനെതിരെ ഹർജി നൽകിയെങ്കിലും സിബിഐ പിൻവാങ്ങുകയായിരുന്നു.