ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലം മാറ്റി; സിസ്റ്റര്‍ അനുപമ പഞ്ചാബിലേക്ക്‌

കോട്ടയം∙ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനക്കേസിൽ നടപടിക്കായി സമരം ചെയ്ത 5 കന്യാസ്ത്രീകളെ മിഷണറീസ് ഓഫ് ജീസസ് സ്ഥലം മാറ്റി. കഴിഞ്ഞ മാർച്ചിൽ ഇവരെ സ്ഥലം മാറ്റിയെങ്കിലും ആരും നിർദേശം പാലിച്ചില്ല. മാർച്ചിലെ ഉത്തരവ് പാലിച്ചില്ലെങ്കിൽ സഭാ ചട്ട ലംഘനത്തിനു നടപടി എടുക്കേണ്ടി വരുമെന്ന നിർദേശത്തോടെയാണ് ഇപ്പോൾ വീണ്ടും ഉത്തരവു നൽകിയിരിക്കുന്നത്. സ്ഥലംമാറ്റം പ്രതികാര നടപടിയെന്നു സിസ്റ്റർ അനുപമ പ്രതികരിച്ചു. നിയമപരമായി നേരിടും. പരാതിക്കാരിയെ ഒറ്റയ്ക്കാക്കി പോകില്ലെന്നും അവർ പറഞ്ഞു.

സമര നേതാവ് സിസ്റ്റർ അനുപമ, സിസ്റ്റർമാരായ ആൻസിറ്റ, ജോസഫിൻ, ആൽഫി, നീനറോസ് എന്നിവരെയും സ്ഥലംമാറ്റി. അതേസമയം പരാതിക്കാരിയായ കന്യാസ്ത്രീക്കു സ്ഥലംമാറ്റമില്ല. 5 പേരെയും വെവ്വേറെ സ്ഥലങ്ങളിലേക്കാണു മാറ്റിയത്. സമരനേതാവ് സിസ്റ്റർ അനുപമയ്ക്ക് പഞ്ചാബിലേക്കാണു മാറ്റം. ജോസഫിൻ, ആൻസിറ്റ, ആൽഫി എന്നിവർക്കു യഥാക്രമം ജാർഖണ്ഡ്, കണ്ണൂർ‌, ബിഹാർ എന്നിവിടങ്ങളിലേക്കാണു മാറ്റം.