നിഗൂഢം ഡൽഹിയിലെ മദ്രാസി കോളനി; മനുഷ്യക്കടത്തിന്റെ അറിയാ വഴികളിലൂടെ...

സ്ഥിരീകരണങ്ങളില്ലെങ്കിലും നാടുവിട്ടവർ ഓസ്ട്രേലിയയിലേക്കു പോയതാണെന്നു നാട്ടുകാരിൽ ചിലർ രഹസ്യമായി സമ്മതിക്കുന്നു. യുവാക്കളാണ് മുൻകയ്യെടുത്തതെങ്കിലും പോയതു കുടുംബമായാണ്. പ്രായമായവർ മുതൽ കൊച്ചുകുട്ടികളെയും കൂട്ടി വരെ പോയവർ ഏറെ. 

മുനമ്പത്തെ മനുഷ്യക്കടത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ മനോരമ ഓൺലൈൻ നടത്തിയ അന്വേഷണത്തിൽ നിന്ന്...

തീ കായുന്ന പെണ്ണുങ്ങളും വട്ടംകൂടി നിന്നു പുകയ്ക്കുന്ന ആൺകൂട്ടങ്ങളുമുണ്ടായിരുന്നു അവിടവിടെ. ആൾത്തിരക്കിലമർന്ന അംബേദ്ക്കർ നഗർ കോളനിയിലേക്കു തിരിഞ്ഞു മുന്നോട്ടുചെന്നാ‍ൽ, സെൻട്രൽ മാർക്കറ്റ്. അവിടെ എത്തുന്നതിനു മുമ്പു കഷ്ടിച്ചു രണ്ടാൾക്കു മാത്രം ഒന്നിച്ചു നടക്കാവുന്നത്ര വീതിയിൽ ഒരു വഴിയുണ്ട്. എച്ച് വൺ ബ്ലോക്കിലേക്കുള്ള വഴി. ആ വഴി ചെന്നിറങ്ങുന്നിടത്താണു മദ്രാസി കോളനി. ഇവിടെ നിന്നു നൂറുകണക്കിനു പേർ മുനമ്പം വഴി ഓസ്ട്രേലിയയിലേക്കു പോയതെന്ന റിപ്പോർട്ടുകളെത്തുടർന്നു കോളനിയെക്കുറിച്ചറിയാൻ ചെന്നതായിരുന്നു ഞങ്ങൾ.

സൗത്ത് ഡൽഹിയിലെ ഏറ്റവും കുപ്രസിദ്ധമായ ഗലികളിൽ ഒന്നായതിനാലാവും അവിടെ ചെല്ലുമ്പോഴും മുന്നോട്ടു നീങ്ങുമ്പോഴും കാണുന്നവരെല്ലാം നമ്മെ തുറിച്ചുനോക്കുന്നതായി തോന്നും. അതുകൊണ്ടു തന്നെ ആദ്യമാദ്യം ആരോടും സംസാരിക്കാൻ തോന്നിയില്ല. കഴിഞ്ഞില്ലെന്നതാണ് സത്യം. പതിയെ പലരോടും അടുക്കാൻ ശ്രമിച്ചപ്പോഴെല്ലാം തറപ്പിച്ചൊരു ചോദ്യം വന്നു– ക്യാ ഹുവാ ? ക്യാ ചാഹിയേ ? ഒഴിവുകഴിവുകൾ പറഞ്ഞു പിന്നെയുംകാത്തു നിന്നു. ലോകത്തെവിടെയും കാണുന്നൊരു മലയാളിയെ കണ്ടുകിട്ടാൻ...

പലഹാരമുണ്ടാക്കി സൈക്കിളിൽ വിൽക്കാൻ പോകുന്നയാളെ കണ്ടത് അവിടെ വച്ചാണ്. സഞ്ചിയിലെ തമിഴ് കണ്ടാണ് അടുത്തു ചെന്നതും സംസാരിച്ചതും. പേര് രാജു. 10 വർഷമായി കോളനിയിലുണ്ട്. അയാൾക്കാകെ അറിയാവുന്നത് നാട്ടുകാർ പറഞ്ഞതു മാത്രമാണ്. കുറേപേർ ഓസ്ട്രേലിയയ്ക്കു പോയി. വീടെല്ലാം വിറ്റുപോയി. പത്തുനൂറു പേരുണ്ട്. കൂടുതലറിയാ‍ൻ ശ്രമിച്ചെങ്കിലും അയാൾക്കു കൂടുതലൊന്നും പറയാനുണ്ടായിരുന്നില്ല. നടന്ന വഴികളിലൂടെ വീണ്ടും വീണ്ടും നടന്നുകൊണ്ടേയിരുന്നു.

മുന്നിൽ നടന്ന ഫൊട്ടോഗ്രഫർ സിബി മാമ്പുഴക്കരിയുടെ അടുത്തേക്ക് ഒരാൾ ചെല്ലുന്നതു കണ്ടു. എന്തൊക്കെയോ സംസാരിച്ചു. ഓടി അടുത്തുള്ളൊരു വീട്ടിലേക്കു പോയ തക്കത്തിൽ സിബി നടന്നകന്നു. മുന്നോട്ടെത്തുമ്പോഴേക്കും അയാളൊരു പൊതിക്കവറുമായി വന്നു. സിബിയെ വിളിക്കാൻ ശ്രമിച്ചിരുന്നു... ഒന്നുമറിയാത്ത ഭാവത്തിൽ മുന്നോട്ടുനീങ്ങി...കഞ്ചാവ് വേണോ എന്ന ചോദ്യവുമായി അടുത്തുകൂടിയതായിരുന്നു അയാളെന്നു സിബി പറയുമ്പോഴേക്കു കോളനിയുടെ ചിത്രം ഏതാണ്ടൊക്കെ മനസ്സിൽ തെളിഞ്ഞിരുന്നു. കഞ്ചാവ് മാത്രമല്ല, കോളനിയുടെ ഇടുങ്ങിയവഴികളിൽ നോട്ടമെറിഞ്ഞു നിന്ന പലരും പലവിധ ചോദ്യങ്ങളും നൽകാനുണ്ടായിരുന്നു.

ഏറെക്കാത്തു നിന്നു സ്ഥലം മുൻപരിചയമുള്ള മറ്റൊരു സുഹൃത്തിനൊപ്പം സി വൺ, ഇ വൺ ബ്ലോക്കുകളിലേക്കു കൂടി പോയി. അതും അംബേദ്ക്കർ കോളനിയുടെ ഭാഗമാണ്. എച്ച് വൺ ബ്ലോക്കു പോലെ നിഗൂഢമല്ല ഇവിടം. സ്കൂളിന്റെ നിഴൽ വീണുകിടന്ന വഴിയിലൂടെ കോളനിയിലേക്ക് എത്തി. അവിടെ, മൈതാനമുണ്ട്. കുട്ടികൾ ഓടിച്ചാടി കളിക്കുന്നു. അങ്ങിങ്ങു നിന്നവരുടെ അടുത്തേക്ക് ചെന്നു. സംസാരിച്ചു. ആളെണ്ണം കൂടി വന്നു.

കേരളത്തിൽ നിന്നുള്ളവരാണെന്നറിഞ്ഞപ്പോൾ അവർക്കറിയേണ്ടത്, ഓസ്ട്രേലിയയ്ക്കു പോയവരെക്കുറിച്ചാണ്. അവരെക്കുറിച്ചറിയാനാണു ഞങ്ങൾ വന്നതെന്നു പറഞ്ഞപ്പോൾ ഞങ്ങൾക്കൊന്നുമറിയില്ലെന്നവർ. ഏറെനേരം നിന്നു അടുപ്പമുണ്ടാക്കുന്നതിനിടയിൽ അവർ ചോദിച്ചു: അവരവിടെ എത്തിയോ? ബോട്ട് മറിഞ്ഞെന്നൊരു വാർത്ത വന്നിരുന്നല്ലോ? സത്യമാണോ അത്? ആരാണ് പോയതെന്ന് അറിയില്ലെന്നു പറയുമ്പോൾ, തന്നെ ചില ആശങ്കകൾ അവരുടെ ഉള്ളിലുണ്ടെന്നുറപ്പായി.

പൂജ കഴിക്കാനും നാട്ടിൽ ഉൽസവത്തിനെന്നും ക്ഷേത്ര ദർശനത്തിനെന്നും പറഞ്ഞുമെല്ലാം ഒട്ടേറെ കുടുംബങ്ങൾ ഇവിടെനിന്നു പോയിട്ടുണ്ടെന്നതു സത്യമാണ്. അതിൽ തമിഴരും ആന്ധ്രാപ്രദേശുകാരും കർണാടകക്കാരുമെല്ലാമുണ്ട്.

സ്ഥിരീകരണങ്ങളില്ലെങ്കിലും നാടുവിട്ടവർ ഓസ്ട്രേലിയയിലേക്കു പോയതാണെന്നു നാട്ടുകാരിൽ ചിലർ രഹസ്യമായി സമ്മതിക്കുന്നു. യുവാക്കളാണു മുൻകയ്യെടുത്തതെങ്കിലും പോയതു കുടുംബമായാണ്. പ്രായമായവർ മുതൽ കൊച്ചുകുട്ടികളെയും കൂട്ടി വരെ പോയവർ ഏറെ. പലരും വീടുംസ്ഥലവുമെല്ലാം വിറ്റതിന്റെയും മറ്റും വിവരങ്ങളും പുറത്തുവരുന്നതേയുള്ളു. ഏജന്റുമാർക്കു പണം നൽകാനായിരുന്നു ഇത്. 5 ലക്ഷം രൂപ വരെ നൽകിയവരുണ്ട്. ഏതാനും വർഷം മുമ്പു സമാനരീതിയിൽ കടൽമാർഗം ഓസ്ട്രേലിയയിൽ പോയി ചിലർ രക്ഷപ്പെട്ടിരുന്നു. അതാവും പ്രചോദനം. – ഒരാൾ പറഞ്ഞു.

എളുപ്പത്തിൽ പണം കിട്ടുമെന്ന പ്രതീക്ഷ മാത്രമല്ല, അനധികൃതമാർഗത്തിലൂടെയായാലും ഇവിടം വിടണമെന്ന് ആഗ്രഹിക്കുന്നതിൽ ഒരുപങ്ക് ഈ കോളനിക്കും ഉണ്ട്. തോട്ടിപ്പണി അടക്കമുള്ള കൂലിപ്പണി ചെയ്യുന്നവരാണ് ഏറെയും. തുച്ഛമായ ശമ്പളം ഒരു ഭാഗത്തു വില്ലനാവുമ്പോൾ മറുഭാഗത്തു സ്വസ്ഥ ജീവിതം നഷ്ടപ്പെടുന്നതിന്റെ ആധിയുണ്ട്. ഇക്കഴിഞ്ഞ ക്രിസ്മസ് പിറ്റേന്ന് കോളനിയിൽ ഒരു പൊലീസുകാരനു കുത്തേറ്റു. കവർച്ച തടയാൻ നടത്തിയ ശ്രമത്തിനിടയിലായിരുന്നു ഇത്. കൊലപാതകവും കവർച്ചയും കഞ്ചാവ് ഇടപാടുകളും പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമവും ആവർത്തിക്കുന്നൊരു സ്ഥലത്ത് ഏതു കുടുംബത്തിനാണു സ്വസ്ഥതയുണ്ടാവുക. അടക്കം പറഞ്ഞിട്ടാണെങ്കിലും തമിഴ്നാട്ടിൽനിന്ന് ഇവിടെയെത്തിയ ചിലർ ഞങ്ങളോട് ആ ആധിയും പങ്കുവച്ചു.

ഒന്നോ രണ്ടോ പേരോടു സംസാരിച്ചു തുടങ്ങിയത് എത്ര പെട്ടെന്നൊരു ആൾക്കൂട്ടമായി. ഏറെനേരം സംസാരിച്ചുകഴിഞ്ഞപ്പോൾ അവരിൽ ചിലർ ഞങ്ങളെ ചായയ്ക്കു ക്ഷണിച്ചു. ചിലർ വീട്ടിലേക്കു കയറിയിരുന്നു സംസാരിക്കാമെന്നും. നോക്കുക, ആദ്യപരിചയത്തിൽ അതിനിഗൂഢമായൊരു കോളനിയായി ഞങ്ങൾ കണ്ട സ്ഥലത്തുനിന്നാണ് സ്നേഹത്തിന്റെ ആ വിളി. ചിലരുടെ ചെയ്തികൾ ഒരു ജനതയെ തന്നെ അസ്വസ്ഥമാക്കുന്നു. അതിൽനിന്നവർ രക്ഷപ്പെടാൻ വഴികൾ തേടുന്നു. ശരിയുടെ വഴിയാണോ എന്ന ആലോചന പോലുമില്ലാതെ.