മാന്ദാമംഗലം പള്ളിത്തർക്കം: കല്ലേറിൽ മെത്രാപ്പൊലീത്ത ഉൾപ്പെടെ ഇരുപതോളം പേർക്കു പരുക്ക്

മാന്ദാമംഗലം (തൃശൂർ) ∙ അവകാശത്തർക്കം നടക്കുന്ന സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രാത്രി 11.15ന് കല്ലേറും സംഘർഷവും. ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ മിലിത്തിയോസ് ഉൾപ്പെടെ ഇരുപതോളം പേർക്കു പരുക്ക്. ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയതായും പറയുന്നു. പള്ളിക്കുള്ളിൽ പ്രാർഥന നടത്തുകയായിരുന്ന യാക്കോബായ സഭാംഗങ്ങൾക്കും പുറത്ത് പ്രാർഥനായജ്ഞത്തിൽ പങ്കെടുത്തിരുന്ന ഓർത്തഡോക്സ് സഭാംഗങ്ങൾക്കും കല്ലേറിൽ  പരുക്കേറ്റു. പള്ളിക്കു മുന്നിലുണ്ടായിരുന്ന ഓർത്തഡോക്സ് സഭാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

പരുക്കേറ്റ മാർ മിലിത്തിയോസ്, തോമസ് പോൾ റമ്പാൻ, ഫാ. മത്തായി പനംകുറ്റിയിൽ, ഫാ. പ്രദീപ്, ഫാ. റെജി മങ്കുഴ, രാജു പാലിശേരി, ജോൺ വാഴാനി, എൽദോ എന്നിവരെ കുന്നംകുളം അടുപ്പൂട്ടി മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓർത്തഡോക്സ് സഭാംഗങ്ങളായ പി.ടി. വർഗീസ് (67), ബേസിൽ സജൻ (20), പെരുമാരിയിൽ ബാബു (47), സജൻ (48), യാക്കോബായ സഭാംഗങ്ങളായ പന്തപ്പിള്ളിൽ ബാബു (52), ചൊള്ളക്കുഴിയിൽ ബിജു (48), ചൊള്ളക്കുഴിയിൽ ഷാജു (43), മീൻകുഴിക്കൽ ജെയിംസ് (53), പന്തപ്പള്ളിൽ ആൽബിൻ (25) എന്നിവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിയുടെ ചില്ലുകൾ കല്ലേറിൽ തകർന്നിട്ടുണ്ട്. ഗേറ്റും തകർത്തു. എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. പള്ളിക്കു പുറത്ത് ഓർത്തഡോക്സ് സഭാംഗങ്ങൾ പ്രാർഥന നടത്തിയിരുന്ന പന്തൽ പൊലീസ് അഴിച്ചുമാറ്റി.

രാത്രി മറുഭാഗത്തുനിന്ന് അപ്രതീക്ഷിതമായി കല്ലേറുണ്ടായതായി ഇരുവിഭാഗവും ആരോപിക്കുന്നു. സംഘർഷാവസ്ഥയായിട്ടും സ്ഥലത്തു പൊലീസ് ക്യാംപു ചെയ്യുകയോ കാവൽ ഏർ‌പ്പെടുത്തുകയോ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ സംഭവം നടന്നു 15 മിനിറ്റിനു ശേഷവും പൊലീസ് സഹായം ലഭ്യമായില്ല. ഇരുട്ടിൽ പലരും ചിതറിയോടി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഓർത്തഡോക്സ് സഭ കോട്ടയം മെത്രാസന സെക്രട്ടറി ഫാ. പി.കെ. കുര്യാക്കോസ് ആവശ്യപ്പെട്ടു.

സുപ്രീം കോടതി  വിധി പ്രകാരം പള്ളിയിൽ കയറി പ്രാർഥന നടത്തണമെന്നാവശ്യപ്പെട്ട് ബുധൻ രാവിലെയാണ്  മാർ മിലിത്തിയോസിന്റെ നേതൃത്വത്തിൽ ഒരു സംഘം പള്ളിക്കു മുന്നിൽ പ്രാർഥനായജ്ഞം ആരംഭിച്ചത്. യാക്കോബായ സഭക്കാർ പ്രധാന ഗേറ്റ് പൂട്ടി പള്ളിക്കുള്ളിൽ പ്രാർഥനായജ്ഞം നടത്തിവരികയായിരുന്നു.